Breaking NewsNEWS

ഗുജറാത്ത് വോട്ടെടുപ്പ് ഡിസംബര്‍ ഒന്നിനും അഞ്ചിനും, വോട്ടെണ്ണല്‍ എട്ടിന്

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് രണ്ടു ഘട്ടമായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഡിസംബര്‍ ഒന്നിന് ഒന്നാം ഘട്ട വോട്ടെടുപ്പും അഞ്ചിന് രണ്ടാം ഘട്ട വോട്ടെടുപ്പും നടക്കും. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. ഡല്‍ഹിയില്‍ ഉച്ചയ്ക്ക് 12 മണിയോടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ രാജിവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതൃസംസ്ഥാനമായ ഗുജറാത്തില്‍ കാല്‍നൂറ്റാണ്ടായി ബി.ജെ.പിയാണ് അധികാരത്തിലെങ്കിലും, തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു സംഭവിച്ച മോര്‍ബി തൂക്കുപാല ദുരന്തം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. അഴിമതയും കെടുകാര്യസ്ഥതയുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന ആരോപണവുമായി പ്രതിപക്ഷവും സജീവമാണ്.

Signature-ad

ആകെ 182 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 92 സീറ്റുകള്‍. 2017 ലെ വാശിയേറിയ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 99 സീറ്റുകളും കോണ്‍ഗ്രസിന് 77 സീറ്റുകളുമാണ് ലഭിച്ചത്. മറ്റുപാര്‍ട്ടികള്‍ക്ക് ആറു സീറ്റുകളും ലഭിച്ചു. തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് അംഗങ്ങളില്‍ ചിലര്‍ പലപ്പോഴായി ബി.ജെ.പിയിലേക്കു ചേക്കേറിയതോടെ നിലവില്‍ ബി.ജെ.പിക്ക് 111 സീറ്റുകളാണുള്ളത്. കോണ്‍ഗ്രസിന് 62 സീറ്റുകളും മറ്റുള്ളവര്‍ക്ക് നാലു സീറ്റുകളുമുണ്ട്. അഞ്ച് സീറ്റുകള്‍ നിലവില്‍ ഒഴിഞ്ഞുകിടക്കുകയാണ്.

 

 

 

Back to top button
error: