LocalNEWS

ബസ് സ്റ്റാന്‍ഡില്‍ പരസ്യ മദ്യപാനം, പോലീസിന് തെറിയഭിഷേകം; കൊല്ലം സ്വദേശി മലപ്പുറത്ത് പിടിയില്‍

മലപ്പുറം: വേങ്ങര ബസ് സ്റ്റാന്‍ഡിലിരുന്ന് മദ്യപിച്ച് പോലീസിനെ അധിക്ഷേപിച്ചയാള്‍ അറസ്റ്റില്‍. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി മധുസൂദനന്‍പിള്ളയാണ് പിടിയിലായത്. അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ ആക്രമിക്കാനും ഇയാള്‍ ശ്രമിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരാഴ്ച്ച മുന്‍പ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ മധുസൂദന പിള്ള കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. തുടര്‍ന്നായിരുന്നു ബസ് സ്റ്റാന്‍ഡിലെ പരാക്രമം.

Signature-ad

കയ്യില്‍ മദ്യക്കുപ്പിയുമായി ഇയാള്‍ പോലീസിനെ അധിക്ഷേപിച്ച് സംസാരിക്കുന്ന വീഡിയോ പ്രചരിച്ചതോടെ വേങ്ങര പോലീസ് സ്വമധയാ കേസെടുത്തു. തുടര്‍ന്ന് അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ അക്രമിച്ച് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

വേങ്ങര കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറവില്‍പ്പന നടത്തിയ സംഭവങ്ങളില്‍ ഇയാള്‍ മൂന്ന് തവണ അറസ്റ്റിലായിട്ടുണ്ട്. കൂടാതെ മൂന്ന് കളവ് കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. കല്ലുവാതുക്കല്‍ സ്വദേശിയായ മധുസൂദനന്‍പിള്ള 35 വര്‍ഷമായി മലപ്പുറത്താണ് താമസം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Back to top button
error: