പൊലീസ് സ്റ്റേഷന്‍ ഔദ്യോഗിക രഹസ്യനിയമപ്രകാരമുള്ള നിരോധിത പ്രദേശം അല്ലെന്ന് ബോംബെ ഹൈക്കോടതി. പൊലീസ് സ്റ്റേഷനുള്ളില്‍ വിഡിയോ ചിത്രീകരിക്കുന്നത് കുറ്റകൃത്യമല്ലെന്ന് ജസ്റ്റിസുമാരായ മനീഷി പാട്ടാളെയും വാല്‍മികി മെനിസസും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പൊലീസ് സ്റ്റേഷനുള്ളില്‍ വിഡിയോ ചിത്രീകരിച്ചെന്ന് ആരോപിച്ച് രവീന്ദ്ര ഉപാധ്യായ എന്നയാള്‍ക്കെതിരെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. നിരോധിത പ്രദേശങ്ങളിലെ ചാരപ്രവര്‍ത്തനത്തെക്കുറിച്ചാണ് ഔദ്യോഗിക രഹസ്യ നിയമത്തിന്റെ മൂന്ന്, രണ്ട് (എട്ട്) വകുപ്പുകളില്‍ പറയുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമത്തില്‍ നിര്‍വചിച്ച പ്രകാരം പൊലീസ് സ്റ്റേഷന്‍ നിരോധിത പ്രദേശമല്ലെന്ന് കോടതി പറഞ്ഞു.
നിരോധിത പ്രദേശങ്ങള്‍ ഏതൊക്കെയെന്ന് നിയമത്തില്‍ വ്യക്തമായും നിര്‍വചിക്കുന്നുണ്ട്. പൊലീസ് സ്റ്റേഷന്‍ അതിന്റെ പരിധിയില്‍ വരില്ല. അതുകൊണ്ടുതന്നെ പ്രതിക്കെതിരെ ചുമത്തിയിട്ടുള്ള ഒരു കുറ്റവും നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു.
അയല്‍വാസിയുമായുള്ള തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ഉപാധ്യായ ഭാര്യയ്ക്കൊപ്പം വാര്‍ധ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഉപാധ്യായ പരാതി നല്‍കുന്നതിനിടെ അയല്‍വാസി കൗണ്ടര്‍ പരാതി നല്‍കി. ഇതെല്ലാം ഉപാധ്യായ ഫോണില്‍ ചിത്രീകരിക്കുന്നതു കണ്ടാണ് പൊലീസ്, ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.