പാലക്കാട്: ഉപയോഗിച്ചസ്‌കൂട്ടര്‍ സാമൂഹികമാധ്യമത്തിലൂടെ വാങ്ങാനുള്ള ശ്രമത്തില്‍ വ്യാപാരിയുടെ 21,000 രൂപ നഷ്ടമായി. നെന്മാറ വല്ലങ്ങിയിലെ വ്യാപാരിയായ മാത്തുക്കുട്ടിക്കാണ് തുക നഷ്ടമായത്.
വില്‍പ്പനയ്ക്കാണെന്നുപറഞ്ഞ് സ്‌കൂട്ടറിന്റെ ചിത്രവും മൊബൈല്‍ നമ്പറും ഫേസ്ബുക്കില്‍ കണ്ടാണ് മാത്തുക്കുട്ടി ബന്ധപ്പെട്ടത്. സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂട്ടറിന് 18,000 രൂപ നിശ്ചയിച്ചു. ഹിന്ദിയില്‍ സംസാരിച്ചയാള്‍ സ്‌കൂട്ടറിന്റെ ചിത്രങ്ങളും കോഴിക്കോട് രജിസ്ട്രേഷനുള്ള വാഹനത്തിന്റെ രേഖകളും വില്‍ക്കുന്നയാളുടെ തിരിച്ചറിയല്‍രേഖയും ചിത്രവും ഉള്‍പ്പെടെ മാത്തുക്കുട്ടിയുടെ വാട്‌സാപ്പ് നമ്പറിലേക്ക് അയച്ചു.
ഇത് വിശ്വസിച്ച് മാത്തുക്കുട്ടി 4000 രൂപ ഗൂഗിള്‍പേ വഴി നല്‍കി. അടുത്തദിവസം വാഹനം കയറ്റി അയച്ചതിന്റെ രേഖകളും ലഭിച്ചപ്പോള്‍ ബാക്കി തുകയായ 14,000 രൂപകൂടി നല്‍കുകയായിരുന്നു.
ആഴ്ചകള്‍ കഴിഞ്ഞിട്ടും വാഹനം ലഭിക്കാതായതോടെ വീണ്ടും അതേ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ഡെലിവറി തുകയായി 8000 രൂപകൂടി നല്‍കണമെന്നാവശ്യപ്പെട്ടു. തരാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ 4000 രൂപയെങ്കിലും നല്‍കി അന്നുതന്നെ വാഹനം കൈപ്പറ്റണമെന്നും അറിയിച്ചു. ഈ തുക നല്‍കിയെങ്കിലും വാഹനം ലഭിച്ചില്ല. തുടര്‍ന്ന് മറ്റൊരാളുടെ നമ്പറില്‍നിന്ന് വാഹനം വാങ്ങാനെന്നരീതിയില്‍ വിളിച്ചപ്പോള്‍ ഇതേ ചിത്രങ്ങളും രേഖകളും അയച്ചുകൊടുത്തപ്പോഴാണ് തട്ടിപ്പാണെന്നു മനസ്സിലായത്. തുടര്‍ന്ന്, പാലക്കാട് സൈബര്‍ സെല്ലില്‍ പരാതിനല്‍കി.