NEWS

പോലീസ് സേനയ്ക്കകത്തെ ഒറ്റപ്പെട്ട തെറ്റായ വാസനകളെ അനുവദിച്ചുകൊടുക്കുവാനാകില്ലെന്ന്  മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച പൊലീസിങ് നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പോലീസ് സേനയ്ക്കകത്തെ ഒറ്റപ്പെട്ട തെറ്റായ വാസനകളെ അനുവദിച്ചുകൊടുക്കുവാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ വ്യത്യസ്തവും ജനകീയവുമായ പൊലീസിങ് നയത്തിന്റെ ഭാഗമായാണ് ഈ നേട്ടം. ഈ നയങ്ങളെയും ഖ്യാതിയെയും അട്ടിമറിക്കാന്‍ നടക്കുന്ന ഒറ്റപ്പെട്ട ചില ശ്രമങ്ങളെ അംഗീകരിക്കാനോ സേനയ്ക്കകത്തെ ഒറ്റപ്പെട്ട തെറ്റായ വാസനകളെ അനുവദിച്ചുകൊടുക്കുവാനോ സര്‍ക്കാര്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനമായി കേരളം മാറിയത് ഇച്ഛാശക്തിയോടെയുള്ള സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ടാണ്. കുറ്റാന്വേഷണ മികവില്‍ കേരളാപോലീസ് രാജ്യത്ത് ഒന്നാമതാണ്. കാര്യക്ഷമതയുടെ കാര്യത്തിലും ബഹുദൂരം മുന്നിലാണ്. വര്‍ഗീയധ്രുവീകരണ ശ്രമങ്ങള്‍ നടന്നപ്പോഴൊക്കെയും മതനിരപേക്ഷതയുയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇടപെടാന്‍ പൊലീസിന് കഴിഞ്ഞു. ദുരന്തനിവാരണ-രക്ഷാപ്രവര്‍ത്തന രംഗത്തും പൊലീസ് ജനങ്ങളോട് കൈകോര്‍ത്തു.

നേട്ടങ്ങളുടെ വലിയ പട്ടികയുള്ളപ്പോഴും പൊലീസിന്റെ യശസ്സിന് ചേരാത്ത ചില സംഭവങ്ങള്‍ ഉണ്ടാകുന്നു എന്നത് ഗൗരവതരമായ വിഷയമാണ്. അത്തരം ഒറ്റപ്പെട്ട കൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ കേരള പൊലീസിന് അവമതിപ്പുണ്ടാക്കുകയാണ്.

Signature-ad

 

 

അവരോട് ഒരു ദാക്ഷിണ്യവും കാണിക്കില്ല. കുറ്റമറ്റ അന്വേഷണം ഉറപ്പാക്കും. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് സേനയില്‍ സ്‌ഥാനമുണ്ടാകില്ല. പരമാവധി ശിക്ഷണ നടപടികളുണ്ടാവും.മികച്ച റെക്കോര്‍ഡുള്ള കേരള പൊലീസിനെ പൊതുജന മധ്യത്തില്‍ തരംതാഴ്ത്തുന്ന ഏത് നീക്കങ്ങളെയും കര്‍ക്കശമായി നേരിടും. ജനകീയ മുഖവും സ്വഭാവവുമാണ് പൊലീസിന് വേണ്ടത്. അതിനെ അപകീര്‍ത്തിപ്പെടുത്തുന്ന ശ്രമങ്ങളെ വെച്ചുപൊറുപ്പിക്കില്ല-പിണറായി വിജയൻ പറഞ്ഞു.

Back to top button
error: