Breaking NewsKeralaLead NewsNEWSpolitics

തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വിവി രാജേഷിന്റെ പേര് വെട്ടാൻ ബിജെപി നേതൃത്വം? പകരം ആർ ശ്രീലേഖ, പദ്മിനി തോമസ് പേരുകൾ പരി​ഗണനയിൽ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണ തിരുവനന്തപുരം കോർപ്പറേഷനിൽ വിവി രാജേഷിന്റെ പേര് വെട്ടാൻ ബിജെപി നേതൃത്വം തീരുമാനിച്ചതായി സൂചന. പൂജപ്പുരയിൽ ഇക്കുറി രാജേഷ് വേണ്ടെന്ന് ഇതിനകം ഒരു വിഭാഗം നേതാക്കൾ ആവശ്യം ഉന്നയിച്ചുകഴിഞ്ഞ സാഹചര്യത്തിലാണ് ഈ നടപടിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. രാജേഷിനുപകരം സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് പദ്മിനി തോമസ്, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥ ആർ ശ്രീലേഖ എന്നിവരിൽ ആരെയെങ്കിലും ഒരാളെ മത്സരിപ്പിക്കുന്നതാകും ഉചിതം എന്നു കഴിഞ്ഞ ദിവസം മാരാർജി ഭവനിൽ ചേർന്ന യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു.

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം, ചില ഒത്തുതീർപ്പ് വ്യവസ്ഥകൾ തുടങ്ങിയ ആരോപണങ്ങൾ രാജേഷിനെതിരെ ഉയരുന്നുണ്ട്. ഇക്കാരണത്താൽ രാജേഷ് ജില്ലയിലെ മുഴുവൻ പ്രവർത്തകർക്കും അനഭിമതനാണെന്ന് നേതാക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. തർക്കം രൂക്ഷമായ സാഹചര്യത്തിൽ സ്ഥാനാർഥി പട്ടികയുടെ ആദ്യഘട്ടം തീരുമാനിക്കാൻ ചേർന്ന യോഗം അലസിപ്പിരിഞ്ഞു.

Signature-ad

അതേസമയം ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ്‌ ചന്ദ്രശേഖറിനും വിവി രാജേഷിന്റെ കാര്യത്തിൽ ഒരു താല്പര്യവുമില്ലെന്നാണ് അറിയുന്നത്. ഇത്തവണ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരിട്ടാണ് ബി ജെ പിയുടെ തെര‍ഞ്ഞെടുപ്പ് പ്രചാരണം നിയന്ത്രിക്കുന്നത്. ഈ സാഹചര്യത്തിലാണ് പദ്മിനി തോമസ്, ആർ ശ്രീലേഖ എന്നിവരുടെ പേരുകൾ ഉയർന്നത്. ഇത് വലിയ വിഭാഗം നേതാക്കളും അംഗീകരിക്കുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന അനൗദ്യോ​ഗിക സൂചനകൾ. ഇതിനിടെ കോൺഗ്രസിൽ നിന്നും രാജിവെച്ച് അടുത്തിടെ ബിജെപിയിൽ ചേർന്ന തമ്പാനൂർ സതീഷിന്റെ പേരും സജീവ പരിഗണനയിലുണ്ടെന്നാണ് വിവരം.

Back to top button
error: