ഖത്തറിനെ തൊട്ടാല്‍ പകരം വീട്ടുമെന്ന് യുഎസ്; പ്രഖ്യാപനം നെതന്യാഹുവിന്റെ സന്ദര്‍ശനത്തിന് പിന്നാലെ; ഖത്തറിന്റെ സുരക്ഷ ഉറപ്പാക്കുക അമേരിക്കയുടെ നയമെന്നും എക്സിക്യുട്ടീവ് ഉത്തരവ്

ഖത്തറിന് ട്രംപിന്റെ സുരക്ഷാഉറപ്പ്. ഖത്തറിനതിരായ ആക്രമണം യു.എസിനെതിരായ ആക്രമണമായി കരുതുമെന്നും സുരക്ഷ ഒരുക്കുമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹുവിന്റെ യു.എസ് സന്ദര്‍ശനത്തിന് പിന്നാലെയാണ് വൈറ്റ്ഹൗസിന്റെ മുന്നറിയിപ്പ്.
വിദേശ ആക്രമണങ്ങൾ കാരണം ഖത്തറിന് എതിരെ തുടർച്ചയായ ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഖത്തറിന്റെ സുരക്ഷ ഉറപ്പ് വരുത്തുക എന്നത് അമേരിക്കയുടെ നയമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ പറയുന്നു.
ഹമാസ് ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് സെപ്റ്റംബര്‍ 9തിനായിരുന്നു ഇസ്രയേല്‍ ദോഹയില്‍ വ്യോമാക്രമണം നടത്തിയത്. ഹമാസിന്റെ രാഷ്ട്രീയ നേതൃത്വത്തെ ലക്ഷ്യമിട്ടുള്ള ആക്രമണത്തില്‍ ഉന്നത നേതാക്കളെ വധിക്കാനായില്ലെങ്കിലും ആറുപേര്‍ കൊല്ലപ്പെട്ടിരിന്നു. യു.എസിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച ചെയ്യാനെത്തിയ സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഈ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം നെതന്യാഹു ഖത്തറിനോട് മാപ്പു പറഞ്ഞിരുന്നു. ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയെ നെതന്യാഹു ഫോണില്‍ വിളിച്ചാണ് മാപ്പ് പറഞ്ഞത്. വൈറ്റ്ഹൗസില്‍ നിന്നാണ് നെതന്യാഹു ഫോണ്‍ ചെയ്തത്.
അതേസമയം, ഗാസയില്‍ സമാധാനനീക്കങ്ങള്ക്കിടയിലും ഇസ്രയേല്‍ ആക്രമണം രൂക്ഷമാണ്. 24 മണിക്കൂറിനിടെ 51 പേര് കൊല്ലപ്പെട്ടു. 150 പേര് പരുക്കേറ്റ് ചികില്‍സ തേടിയെന്ന് പലസ്തീന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അതിനിടെ, ഗാസയിലേക്ക് സഹായമെത്തിക്കാനുള്ള കപ്പലുകള്‍ ഗാസയില്‍ നിന്ന് 150 നോട്ടിക്കല്‍ മൈല്‍ അകലെ, അപകടമേഖലയിലേക്ക് പ്രവേശിച്ചെന്ന് റിപ്പോര്‍ട്ട്. അതേസമയം, ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവയ്ക്കുകയും ഇസ്രയേലും ഗള്‍ഫ് രാജ്യങ്ങളുമടക്കം അംഗീകരിക്കുകയും ചെയ്ത സമാധാനപദ്ധതിയോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.






