പിണറായി വിജയന് ബ്രാഹ്‌മണ ഫോബിയ; നരകത്തില്‍ പോകും; കമ്യൂണിസ്റ്റുകാരെ ക്ഷേത്രങ്ങളില്‍ നിന്ന് തുരത്തണം; പമ്പ പിക്‌നിക്ക് സ്‌പോട്ട് അല്ലെന്നും അണ്ണാമലൈ

പന്തളം: പിണറായി വിജയന് ബ്രാഹ്‌മണ ഫോബിയയെന്നും കമ്മ്യൂണിസ്റ്റുകാരെ ക്ഷേത്രങ്ങളില്‍ നിന്ന് തുരത്തണമെന്നും തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ അണ്ണാമലൈ. ആഗോള അയ്യപ്പസംഗമത്തിന് ബദലായി പന്തളത്ത് നടന്ന ഭക്തജനസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അണ്ണാമലൈയും തേജസ്വി സൂര്യയും കുമ്മനം രാജശേഖരനും ചേര്‍ന്ന് സംഗമത്തിന് തിരി തെളിച്ചു.
‘അയ്യപ്പനെ തൊട്ടാല്‍ വിടമാട്ടേന്‍’ എന്നാണ് പന്തളത്തെ ഭക്തജനങ്ങള്‍ തെളിയിച്ചതെന്ന് അണ്ണാമലൈ പറഞ്ഞു. പമ്പാ സംഗമത്തിലേക്ക് വിളിച്ച തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ദൈവത്തെക്കുറിച്ച് പറയാന്‍ അവകാശം ഇല്ലാത്തവരാണ്. ഭഗവദ്ഗീത ഉദ്ധരിച്ചായിരുന്നു പിണറായിക്കുള്ള അണ്ണാമലൈയുടെ മറുപടി. പമ്പ പിക്‌നിക് സ്‌പോട്ടല്ലെന്നും തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ പറഞ്ഞു.
ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി വിജയന്‍ ഭഗവദ് ഗീതയെ കുറിച്ച് ക്ലാസ് എടുക്കുന്നു. ഗണപതി മിത്ത് എന്ന് പറഞ്ഞവര്‍ ക്ലാസെടുക്കുകയാണ്. 2018 ല്‍ കണ്ട കാഴ്ച ഇപ്പോള്‍ പന്തളത്ത് കാണുന്നു. ഡിഎംകെ ആഗോള മുരുക സംഗമം നടത്തുന്നത് കണ്ട് കേരളത്തില്‍ ആഗോള അയ്യപ്പ സംഗമം നടത്തുന്നു. രണ്ട് പേരും അതിന് യോഗ്യത ഇല്ലാത്തവരാണെന്നും അണ്ണാമലൈ പറഞ്ഞു.
എങ്ങനെ ഉള്ളവര്‍ നരകത്തില്‍ പോകും എന്ന് ഭഗവത് ഗീതയില്‍ പറയുന്നുണ്ട്. അതിന് യോഗ്യത ഉള്ള ആളാണ് പിണറായി വിജയന്‍. ഗീതയിലെ ആ ഭാഗം കൂടി അദ്ദേഹം പഠിക്കണം. 2018 ല്‍ അത്തരത്തിലുള്ള പ്രവര്‍ത്തികളാണ് പിണറായി ചെയ്തതെന്നും അണ്ണാമലൈ പറഞ്ഞു.






