Breaking NewsIndiaLead NewsNEWSNewsthen Special

ഡല്‍ഹി കലാപക്കേസില്‍ ആര്‍ക്കും ജാമ്യമില്ല, അഞ്ച് വര്‍ഷമായി ജയിലിലുള്ള ജെഎന്‍യു ഗവേഷകന്‍ ഉമര്‍ ഖാലിദിന്റെയും കൂട്ടുപ്രതികളായ ഒമ്പത് പേരുടെയും ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ ജെഎന്‍യു ഗവേഷകന്‍ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി. കലാപവുമായി ബന്ധപ്പെട്ട് ഗൂഡാലോചന കേസിലെ പ്രതികള്‍ക്കാര്‍ക്കും ജാമ്യമില്ല. ഒമ്പത് പ്രതികളുടെയും ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ളവര്‍ അഞ്ച് വര്‍ഷമായി ജയിലിലാണ്. തസ്ലീം അഹമ്മദും ഷര്‍ജീല്‍ ഇമാമും ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയും തള്ളിയിട്ടുണ്ട്.

ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, മുഹമ്മദ് സലീം ഖാന്‍, ഷിഫ ഉര്‍ റഹ്മാന്‍, അതര്‍ ഖാന്‍, മീരാന്‍ ഹൈദര്‍, ഷദാബ് അഹമ്മദ് അബ്ദുള്‍ ഖാലിദ് സെയ്ഫി, ഗുല്‍ഫിഷ ഫാത്തിമ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റിസുമാരായ നവീന്‍ ചൗള, ഷാലിന്ദര്‍ കൗര്‍ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. ഈ കലാപത്തില്‍ 50-ല്‍ അധികം ആളുകള്‍ മരിക്കുകയും 700-ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Signature-ad

പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) നടന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ വര്‍ഗീയ കലാപത്തിന് പിന്നിലെ പ്രധാന ഗൂഢാലോചനയില്‍ പങ്കാളികളാണ് ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമുമെന്നാണ് ഡല്‍ഹി പോലീസ് ആരോപിക്കുന്നത്. ഈ കേസില്‍ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, മറ്റുചിലര്‍ എന്നിവരെ കലാപത്തിന്റെ ‘സൂത്രധാരന്മാര്‍’ എന്നാണ് ഡല്‍ഹി പോലീസ് വിശേഷിപ്പിച്ചത്. ഇവര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

2020 സെപ്റ്റംബറില്‍ അറസ്റ്റിലായ ഉമര്‍ ഖാലിദ് അന്നുമുതല്‍ ജയിലിലാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഒരു കുടുംബ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഉമര്‍ ഖാലിദിന് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന്‍ അറിയിച്ചു. യുഎപിഎ ചുമത്തപ്പെട്ട കേസിലെ ജാമ്യാപേക്ഷയാണ് തള്ളിയത്.

Back to top button
error: