ഗംഗയില്‍ ചാടി ആത്മഹത്യ ചെയ്ത ഭാര്യയ്ക്കായി നാല് ദിവസമായി തിരച്ചില്‍; കുഞ്ഞുമായി അതേ പുഴയില്‍ ചാടി ബിഎസ്എഫ് ജവാനും ജീവനൊടുക്കി

അലഹബാദ്: ഉത്തര്‍പ്രദേശിലെ ബിജ്നോറില്‍ ബിഎസ്എഫ് ജവാന്‍ ഒരു വയസുള്ള മകനുമായി ഗംഗയില്‍ ചാടി. ഭാര്യയെ നാല് ദിവസം മുന്‍പ് ഗംഗയില്‍ വീണ് കാണാതിയിരുന്നു. യുവതിയ്ക്കായുള്ള തിരച്ചില്‍ നടക്കുന്നതിനിടെയാണ് ഭര്‍ത്താവായ ബിഎസ്എഫ് ജവാന്‍ മകനുമായി ഗംഗയിലേക്ക് ചാടിയത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ശനിയാഴ്ച വൈകുന്നേരമാണ് ബിഎസ്എഫ് ജവാനായ രാഹുല്‍ (31) തന്റെ ഒരു വയസ്സുള്ള മകനുമായി ഗംഗാ നദിയില്‍ ചാടിയത്. നജിബാബാദിലെ വേദ് വിഹാര്‍ സ്വദേശിയായ രാഹുല്‍ അഞ്ച് വര്‍ഷം മുമ്പാണ് മനീഷ താക്കൂറിനെ (29) പ്രണയിച്ച് വിവാഹം കഴിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെന്നും വീട്ടില്‍ വച്ച് ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായും പൊലീസ് പറയുന്നു. ഇതിന് പിന്നാലെയാണ് ഓഗസ്റ്റ് 19 ന് മനീഷ ഗംഗയില്‍ ചാടിയത്.
നാല് ദിവസമായി യുവതിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ മൂന്ന് പേര്‍ക്കായും തിരച്ചില്‍ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. യുവാവ് കുട്ടിയുമായി നദിയിലേക്ക് ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.






