തൃശൂര് സുരേന്ദ്രന്‍, നേമത്ത് രാജീവ് ചന്ദ്രശേഖര്‍: അന്തിമ തീരുമാനം അമിത് ഷാ വന്നതിന് ശേഷം; നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രമുഖ നേതാക്കളെ മത്സരിപ്പിക്കാന്‍ ബിജെപിയില്‍ മുന്നൊരുക്കം

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രമുഖ നേതാക്കളെ മത്സരിപ്പിക്കാന്‍ ബിജെപി. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് പ്രാഥമിക ചര്‍ച്ച നടന്നത്. മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍, മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രന്‍ തുടങ്ങിയവര്‍ എവിടെ മത്സരിക്കും എന്നതാണ് ചര്‍ച്ച.
22 ന് കൊച്ചിയില്‍ നടക്കുന്ന ബിജെപി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ അധ്യക്ഷന്മാരുടേയും യുമോര്‍ച്ച ഭാരവാഹികളുടേയും യോഗത്തില്‍ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുക്കും. ഇതോടുകൂടി തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് വേഗം കൂടുമെന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുന്നു. സുരേന്ദ്രനെ തൃശൂരില്‍ മത്സരിപ്പിക്കാനുള്ള ആലോചനകള്‍ സജീവമാണ്. ഇക്കാര്യത്തില്‍ തനിക്കുള്ള താല്‍പര്യം സുരേന്ദ്രനും പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ തൃശൂരില്‍ മത്സരിക്കാന്‍ സുരേന്ദ്രനെ വെല്ലുവിളിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയുടെ വിജയത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിലും അനുകൂലമായ സാഹചര്യമുണ്ടായേക്കാം എന്നതാണ് തൃശൂരില്‍ സുരേന്ദ്രന് സാധ്യത കൂട്ടുന്നത്.
തൃശൂരില്‍ അല്ലെങ്കില്‍ വര്‍ക്കലയില്‍ സുരേന്ദ്രനെ മത്സരിപ്പിക്കാനും ആലോചനയുണ്ട്. ഒ. രാജഗോപാലിലൂടെ ബിജെപി നിയമസഭയില്‍ ആദ്യമായി അക്കൗണ്ട് തുറന്ന നേമത്ത് രാജീവ് ചന്ദ്രശേഖറെ തന്നെ മത്സരിപ്പിക്കാനാണ് ആലോചനകള്‍. കഴിഞ്ഞ തവണ മത്സരിച്ച കുമ്മനം രാജശേഖരന്‍ വി. ശിവന്‍കുട്ടിയോട് പരാജയപ്പെട്ടിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍ ഇവിടെ മൂന്നാമതായി. നേമത്ത് പാര്‍ട്ടിക്ക് സാധ്യതകളുണ്ടെന്ന വിലയിരുത്തലിലാണ് ഇവിടെ സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കട്ടെ എന്ന ആലോചന വന്നത്.
കഴക്കൂട്ടത്ത് തന്നെ വി. മുരളീധരനെ വീണ്ടും നിര്‍ത്താനും ആലോചനയുണ്ട്. മുരളീധരന്‍ മണ്ഡലം മാറിയാല്‍ രാജീവ് ചന്ദ്രശേഖറിന്റെ വിശ്വസ്തന്‍ കൂടിയായ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എസ്.സുരേഷിനെ ഇവിടെ മത്സരിപ്പിച്ചേക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നില്‍ വന്ന പുതുക്കാട് മണ്ഡലത്തില്‍ ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കാനും ആലോചനയുണ്ട്. ഇവിടമല്ലെങ്കില്‍ കായംകുളം, ചാത്തന്നൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലും ശോഭയുടെ പേര് ചര്‍ച്ചയിലുണ്ട്.






