ബാല്യകാലം മുതല്‍ 30 വര്‍ഷമായി സുഹൃത്തുക്കള്‍ ; പക്ഷേ ഇവരില്‍ ഒരാള്‍ക്ക് മറ്റേയാളുടെ ഭാര്യയുമായി അവിഹിതബന്ധം ; സുദീര്‍ഘമായി സൗഹൃദത്തിന് കൊലപാതകത്തില്‍ ക്‌ളൈമാക്‌സ്

ബെംഗളൂരു: മൂന്ന് പതിറ്റാണ്ടായി സൗഹൃദം സൂക്ഷിക്കുന്ന രണ്ടു കുട്ടുകാര്‍ തമ്മിലുള്ള ബന്ധം ഒരാള്‍ക്ക് മറ്റേയാളുടെ ഭാര്യയുമായുള്ള അവിഹിതം മൂലം കൊലപാതകത്തില്‍ കലാശിച്ചു. ബെംഗളൂരുവില്‍ 39 വയസ്സുള്ള വിജയ് എന്നയാളാണ് മരണമടഞ്ഞത്. സംഭവത്തില്‍ വിജയ് യുടെ സുഹൃത്ത് ധനജ്ഞയെ പോലീസ് തെരയുകയാണ്. വിജയ് യുടെ ഭാര്യ ആശയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇരയായ വിജയ് കുമാറും പ്രതിയായ ധനഞ്ജയ എന്ന ജയും മൂന്ന് പതിറ്റാണ്ടിലേറെയായി സുഹൃത്തുക്കളായിരുന്നു. ബെംഗളൂരുവിലെ മഗഡിയില്‍ ഒരുമിച്ച് വളര്‍ന്നു. പിന്നീട് സുങ്കടകട്ടെ പ്രദേശത്തേക്ക് മാറി. റിയല്‍ എസ്റ്റേറ്റ്, ധനകാര്യ ഇടപാടുകളില്‍ ഏര്‍പ്പെട്ടിരുന്ന വിജയ്, ഏകദേശം പത്ത് വര്‍ഷം മുമ്പ് ആശയെ വിവാഹം കഴിച്ചു, ദമ്പതികള്‍ കാമാക്ഷിപാളയയിലാണ് താമസിച്ചിരുന്നത്.
അടുത്തിടെയാണ് ഭാര്യ ധനഞ്ജയയുമായി പ്രണയത്തിലാണെന്ന് വിജയ് കണ്ടെത്തിയത്. ഇരുവരേയും വിജയ് ഒരുമിച്ച് കാണുകയും ചെയ്തു. ഫോട്ടോകളും കണ്ടെത്തി. തുടര്‍ന്ന് സുഹൃത്തുക്കള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. ഇതോടെ വിജയ് ഭാര്യയോടൊപ്പം കടബാഗരെയ്ക്കടുത്തുള്ള മച്ചോഹള്ളിയിലെ ഒരു വാടക വീട്ടിലേക്ക് താമസം മാറി. പക്ഷേ ഒന്നും അവിടെ അവസാനിച്ചില്ല. ആശയും ധനജ്ഞയും ബന്ധം തുടര്‍ന്നു.
സംഭവദിവസം വൈകുന്നേരം വീടിന് വെളിയില്‍ പോയ വിജയ് യെ പിന്നീട് മച്ചോഹള്ളിയിലെ ഡിഗ്രൂപ്പ് ലേഔട്ട് പ്രദേശത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം കൊലപാതകം ആണെന്നും ആശയും ധനഞ്ജയയും തമ്മിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സംശയിക്കുന്നു. മദനായകനഹള്ളി പോലീസ് ആശയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു, ഒളിവിലായ ധനഞ്ജയയെ അന്വേഷിച്ചുവരികയാണ്.






