Lead NewsWorld

എആർഐ മെഷീൻ വലിച്ചെടുത്ത 61 കാരന് ദാരുണാന്ത്യം, മരണ കാരണം തലയ്ക്കേറ്റ ഗുരുതര പരിക്കുകൾ

ലോംഗ് ഐലാൻഡ്: എംആ‍ർഐ മെഷീനിനുള്ളിൽ കുടുങ്ങിയ 61കാരന് ദാരുണാന്ത്യം. തലയ്ക്ക് ഗുരുതര പരിക്കേറ്റാണ് 61 കാരൻ മരിച്ചത്. ബുധനാഴ്ച അമേരിക്കയിലെ ന്യൂയോർക്കിലെ ലോംഗ് ഐലാൻഡിൽ എംആ‍‍ർഐ ചെയ്യാനെത്തിയ 61കാരൻ മെഷീനിനുള്ളിൽ കുടുങ്ങുകയായിരുന്നു. എംആർഐ റൂമിലേക്ക് 61കാരൻ കഴുത്തിൽ വലിയൊരു ലോഹ നിർമ്മിത മാലയും ധരിച്ചെത്തിയതിന് പിന്നാലെയാണ് സംഭവം. കീത്ത് മെക്കാലിസ്റ്റർ എന്നയാളാണ് കൊല്ലപ്പെട്ടത്. ഭാരപരിശീലനത്തിനിടയിൽ ധരിക്കുന്ന ലോഹ ചെയിനാണ് അപകടത്തിന് കാരണമായത്.

വെസ്റ്റ്ബറിയിലെ നാസൗ ഓപൺ എംആ‍ർഐയിലാണ് സംഭവം. പരിക്കുകൾ മൂലം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്നാണ് വെള്ളിയാഴ്ച പൊലീസ് വിശദമാക്കിയത്. എംആർഐ റൂമിൽ നിന്ന് വലിയ രീതിയിൽ ഒരാളുടെ നിലവിളി കേട്ടതിന് പിന്നാലെ മുറിയിൽ നിന്ന് പുറത്ത് പോകാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതായാണ് സംഭവത്തിന് സാക്ഷികളായവർ വിശദമാക്കുന്നത്. കഴുത്തിലെ ലോഹ മാല എംആർഐ മെഷീൻ വലിച്ചെടുത്തത് മൂലം എംആർഐ മെഷീനിലുള്ളിലേക്ക് 61കാരനെ വലിച്ചെടുക്കുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഓക്സിജൻ ടാങ്കുകളും ആഭരണങ്ങളും വീൽ ചെയറുകളിലും എത്തുന്ന രോഗികൾക്ക് എംആ‍ർഐ മെഷീൻ അപകടത്തിന് കാരണമായേക്കാമെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. ഇതിനാലാണ് എംആർഐ എടുക്കുന്നതിന് മുൻപായി ശരീരത്തിലെ ലോഹ സാന്നിധ്യം ഒഴിവാക്കാനായി ആശുപത്രി ജീവനക്കാർ ആവശ്യപ്പെടുന്നത്.

Signature-ad

കാന്തത്തിന്റെ മധ്യ ഭാഗത്തേക്ക് ടോർപ്പിഡോ പോലെ വലിച്ചെടുക്കുന്ന അവസ്ഥയാണ് ഉണ്ടാവുകയെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. ജൂലൈ 16 വൈകീട്ട് നാലരയോടെയാണ് എംആർഐ റൂമിലേക്ക് കയറി 61 -കാരൻ യന്ത്രത്തിനുള്ളിൽപ്പെട്ട് ഗുരുതരാവസ്ഥയിലായത്. എംആർഐ യന്ത്രം പ്രവർത്തിക്കവെ കഴുത്തിൽ വലിയ ലോഹ ചെയിൻ ധരിച്ച് ഇദ്ദേഹം മുറിയിലേക്ക് കയറിയതിന് പിന്നാലെയായിരുന്നു അപകടമെന്ന് നസ്സാവു കൗണ്ടി പൊലീസ് ഡിപ്പാർട്ട്‌മെൻറ് അറിയിച്ചു. യന്ത്രം പ്രവർത്തിച്ച് കൊണ്ടിരിക്കവെ ലോഹ ചെയിൻ ധരിച്ചെത്തിയ ഇദ്ദേഹം, കാന്തത്തിൻറെ ശക്തിയിൽ പെട്ടെന്ന് യന്ത്രത്തിലേക്ക് വലിച്ചെറിയപ്പെട്ടത് പോലെ നീങ്ങുകയായിരുന്നു.

എംആർഐ സ്കാനിംഗ് മെഷ്യൻ പ്രവർത്തിക്കുന്നത് ശക്തമായ കാന്തങ്ങൾ ഉപയോഗിച്ചാണ്. യന്ത്രം പ്രവർത്തിപ്പിക്കുന്നതോടെ കാന്തം സജീവമാകും. ഇതോടെ മുറിയിലുള്ള എല്ലാ ലോഹ വസ്തുക്കളെയും യന്ത്രം വലിച്ച് അടുപ്പിക്കും. അത്രയ്ക്കും ശക്തിയേറിയ കാന്തമാണ് എംആർഐ സ്കാനിംഗ് മെഷ്യനിൽ പ്രവർത്തിപ്പിക്കുന്നത്.

Back to top button
error: