Breaking NewsKeralaLead NewsNEWSpolitics

‘യോഗ്യന്‍’ പ്രഖ്യാപനം സ്വന്തം നിലയ്‌ക്കോ? തരൂരിന് അനുകൂലമായ സര്‍വേ റിപ്പോര്‍ട്ട് വിവാദത്തില്‍; വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്തത് മാര്‍ച്ചില്‍; തരൂരിന്റെ സ്വന്തം വെബ്‌സൈറ്റും ഇതേ കമ്പനി രജിസ്റ്റര്‍ ചെയ്തു കൊടുത്തു; വിവരങ്ങള്‍ പുറത്തുവിട്ട് എതിരാളികള്‍; സര്‍വേയും അടിമുടി ദുരൂഹം

തിരുവനന്തപുരം: തരൂര്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്നു ചൂണ്ടിക്കാട്ടി പുറത്തുവിട്ട സര്‍വേയ്ക്കു പിന്നില്‍ വിശ്വപൗരന്‍ തന്നെയോ? വോട്ട് വൈബ് എന്ന വെബ്‌സൈറ്റ് പുറത്തുവിട്ട സര്‍വേ വിവരം തരൂര്‍ തന്നെ എക്‌സില്‍ പങ്കിട്ടതോടെയാണു പുറം ലോകം അറിഞ്ഞത്. ഇതു വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തുടക്കമിട്ടിരുന്നു.

ഇപ്പോള്‍ വെബ്‌സൈറ്റിന്റെ ഡൊമെയ്ന്‍ (വിലാസം) രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മാര്‍ച്ച് രണ്ടിനു മാത്രമാണെന്ന വിവരമാണ് എതിര്‍ വിഭാഗം പുറത്തുവിട്ടത്. 2014ല്‍ തരൂരിന്റെ വെബ്‌സൈറ്റ് രജിസ്ട്രാര്‍ ആയ എന്‍ഡ്യൂറന്‍സ് ടെക്‌നോളജി തന്നെയാണ് വോട്ട്‌വൈബും രജിസ്റ്റര്‍ ചെയ്തത്. സര്‍വേ എന്നു നടത്തി, ഏതു രീതിയില്‍ നടത്തി എന്നീ കാര്യങ്ങള്‍ ഇപ്പോഴും അജ്ഞാതമാണ്. ഓണ്‍ലൈന്‍ സര്‍വേയെന്നാണു പറയുന്നത്. ഇതിന്റെ സാമ്പിള്‍ സൈസ് (എത്രപേരുടെ അഭിപ്രായം തേടി) അടക്കമുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

Signature-ad

മുന്‍ യുഎന്‍ ഉദ്യോഗസ്ഥനായ ഇഡി മാത്യുവാണ് എക്‌സില്‍ വിവരം ആദ്യം പങ്കുവച്ചത്. ഇതു പിന്നീട് ശശി തരൂര്‍ ഷെയര്‍ ചെയ്യുകയായിരുന്നു. മാത്യു തരൂരിന്റെ മുന്‍ സഹ പ്രവര്‍ത്തകനാണ്. ഏതാനും മാസം മാത്രം മുമ്പ് രജിസ്റ്റര്‍ ചെയ്ത വെബ്‌സൈറ്റിന് കേരളത്തില്‍ എന്താണു താത്പര്യമെന്നതാണ് കൗതുകം. തരൂര്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്നും ഭരണവിരുദ്ധ വികാരമുണ്ടെന്നുമാണ് വോട്ട് വൈബിന്റെ കണ്ടെത്തല്‍. ഇത് മറ്റാരും കണ്ടിട്ടുമില്ല. കോഫി അന്നന്‍ ഐക്യരാഷ്ട്ര സഭാ മേധാവിയായിരുന്ന സമയത്ത് തരൂര്‍ അണ്ടര്‍ സെക്രട്ടറിയായിരുന്നു. അന്നു തരൂരിന്റെ വക്താവായിരുന്നു ഇ.ഡി. മാത്യു.

ഹു ഈസ് ഡൊമെയ്ന്‍ ഹുക്ക് അപ് എന്ന വെബ്‌സൈറ്റില്‍ തരൂരിന്റെയും വോട്ട്‌വൈബിന്റെയും വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. തരൂരിന്റെ കോണ്‍ഗ്രസിലെ എതിരാളികളും ഇക്കാര്യത്തില്‍ സംശയം ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളുടെ രൂക്ഷമായ പ്രതികരണത്തിലേക്കും ഇതു നയിച്ചിരുന്നു.

മുഖ്യമന്ത്രിയായി 28 ശതമാനത്തിനു മുകളില്‍ തരൂരിനെ ആഗ്രഹിക്കുന്നെന്നായിരുന്നു സര്‍വേ ഫലം. വി.ഡി. സതീശന് ഇതിന്റെ പാതി മാത്രം പിന്തുണയാണെന്നും പിണറായി വിജയനെക്കാള്‍ കെ.കെ. ശൈലജ ടീച്ചര്‍ക്കാണ് പിന്തുണയെന്നും വെബ്‌സൈറ്റ് അവകാശപ്പട്ടിരുന്നു. ഇതിനോട് എല്‍ഡിഎഫ് പ്രതികരിച്ചില്ലെങ്കിലും കെ. മുരളീധരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷമായി പരിഹസിച്ചു. അദ്ദേഹം ആദ്യം ഏതു പാര്‍ട്ടിയിലാണെന്ന് ഉറപ്പിക്കട്ടെ, എന്നിട്ടു മുഖ്യമന്ത്രിയെക്കുറിച്ച് ആലോചിക്കാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തരൂര്‍ കഴിഞ്ഞ കുറേ നാളുകളായി ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനില്‍ക്കാന്‍ തരൂര്‍ തീരുമാനിച്ചിരുന്നു. പിന്നീട് ദേശീയ നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ വീണ്ടും സ്ഥാനാര്‍ഥിയായത്. നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ തനിക്കു സീറ്റ് നല്‍കണമെന്ന് തരൂര്‍ എഐസിസിയോടു ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

തരൂര്‍ മുഖ്യമന്ത്രി കസേര ലക്ഷ്യമിടുന്നതിനാല്‍ ഒരു മുഴം മുന്‍പേ എറിയുകയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം. നിലവിലെ എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്നാണ് കെപിസിസിയുടെ തീരുമാനം. തരൂരിനെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്തുകയാണ് ഈ തീരുമാനത്തിനു പിന്നില്‍. മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടി തരൂര്‍ അവകാശവാദമുന്നയിക്കുമെന്ന പേടി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമുണ്ട്.

കോണ്‍ഗ്രസ് അനുയായികളുടെ അടക്കം പിന്തുണ തനിക്കുണ്ടെന്നാണ് തരൂര്‍ കരുതുന്നത്. യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആളുകള്‍ താല്‍പര്യപ്പെടുന്ന ഒന്നാമത്തെ നേതാവ് താനാണെന്ന വോട്ട് വൈബ് സര്‍വെ ഫലം തരൂര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

തരൂരിനെ മാറ്റിനിര്‍ത്താനായി എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് എത്തിയാല്‍ മറ്റു ചില പ്രമുഖ നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തെത്താനും സാധ്യതയുണ്ട്. നിലവിലെ ലോക്സഭാംഗങ്ങളായ കെ.സി.വേണുഗോപാല്‍, കെ.സുധാകരന്‍, അടൂര്‍ പ്രകാശ്, ഷാഫി പറമ്പില്‍ എന്നിവരാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുള്ളവര്‍.

Back to top button
error: