‘വെയില്‍ കാഞ്ഞു കിടക്കുമ്പോള്‍ പള്ളയ്ക്കു ഡ്രോണ്‍ കയറ്റും’; ട്രംപിന് എതിരേ ഭീഷണിയുമായി ഇറാന്‍; ‘രക്ത സഖ്യ’മെന്ന പേരില്‍ ക്രൗഡ് ഫണ്ടിംഗിലൂടെ 27 ദശലക്ഷം ഡോളര്‍ ശേഖരിച്ചെന്നും വെളിപ്പെടുത്തല്‍; അവസാനയായി വെയില്‍ കാഞ്ഞത് ഏഴാം വയസിലെന്ന് പരിഹസിച്ച് ട്രംപ്

ടെഹ്‌റാന്‍: യുഎസുമായുള്ള ബന്ധം പൂര്‍വാധികം വഷളായതിന് പിന്നാലെ ഡോണള്‍ഡ് ട്രംപ് എപ്പോള്‍ വേണമെങ്കിലും വധിക്കപ്പെട്ടേക്കാമെന്ന സൂചനകള്‍ നല്‍കി ഇറാന്‍. ഫ്‌ലോറിഡയിലെ വസതിയില്‍ പോലും ട്രംപ് സുരക്ഷിതനല്ലെന്നാണ് ഇറാന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥനും ഖമേനിയുടെ വിശ്വസ്തനുമായ ജവാദ് ലറിജാനിയുടെ വാക്കുകളാണു വിവാദമാകുന്നത്. വെയില്‍ കാഞ്ഞ് കിടക്കുമ്പോള്‍ ട്രംപ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടേക്കാമെന്നാണ് ഇറാന്റെ പ്രകോപനം. ‘ട്രംപിന് ഇനി പഴയതുപോലെ മാര്‍ എ ലഗോയില്‍ വെയില്‍ കാഞ്ഞ് കിടക്കാന്‍ പറ്റിയെന്ന് വരില്ല. അങ്ങനെ കിടക്കുമ്പോള്‍ കുഞ്ഞന്‍ ഡ്രോണ്‍ ട്രംപിന്റെ പൊക്കിള്‍ തുളച്ച് കയറും. കാര്യങ്ങള്‍ അത്ര ലളിതമാണ്’ എന്നായിരുന്നു ലറിജാനിയുടെ വാക്കുകള്‍. ഇറാന്‍ സൈനിക ജനറലായ ഖ്വാസിം സുലൈമാനിയെ വധിച്ചതില്‍ ട്രംപിന്റെ പങ്ക് സൂചിപ്പിച്ചായിരുന്നു ഈ വാക്കുകള്‍.
ഇറാന്റെ ഭീഷണി ശ്രദ്ധയില്‍പ്പെട്ടോ എന്ന ചോദ്യങ്ങളോട്, അതൊരു ഭീഷണിയാണ് എന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നാണ് അവസാനമായി വെയില്‍ കാഞ്ഞതെന്ന നര്‍മം കലര്‍ത്തിയുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘അത് കുറേയേറെ മുന്‍പാണ്, എനിക്ക് ഏഴു വയസുള്ളപ്പോളോ മറ്റോ ആണ്. സത്യത്തില്‍ എനിക്കതത്ര താല്‍പര്യമുള്ള കാര്യമല്ലെ’ന്നും ട്രംപ് വിശദീകരിച്ചു.
‘രക്ത സഖ്യ’മെന്ന പേരില്‍ ക്രൗഡ് ഫണ്ടിങിലൂടെ 27 മില്യന്‍ ഡോളര്‍ ജൂലൈ എട്ടോടെ ഇറാന്‍ സമാഹരിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപിനെതിരായ ഭീഷണിയും. ഖമേനിക്കെതിരേ തലപൊക്കിയ ശത്രുക്കളെ ഉന്‍മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഫണ്ട് സമാഹരണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ക്രൗഡ് ഫണ്ടിങ് നടത്തിയ പ്ലാറ്റ്‌ഫോമിന്റെ ഹോം പേജില്‍ ‘ഖമനയിയുടെ ജീവന് ഭീഷണി മുഴക്കിയവര്‍ക്കുള്ള ‘നീതി’ നടപ്പിലാക്കുകയും ചെകുത്താന്‍മാരെ പിടികൂടുകയുമാണ് ലക്ഷ്യമെന്ന പ്രതിജ്ഞ കാണാം. ക്യാംപെയിന് ഇറാനിലും പുറത്തും വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ അവകാശപ്പെടുന്നു.
ട്രംപിനെതിരേ മുമ്പും ഇറാന്‍ രംഗത്തുവന്നിരുന്നു. ഖമേനിയുടെ പ്രസംഗത്തില്‍ ട്രംപിനെതിരേ രൂക്ഷമായ ഭാഷയിലാണു വിമര്‍ശിച്ചത്. യുദ്ധ സമയത്ത് ഇറാന്റെ പരമോന്നത നേതാവ് എവിടെയാണ് ഒളിച്ചിരുന്നതെന്ന് അറിയാമായിരുന്നെന്നും ഇസ്രയേലും യുഎസ് സൈന്യവും അദ്ദേഹത്തെ കൊല്ലുന്നതില്‍നിന്ന് താനാണു തടഞ്ഞതെന്നും ട്രംപ് അന്ന് അവകാശവാദമുന്നയിച്ചിരുന്നു. ‘ഹീനവും അപമാനകരവുമായ മരണത്തില്‍നിന്ന്’ അദ്ദേഹത്തെ രക്ഷിച്ചെന്നും ട്രംപ് പറഞ്ഞു.
വെടിനിര്‍ത്തലിനുശേഷവും ഇറാന്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതിനു മറുപടി നല്‍കാന്‍ പുറപ്പെട്ട ഇസ്രയേലി വിമാനങ്ങളെ താന്‍ ഇടപെട്ടാണു തിരിച്ചുവിളിച്ചതെന്നും ഇറാന്‍ കണ്ടതില്‍വച്ച് ഏറ്റവും വലിയ ആക്രമണത്തിനാണ് തടയിട്ടതെന്നും ട്രംപ് പറഞ്ഞു.
‘ഇറാന്‍ ലോകക്രമത്തിലേക്കു തിരികെ വരണം. അല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. അവര്‍ എപ്പോഴും ശത്രുതവച്ചു പുലര്‍ത്തുന്നവരും അസന്തുഷ്ടരുമാണ്. അവര്‍ക്ക് എന്താണു തിരികെ ലഭിച്ചതെന്നു നോക്കൂ. കത്തിക്കരിഞ്ഞ, തകര്‍ന്ന ഒരു രാജ്യം. ഭാവിയില്ലാത്ത സൈന്യം. മോശം സമ്പദ് വ്യവസ്ഥ. ചുറ്റും മരണങ്ങളും. അവര്‍ക്കിനി പ്രതീക്ഷയില്ല. കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. തേനിനു പകരം വിനാഗിരി ഉപയോഗിച്ചതുപോലെയാണ് ഇറാന്റെ കാര്യങ്ങള്‍. നിങ്ങള്‍ തേന്‍ ഉപയോഗിക്കാന്‍ പഠിക്കൂ. അപ്പോള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതില്‍കൂടുതല്‍ ഗുണം ലഭിക്കും’- എന്നും ഖമേനിക്കു മറുപടിയായി ട്രംപ് പറഞ്ഞു.
ബങ്കറില്‍നിന്ന് പുറത്തുവന്ന ഖമേനിയുടെ പ്രസംഗം കേട്ടപാടെ താന്‍ ഇറാനെതിരായ ഉപരോധങ്ങള്‍ നീക്കാനുള്ള ഉത്തരവില്‍നിന്ന് പിന്നോട്ടുപോയി. മേഖലയിലെ അമേരിക്കന്‍ സൈന്യത്തെ ലക്ഷ്യമിട്ടാല്‍ മുഖത്തടി കിട്ടുമെന്ന് ഓര്‍ക്കണം. കഴിഞ്ഞ ദിവസങ്ങളിലായി ഉപരോധങ്ങള്‍ നീക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. ഇറാന് പെട്ടെന്നു തിരിച്ചുവരാനുള്ള അവസരണമാണ് നഷ്ടമാക്കിയത്. കോപം, വെറുപ്പ്, അസ്വസ്ഥത എന്നിവ നിറഞ്ഞ ഖമേനിയുടെ പ്രസ്താവന പ്രകോപിപ്പിച്ചു. ഉപരോധത്തില്‍ ഇളവു നല്‍കാനുള്ള എല്ലാ നീക്കവും ഉപേക്ഷിച്ചു’. ഖമേനി മണ്ടത്തരങ്ങള്‍ പറയുന്നതിനെയും ട്രംപ് വിമര്‍ശിച്ചു. ‘വലിയ വിശ്വാസിയെന്ന നിലയിലെ അദ്ദേഹം കള്ളം പറയരുതെന്നും ആവര്‍ത്തിച്ചാല്‍ ‘നരകത്തില്‍ എത്താനുള്ള അടികിട്ടും’മെന്നും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിച്ചെന്ന വാദവും ട്രംപ് ആവര്‍ത്തിച്ചു.
ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷത്തിനിടെ യുഎസ് ഇടപെട്ടതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തീര്‍ത്തും മോശമായത്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കുമേല്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ യുഎസ് പ്രയോഗിച്ചു. പിന്നാലെ ഖത്തറിലുള്ള യുഎസ് വ്യോമത്താവളം ഇറാനും ആക്രമിച്ചു. ഇതോടെയാണ് 12 ദിവസം നീണ്ടുനിന്ന യുദ്ധം അവസാനിച്ചത്.
Firan-threatens-trump-drone-may-hit-his-navel-at-mar-a-lago






