Breaking NewsKeralaMovie

‘ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പേര് മാറ്റാമെന്ന് നിർമാതാക്കൾ ഹൈക്കോടതിയിൽ; കോടതി രംഗങ്ങളിൽ പേര് മ്യൂട്ട് ചെയ്യാം

കൊച്ചി: ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റാൻ തയ്യാറാണ് എന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. ജാനകി സിനിമ കേസ് ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് അണിയറ പ്രവർത്തകർ തീരുമാനമറിയിച്ചത്. ‘ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന് മാറ്റാമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. കോടതി രം​ഗങ്ങളിൽ ജാനകി എന്നത് മ്യൂട്ട് ചെയ്യും.

മാറ്റങ്ങൾ വരുത്തിയ ഭാഗങ്ങൾ വീണ്ടും സമർപ്പിച്ചാൽ 3 ദിവസത്തിനുള്ളിൽ ചിത്രത്തിന് അനുമതി നൽകാൻ സാധിക്കുമെന്ന് സെൻസർ ബോർഡ് അറിയിച്ചു. കേസ് വീണ്ടും അടുത്ത ബുധനാഴ്ച പരിഗണിക്കാൻ ജസ്റ്റിസ് എൻ.നഗരേഷ് മാറ്റി.

Signature-ad

രാവിലെയും പിന്നീട് ഉച്ച കഴിഞ്ഞ് 2 മണിക്ക് കേസ് പരിഗണിച്ചപ്പോഴും സിനിമയുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചിരുന്നില്ല. സിനിമയുടെ പേരിനൊപ്പമുള്ള ‘ജാനകി’ക്കു പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യൽ കൂടി േചർത്ത് സിനിമയുടെ പേര് ‘വി.ജാനകി’ എന്നോ ‘ജാനകി. വി’ എന്നോ ആക്കുക, ചിത്രത്തിൽ ക്രോസ് വിസ്താര രംഗങ്ങളിലൊന്ന് കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് പറയുന്നത് ‘മ്യൂട്ട്’ ചെയ്യുക തുടങ്ങിയ മാറ്റങ്ങൾ‍ വരുത്തിയാൽ അനുമതി നൽകാമെന്ന് സെൻസർ ബോർഡ് രാവിലെ അറിയിച്ചിരുന്നു. തുടർന്ന് ഉച്ചകഴിഞ്ഞ് ചേർന്നപ്പോൾ പേര് മ്യൂട്ട് ചെയ്യുന്ന കാര്യം അംഗീകരിക്കുന്നു എന്ന് നിർമാതാക്കൾ അറിയിച്ചു. സിനിമയുടെ ടീസർ അടക്കമുള്ളവ ജാനകി എന്ന പേരിൽ ആയതിനാൽ പേരുമാറ്റുക ബുദ്ധിമുട്ടാണെന്നും നിർമാതാക്കൾ അറിയിച്ചു. എന്നാൽ െസൻസർ ബോർഡ് തീരുമാനത്തിൽ ഉറച്ചു നിന്നതോടെ കേസ് വീണ്ടും പരിഗണിച്ചപ്പോൾ പേരു മാറ്റാമെന്ന് നിർമാതാക്കൾ അറിയിക്കുകയായിരുന്നു. ഇതോടെ ചിത്രത്തിന്റെ പേര് ‘ജെഎസ്കെ– ജാനകി.വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നായി മാറും.

ചിത്രത്തിലെ കോടതി രംഗങ്ങൾക്കിടയിൽ ജാനകി എന്നു പേരു പരാമർശിക്കുന്നത് മ്യൂട്ട് ചെയ്യണമെന്നാണ് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്. ചിത്രത്തിലെ 1.06.45 മുതൽ 1.08.32 സമയത്തിനിടയ്ക്കും 1.08.33 മുതൽ 1.08.36 സമയത്തിനിടയ്ക്കും പരാമർശിക്കുന്ന പേരാണ് മ്യൂട്ട് ചെയ്യേണ്ടത്. ഇത് മ്യൂട്ട് ചെയ്യുകയോ പേരു മാറ്റുകയോ ചെയ്യാമെന്ന് നിർമാതാക്കൾ അറിയിച്ചു. ചിത്രം ഇതനുസരിച്ച് എഡിറ്റ് ചെയ്തു വീണ്ടും സെൻസർ ബോർഡ് അംഗീകാരത്തിനായി സമർപ്പിക്കും. ടീസറും പോസ്റ്ററുകളും അടക്കം സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കാര്യങ്ങൾ പിന്നീട് പ്രശ്നമാകരുതെന്നും നിർമാതാക്കൾ കോടതിയെ അറിയിച്ചു. കേസ് അന്തിമമായി പരിഗണിക്കുമ്പോൾ അക്കാര്യം വ്യക്തമാക്കാമെന്ന് കോടതി പറഞ്ഞു.

മത, ജാതി, വംശവുമായി ബന്ധപ്പെട്ട കാര്യങ്ങളി‍ൽ വിദ്വേഷകരമായ കാര്യങ്ങൾ സിനിമയിൽ ഉണ്ടാകരുതെന്ന മാർഗനിർദേശങ്ങൾ ലംഘിക്കപ്പെട്ടു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു സെൻസർ ബോർഡ് ചിത്രത്തിന് അനുമതി നിഷേധിച്ചത്. വിചിത്ര വാദങ്ങളാണ് ഇതിന്റെ ഭാഗമായി നൽകിയ മറുപടി സത്യവാങ്മൂലത്തിൽ സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. സിനിമയിലെ പ്രധാന കഥാപാത്രമായ ജാനകി ലൈംഗികാതിക്രമത്തിന് ഇരയാകുന്നതും നീതി തേടി അലയുന്നതുമാണ് സിനിമയെന്നും ഇത് സീതാദേവിയുടെ പവിത്രതയെയും അന്തസിനെയും ഹനിക്കുന്നതാണ് എന്നാണ് സെൻസർ ബോർഡ് പറഞ്ഞിരിക്കുന്നത്.

ജാനകി എന്ന പേര് നിർമാതാക്കൾ ഉപയോഗിച്ചത് മതപരമായ പ്രാധാന്യം ചൂഷണം ചെയ്യാനാണെന്നും ചിത്രത്തിന്റെ പ്രദർശനത്തിന് അനുമതി നൽകുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നും സത്യവാങ്മൂലം പറയുന്നു. മാത്രമല്ല, ഭാവിയിൽ സമാനമായ രീതിയിലുള്ള മറ്റ് ചിത്രങ്ങൾക്കും ഇതു വഴിതുറക്കുമെന്നും സെൻസർ ബോർഡ് പറയുന്നു. ജാനകി എന്ന കഥാപാത്രത്തെ ക്രോസ് വിസ്താരം ചെയ്യുമ്പോൾ അശ്ലീല സിനിമകൾ കാണാറുണ്ടോ, ലൈംഗിക ഉത്തേജനത്തിനുള്ള മരുന്നുകൾ ഉപയോഗിക്കാറുണ്ടോ, കാമുകനുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിക്കുന്നു എന്ന് സെൻസർ‍ ബോർഡ് പറയുന്നുണ്ട്. ബലാത്സംഗത്തിനിരയായ ജാനകിയെ ഒരു മതവിഭാഗത്തിൽപ്പെട്ടയാൾ സഹായിക്കുകയും മറ്റൊരു മതവിഭാഗത്തിൽപ്പെട്ടയാൾ അപമാനകരമായ ചോദ്യങ്ങൾ ചോദിച്ചു ക്രോസ് വിസ്താരം ചെയ്യുന്നുമുണ്ടെന്നും ഇത് മതപരമായ ഭിന്നതകൾക്ക് കാരണമാകുമെന്നുമാണ് സെൻസർ ബോർഡ് പറഞ്ഞിരിക്കുന്നത്.

Back to top button
error: