
കാലം ഉണക്കാത്ത ചില മുറിവുകളുണ്ട്. വാഹനാപകടത്തിൽ മകൻ മരിച്ചിട്ട് നീണ്ട18 വർഷങ്ങൾ പിന്നിട്ടിട്ടും ഹൃദയത്തിൽ ചോര പൊടിയുന്ന ഓർമ്മകളുമായി ജീവിക്കുകയാണ് ആ അച്ഛനും അമ്മയും. ഓരോ വർഷവും മകൻ്റെ ചരമവാർഷിക പരസ്യം നൽകാൻ പത്രമാപ്പീസിൻ്റെ പടി കയറുകയാണ് കുമാരൻ എന്ന 64 കാരനായപിതാവ്.
എല്ലാ വർഷവും ജൂൺ 27ന് നെഞ്ചിലെ നോവ് അക്ഷരങ്ങളിലൂടെ ലോകത്തെ അറിയിക്കുകയാണ് ആ പാവം പിതാവ്. അത് വെറും പരസ്യമല്ല. 19-ാം വയസ്സിൽ അകാലത്തിൽ പൊലിഞ്ഞുപോയ മകൻ്റെ ഓർമ്മകൾക്ക് മുന്നിൽ ഒരു പിതാവ് കത്തിക്കുന്ന അണയാത്ത ദീപമാണ്.

2006 ജൂൺ 27. ചെർക്കള പാടിയിലെ മാടത്തിങ്കൽ കുമാരൻ്റെയും കാർത്യായനിയുടെയും ജീവിതത്തിൽ ഇരുട്ട് പരത്തിയ ദിനം. നാല് മക്കളിൽ ഏക ആൺതരിയായ ശ്രീജിത്ത് (19), കാഞ്ഞങ്ങാട് ഐങ്ങോത്ത് വെച്ച് മിനിവാനും കെഎസ്ആർടിസി ബസും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ മരണത്തിന് കീഴടങ്ങി. കാസർകോടു നിന്ന് പാംഓയിൽ നീലേശ്വരത്തേക്ക് എത്തിച്ച് വാൻ ഓടിച്ചു പോകുമ്പോഴായിരുന്നു വിധി ക്രൂരമായി ഇടപെട്ടത്. കാഞ്ഞങ്ങാട് നിന്ന് നീലേശ്വരം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസ് വാനിലേക്ക് ഇടിച്ചുകയറി. നിയന്ത്രണം നഷ്ടപ്പെട്ട വാൻ സമീപത്തെ മരത്തിലിടിച്ചാണ് നിന്നത്. തലയ്ക്കും തോൾ ഭാഗത്തും ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ ഉടൻ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ആ രാത്രിതന്നെ അവൻ ലോകത്തോട് വിടപറഞ്ഞു.
ശ്രീജിത്ത് പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശേഷം കൃഷിയിൽ പിതാവിനെ സഹായിക്കാൻ ഇറങ്ങി. പക്ഷേ കൃഷിയിൽ നിന്നുള്ള തുച്ഛമായ വരുമാനം കൊണ്ട് കുടുംബത്തിൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞതോടെ ശ്രീജിത്ത് ഡ്രൈവിംഗ് പഠിച്ച് ടെമ്പോ വാനിൽ ഡ്രൈവറായി ജോലിക്ക് കയറി. വീട്ടിലെ ദാരിദ്ര്യം മാറ്റിയെടുക്കാനുള്ള അവൻ്റെ നിസ്വാർത്ഥമായ ആഗ്രഹം കൂടിയായിരുന്നു ആ തീരുമാനം.
ശ്രീജിത്തിൻ്റെ മാതാവായ കാർത്യായനി മുൻപ് ദിനേശ് ബീഡി തൊഴിലാളിയായിരുന്നു, ഇപ്പോൾ തൊഴിലുറപ്പിനു പോകുന്നു. മൂന്ന് പെൺമക്കളെയും നല്ല രീതിയിൽ വിവാഹം ചെയ്ത് അയച്ചു. ഇന്ന് വീട്ടിൽ കുമാരനും കാർത്യായനിയും മാത്രമാണുള്ളത്. മകൻ്റെ അപകടമരണത്തിന് അഞ്ച് ലക്ഷം രൂപ ഇൻഷുറൻസ് തുക ലഭിച്ചിരുന്നു. കൂടുതൽ തുകയ്ക്കായി മേൽക്കോടതിയെ സമീപിക്കാൻ ആലോചിച്ചെങ്കിലും, കോടതി ചിലവിനു മാത്രം ഒന്നര ലക്ഷത്തോളം രൂപ മുടക്കേണ്ടി വരും എന്നറിഞ്ഞതോടെ ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. ശ്രീജിത്തിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന സഹായിക്ക് സാരമായി പരിക്കേറ്റിരുന്നെങ്കിലും അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു.
പശുവളർത്തലും പച്ചക്കറി കൃഷിയും നടത്തിയാണ് ഈ കുടുംബം ദുരിതക്കയത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നത്. എന്നിരുന്നാലും, മകൻ്റെ ഓർമ്മകൾ എന്നും ഒരു നീറ്റലായി അവരെ പിന്തുടരുന്നു.