Breaking NewsNEWSWorld

ഖമനയിയെ ഇനി ജീവനോടെ തുടരാൻ അനുവദിക്കില്ല!! ഭീരുവായ സ്വേച്ഛാധിപതി ബങ്കറിൽ ഇരുന്ന് ആശുപത്രികളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും മിസൈലുകൾ അയയ്ക്കുകയാണ്, ചെയ്യുന്നത് ​ഗുരുതര യുദ്ധക്കുറ്റം – ഇസ്രയേൽ കാറ്റ്സ്

ടെൽ അവീവ്: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ ജീവനോടെ തുടരാൻ ഇനി അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ടെൽ അവീവിനടുത്തുള്ള ആശുപത്രിയിൽ ഇറാന്റെ മിസൈൽ പതിച്ചതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിന് ഖമനയിക്ക് ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നും കാറ്റ്സ് എക്സിൽ കുറിച്ചു.

കാറ്റ്സിന്റെ കുറിപ്പ് ഇങ്ങനെ ‘‘ഭീരുവായ ഇറാനിയൻ സ്വേച്ഛാധിപതി ബങ്കറിൽ ഇരുന്ന് ഇസ്രയേലിലെ ആശുപത്രികളിലേക്കും ജനങ്ങൾ താമസിക്കുന്ന കെട്ടിടങ്ങളിലേക്കും മിസൈലുകൾ അയയ്ക്കുകയാണ്. ഇത് ഗുരുതരമായ യുദ്ധക്കുറ്റമാണ്. ഖമനയി തന്റെ കുറ്റകൃത്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരും’’–. ഇറാനിയൻ നേതാവിനെ ഇല്ലാതാക്കാൻ ഇസ്രയേൽ പ്രതിരോധ സേന തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിനു നേരെയുള്ള ഭീഷണികൾ ഇല്ലാതാക്കാൻ ഇറാനെതിരെയുള്ള ആക്രമണങ്ങളുടെ തീവ്രത വർധിപ്പിക്കും. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയും താനും സൈന്യത്തിനു നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Signature-ad

അതേസമയം നിരുപാധികം കീഴടങ്ങണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അടിച്ചേൽപിക്കുന്ന യുദ്ധത്തോടോ സമാധാനത്തോടോ യോജിപ്പില്ലെന്നും ടിവി പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. സൈനികമായി ഇടപെട്ടാൽ താങ്ങാനാകാത്ത നഷ്ടമാകും യുഎസിനുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ ഭീഷണിയെ ട്രംപ് സ്വാ​ഗതം ചെയ്യുകയാണുണ്ടായത്.

Back to top button
error: