ഡിവിആറിനു പിന്നാലെ ബ്ലാക്ക് ബോക്‌സും കണ്ടെത്തി; വിമാന ദുരന്തത്തിന്റെ കാരണങ്ങളിലേക്ക് വഴിതെളിയും; മൂന്നു വര്‍ഷത്തിനിടെ എയര്‍ ഇന്ത്യക്ക് ചുമത്തിയത് ലക്ഷങ്ങളുടെ പിഴ; സുതാര്യത ഇല്ലായ്മ മുതല്‍ കോക്പിറ്റിലെ അച്ചടക്കംവരെ തെറ്റിച്ചു; ആരോപണങ്ങള്‍ പലവഴിക്ക്

അഹമ്മദാബാദില്‍ തകര്‍ന്ന് വീണ എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. വിമാനം തകര്‍ന്നുവീണ കെട്ടിടത്തിനു മുകളില്‍നിന്നാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. അപകട കാരണം കണ്ടെത്താൻ ഇത് നിർണ്ണായകമാകും. അതേസമയം, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 265 ആയി ഉയർന്നു. പരുക്കേറ്റവരുടെ എണ്ണത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
തിരിച്ചറിഞ്ഞ ആറ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന പൂർത്തിയാകാൻ 72 മണിക്കൂർ വരെ എടുക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡിഎൻഎ സാമ്പിളുകൾ നൽകാനായി സിവില്‍ ആശുപത്രിയിൽ ആളുകളുടെ നീണ്ട നിരയാണ്. കൂടുതൽ പരിശോധനാ കിറ്റുകൾ രാവിലെ തന്നെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തസ്ഥലം സന്ദർശിച്ചു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാർ ഉൾപ്പെടെയുള്ളവരെ മോദി ആശുപത്രിയിലെത്തി ആശ്വസിപ്പിച്ചു. ചികിത്സയിലുള്ള മറ്റുള്ളവരെയും അദ്ദേഹം സന്ദർശിച്ചു. അപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഭാര്യയെയും മോദി നേരിൽ കണ്ട് ആശ്വസിപ്പിച്ചു. “നാശത്തിന്റെ രംഗം സങ്കടകരമാണ്,” പ്രധാനമന്ത്രി എക്സിൽ കുറിച്ചു. “അപകടത്തിന് ശേഷം അശ്രാന്തമായി പ്രവർത്തിക്കുന്നവരെ കണ്ടു. സങ്കൽപ്പിക്കാനാകാത്ത ദുരന്തമാണ് നടന്നത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഹമ്മദാബാദ് വിമാനാപകടം ബോയിങ്ങിനെ മാത്രമല്ല വിമാനക്കമ്പനിയായ എയര്‍ഇന്ത്യയേയും പ്രതിസന്ധിയിലാക്കിയിരിക്കെയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എയര്‍ ഇന്ത്യയുടെ പ്രവർത്തനങ്ങളില്‍ പലതവണയാണ് നോട്ടീസ് നല്‍കുകയും പിഴചുമത്തുകയും ചെയ്തത്. പൈലറ്റുമാര്‍ക്ക് ആവശ്യത്തിന് വിശ്രമം നല്‍കാതെ വിമാനം പറപ്പിക്കാന്‍ നിയോഗിച്ചതുമുതല്‍ വേണ്ടത്ര പറക്കല്‍ പരിചയമില്ലാത്തവരെ ഡ്യൂട്ടിക്ക് നിയോഗിച്ചതിനുവരെ എയര്‍ ഇന്ത്യ നടപടി നേരിട്ടു.
എയര്‍ഇന്ത്യ സ്വകാര്യവത്കരിച്ച് ടാറ്റ ഏറ്റെടുത്തപ്പോള്‍ ഒരു പുതിയ തുടക്കമാണ് പ്രതീക്ഷിച്ചത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി നിരവധി വീഴ്ചക്കള്‍ക്കാണ് എയര്‍ഇന്ത്യ ഡിജിസിഎയുടെ ശകാരവും പിഴയും ഏറ്റുവാങ്ങിയത്. സുരക്ഷ വീഴ്ചകള്‍, വിമാനത്തിന്‍റെ പ്രവര്‍ത്തനത്തിലെ വീഴ്ചകള്‍, സുതാര്യതയില്ലായ്മ, കോക്ക്പിറ്റിലെ അച്ചടക്കമില്ലായ്മ എന്നിങ്ങനെ പോകുന്നു ഡിജിസിഎയുടെ കണ്ണിലെ കരടുകള്‍. നടപടിക്രമങ്ങള്‍ പാലിക്കാതെ പൈലറ്റിനെ വിമാനം പറപ്പിക്കാന്‍ നിയോഗിച്ചതിന് കഴിഞ്ഞ ജനുവരിയില്‍ 30 ലക്ഷം രൂപയാണ് എയര്‍ഇന്ത്യക്ക് പിഴ ചുമത്തിയത്.
2024 മെയ് മാസത്തിൽ വിമാനങ്ങള്‍ 40 മണിക്കൂറും മറ്റൊന്നിന് 179 മണിക്കൂറുമാണ് കാലതാമസം നേരിട്ടതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു . കഴിഞ്ഞ വര്‍ഷം മെയില്‍ എയർ ഇന്ത്യയുടെ മുംബൈ-സാൻ ഫ്രാൻസിസ്കോ ഡൽഹി-ലണ്ടൻ വിമാനങ്ങൾ 8 മണിക്കൂറും 20 മണിക്കൂറും വൈകിയിരുന്നുവെന്നും മോശം അവസ്ഥയിലാണ് യാത്രക്കാര്‍ സഞ്ചരിച്ചതെന്നും ഡിജിസിഎ റിപ്പോര്‍ട്ട് ചെയ്തതിരുന്നു.
2023 ഫെബ്രുവരിയില്‍ ഡല്‍ഹി ദുബായ് വിമാനത്തിന്‍റെ കോക്പിറ്റില്‍ സുഹൃത്തിനെ കയറ്റിയതിന് എയര്‍ഇന്ത്യ പൈലറ്റിനെ മൂന്ന് മാസത്തേക്ക് സസ്പെന്‍റ് ചെയ്തിരുന്നു. 2023 ജനുവരിയില്‍ ചണ്ഡീഗഡ് ലേ വിമാനത്തിലെ കോക്പിറ്റില്‍ പ്രവേശന അനുമതിയില്ലാതയാളിനെ കയറ്റിയതിന് രണ്ടു പൈലറ്റുമാരെ സസ്പെന്‍റ് ചെയ്തിരുന്നു.
2024 മാര്‍ച്ചില്‍ പൈലറ്റുമാര്‍ക്ക് വിശ്രമം നല്‍കാതെ ജോലിക്ക് നിയോഗിച്ചതിന് 80 ലക്ഷം രൂപ എയര്‍ഇന്ത്യക്ക് പിഴ ചുമത്തി. 2024 മേയില്‍ വൈകിയ രണ്ട് ദീര്‍ഘദൂര വിമാനങ്ങളില്‍ യാത്രക്കാരെ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷത്തില്‍ ക്യാബിനില്‍ ഇരുത്തിയതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു
2025ല്‍ ആവശ്യമായ ടേക്ക് ഓഫുകളും ലാന്‍ഡിങ്ങുകളും പൂര്‍ത്തിയാക്കാത്ത പൈലറ്റിനെ പറക്കാന്‍ അനുവദിച്ചതിന് 30 ലക്ഷമാണ് പിഴ ചുമത്തിയത്. ഇങ്ങനെ പോകുന്നു എയര്‍ഇന്ത്യ ഡിജിസിഎയില്‍ നിന്നും നേരിട്ട നടപടികളുടെ വിവരങ്ങള്‍ . വിമാനത്തിന്‍റെ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പടെയുളള വിഷയങ്ങള്‍ ചര്‍ച്ചയാവുമ്പോള്‍ , വിമാന അപകടത്തിന്‍റെ കൃത്യമായ കാരണം കണ്ടെത്തുന്നതു വിരെ എയര്‍ഇന്ത്യയും പ്രതിക്കൂട്ടിലാണ്