Breaking NewsLead NewsSportsTRENDING

കോലിയും ടെസ്റ്റ് മതിയാക്കുന്നു? ബിസിസിഐയെ ഞെട്ടിച്ച് തീരുമാനം അറിയിച്ചെന്നു റിപ്പോര്‍ട്ട്; രോഹിത്തും കോലിയും ഇല്ലാതെ ഇംഗ്ലണ്ട് ടെസ്റ്റ് പ്രതിസന്ധിയില്‍; ആരു നയിക്കും?

ബംഗളുരു: രോഹിത് ശര്‍മയ്ക്ക് പിന്നാലെ ‘കിംഗ്’ കോലിയും ടെസ്റ്റ് ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുന്നു. ഇംഗ്ലണ്ട് പര്യടനം തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബിസിസിഐയെ ഞെട്ടിച്ച് കോലി തീരുമാനം അറിയിച്ചതെന്നാണു റിപ്പോര്‍ട്ട്. വിരമിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിസിസിഐ ഉന്നതര്‍ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇംഗ്ലണ്ട് ടെസ്റ്റില്‍ രോഹിതിന് പിന്നാലെ കോലിയുമില്ലാത്ത പ്രതിസന്ധി ഉടലെടുത്താല്‍ എങ്ങനെ നേരിടുമെന്ന് തീരുമാനിക്കാന്‍ സെലക്ടര്‍മാര്‍ വൈകാതെ യോഗം ചേരും.

ബോര്‍ഡര്‍ഗവാസ്‌കര്‍ പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ വന്‍ വിമര്‍ശനമുണ്ടായതില്‍ കോലി നിരാശനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കാന്‍ കോലി തീരുമാനിച്ചുവെന്നും എന്നാല്‍ ഇംഗ്ലണ്ട് പര്യടനം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് ബിസിസിഐ ഉന്നതനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് വിശദമാക്കുന്നത്.

Signature-ad

2014 ഡിസംബറിലാണ് കോലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായത്. 2022 മുതല്‍ രോഹിത് ശര്‍മയും ടീമിനെ നയിച്ചു. കോലി തീരുമാനത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ ഇന്ത്യയുടെ നില പരുങ്ങലിലാകുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ കെ.എല്‍. രാഹുല്‍, ശുഭ്മന്‍ ഗില്‍, യശസ്വി, പന്ത് എന്നിങ്ങനെയാകും ബാറ്റിങ് ഓര്‍ഡറെന്നും ആരാധകര്‍ കുറിക്കുന്നു. ബുമ്രയോ ശുഭ്മന്‍ ഗില്ലോ ആകും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

36 കാരനായ കോലി 123 ടെസ്റ്റുകളില്‍ നിന്നായി 9230 റണ്‍സുകളാണ് നേടിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി കോലിയുടെ ശരാശരി കുത്തനെ ഇടിഞ്ഞിരുന്നു. ബോര്‍ഡര്‍ഗവാസ്‌കര്‍ പരമ്പരയിലെ അഞ്ച് മല്‍സരങ്ങളില്‍ 23.75 ആയിരുന്നു കോലിയുടെ ശരാശരി. ഓഫ് സ്റ്റംപിലാണ് പരമ്പരയില്‍ ഏഴുതവണ കോലി പുറത്തായത്. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ താന്‍ ഒരിക്കല്‍ പോലും ഓസ്‌ട്രേലിയയില്‍ കളിച്ചിട്ടുണ്ടായിരുന്നില്ലെന്ന് ഇതേക്കുറിച്ച് കോലി ഐപിഎലിനിടയില്‍ പറഞ്ഞിരുന്നു. കടുത്ത മാനസിക സമ്മര്‍ദത്തിലൂടെയാണ് ആ സമയത്ത് കടന്നുപോയതെന്നും താരം തുറന്ന് പറഞ്ഞു.

‘പുറത്തുനിന്നും നിരാശപ്പെടുത്തുന്ന ഊര്‍ജത്തെ ഉള്ളിലേക്ക് എടുത്താല്‍ നിങ്ങള്‍ നിങ്ങളെത്തന്നെ കടുത്ത സമ്മര്‍ദത്തിലാക്കും. പിന്നീട് രണ്ടോ മൂന്നോ ദിവസം മാത്രമേ ഈ പര്യടനത്തിലുണ്ടാകൂ, മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് സദാ ചിന്തിക്കും. കൂടുതല്‍ നിരാശയിലേക്ക് വീഴും. അതാണ് സത്യത്തില്‍ ഓസ്‌ട്രേലിയയില്‍ വച്ച് എനിക്ക് സംഭവിച്ചത്’- കോലി വിശദീകരിച്ചു. ആദ്യ ടെസ്റ്റില്‍ നന്നായി സ്‌കോര്‍ ചെയ്യാന്‍ പറ്റി. ഇതോടെ, കൊള്ളാം എന്ന് തോന്നി. പക്ഷേ കാര്യങ്ങള്‍ ഞാന്‍ വിചാരിച്ചത് പോലെയല്ല നടന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഇതാണ് സംഭവിച്ചത്. ഞാന്‍ എന്നോട് നീതി പുലര്‍ത്തേണ്ടതുണ്ട് എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും കോലി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം വിന്‍ഡീസിനെ തകര്‍ത്ത് ട്വന്റി20 ലോകകപ്പ് നേടിയതിന് പിന്നാലെ കോലി രാജ്യാന്തര ട്വന്റി20യില്‍ നിന്ന് വിരമിച്ചിരുന്നു. ഐപിഎല്‍ ഈ സീസണില്‍ 11 കളികളില്‍ നിന്നായി മൂന്ന് അര്‍ധ സെഞ്ചറികള്‍ ഉള്‍പ്പടെ 505 റണ്‍സാണ് കോലി അടിച്ചു കൂട്ടിയത്.

Back to top button
error: