‘അടിയൊക്കെ കൊള്ളാം, പക്ഷേ മോന്‍ ശ്രദ്ധിക്കണം; ഇല്ലെങ്കില്‍ വീട്ടിലിരിക്കേണ്ടി വരും’; വൈഭവിന് മുന്നറിയിപ്പുമായി വീരേന്ദ്ര സേവാഗ്; ‘ഒരു കളികൊണ്ടു പ്രശസ്തരായവരെ എനിക്കറിയാം, അവര്‍ക്ക് എന്തു സംഭവിച്ചെന്നും’

മുംബൈ: പതിനാലാം വയസില്‍ ഐപിഎല്ലില്‍ അരങ്ങേറി വെടിക്കെട്ടു പ്രകടനം കാഴ്ചവയ്ക്കുന്ന രാജസ്ഥാന്‍ താരം വൈഭവ് സൂര്യവന്‍ഷിക്കു മുന്നറിയിപ്പുമായി വീരേന്ദ്ര സേവാഗ്. സഞ്ജു സാംസണു പരിക്കേറ്റതോടെയാണ് ഓപ്പണറായി വൈഭവിന് അവസരം കിട്ടിയത്. ആദ്യ നേരിട്ട പന്ത് സിക്‌സര്‍ പറത്തിയാണ് വൈഭവ് ഞെട്ടിച്ചത്.
എന്നാല്‍ ആര്‍സിബിക്കെതിരേ വലിയ മികവ് കാട്ടാന്‍ കഴിഞ്ഞില്ല. ഒന്നാം വിക്കറ്റില്‍ 52 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച വൈഭവ്, 12 പന്തില്‍ രണ്ട് സിക്സറടക്കം 16 റണ്‍സാണ് നേടിയത്. ഭുവനേശ്വര്‍ കുമാറിനെ സിക്സര്‍ പറത്തിയ തൊട്ടടുത്ത പന്തില്‍ ക്ലീന്‍ബൗള്‍ഡായി. ഇതോടെയാണു സേവാഗ് മുന്നറിയിപ്പുമായി എത്തിയത്.

താരത്തിന്റെ പ്രായം പരിഗണിച്ചാണ് ഇത്തരമൊരു ഉപദേശം സെവാഗ് നല്‍കിയിരിക്കുന്നത്. ‘നീ നല്ല പ്രകടനം നടത്തുമ്പോള്‍ പ്രശംസിക്കുമെന്നും മോശമാവുമ്പോള്‍ വിമര്‍ശിക്കുമെന്നും തിരിച്ചറിയാന്‍ സാധിക്കണം. എപ്പോഴും ലാളിത്യം കൈവിടാതിരിക്കുക. ഒന്നോ രണ്ടോ മത്സരംകൊണ്ട് പ്രശസ്തരായ നിരവധി താരങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്. പിന്നീട് അവര്‍ ഒന്നുമല്ലാതെ ആകുന്നതും കണ്ടിട്ടുണ്ട്. അതിന് കാരണം അവര്‍ സ്വയം താനൊരു വലിയ സംഭവമാണെന്ന് കരുതുന്നതുകൊണ്ടാണ്’ സെവാഗ് പറഞ്ഞു.
‘ഐപിഎല്ലില്‍ 20 വര്‍ഷത്തേങ്കിലും കളിക്കാനാണ് വൈഭവ് പദ്ധതി ഇടേണ്ടത്. വിരാട് കോലിയെ നോക്കുക. 19ാം വയസിലാണ് കോലി കളിക്കാന്‍ തുടങ്ങിയത്. 18 സീസണുകള്‍ ഇപ്പോള്‍ കളിച്ചു. ഇത് പിന്തുടരാനാണ് സൂര്യവന്‍ഷി ശ്രമിക്കേണ്ടത്. എന്നാല്‍ ഇത്തവണത്തെ സീസണില്‍ ആഹ്ലാദം കണ്ടെത്തുകയും ഞാന്‍ കോടിപതിയായെന്ന് കരുതുകയും ആദ്യ പന്തില്‍ത്തന്നെ സിക്സര്‍ നേടിയെന്നുമെല്ലാം ചിന്തിച്ചാല്‍ ചിലപ്പോള്‍ അടുത്ത വര്‍ഷം അവനെ കണ്ടെന്ന് വരില്ല’ സെവാഗ് പറഞ്ഞു.