Breaking NewsLead NewsSportsTRENDING

മൂന്നു സീസണുകളില്‍ വിയര്‍ത്തു കളിച്ചിട്ടും കടുത്ത അപമാനം; ഗോയങ്കയോടു മിണ്ടാന്‍ കൂട്ടാക്കാതെ രാഹുല്‍; പക വീട്ടാനുള്ളതാണെന്നു സോഷ്യല്‍ മീഡിയ; അര്‍ധ സെഞ്ച്വറിക്കു പിന്നാലെ കാമക്കണ്ണുകള്‍ പകര്‍ത്തിയത് കൗതുക ദൃശ്യങ്ങള്‍

മുംബൈ: ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ എട്ടുവിക്കറ്റ് ജയത്തിനുശേഷം കെ.എല്‍. രാഹുലിനൊപ്പം കാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഈ ഐപിഎല്ലിലെ മൂന്നാം അര്‍ധ സെഞ്ചറിയും കുറിച്ച് വിജയിച്ച് എല്‍എസ്ജിക്കെതിരെ ജയിച്ച് മടങ്ങിയ രാഹുലിന് ഇത് മധുരപ്രതികാര നിമിഷം കൂടിയാണ്. അര്‍ധസെഞ്ച്വറിക്ക് പിന്നാലെ ബാറ്റ് പിന്നിലേക്ക് വച്ച് ജഴ്‌സിയിലെ നമ്പറില്‍ തൊട്ട് ആഘോഷിക്കാനും രാഹുല്‍ മറന്നില്ല. ജയിച്ചു മടങ്ങിയ രാഹുലിനെ അഭിനന്ദിക്കാന്‍ എല്‍എസ്ജി ഉടമയായ സഞ്ജീവ് ഗോയങ്കയും മകന്‍ ശാശ്വതും പുഞ്ചിരിയോടെ കാത്തുനിന്നുവെങ്കിലും തണുപ്പന്‍ പ്രതികരണമാണ് രാഹുലില്‍ നിന്നുണ്ടായത്. കൈ കൊടുത്തെങ്കിലും ഒരുവാക്കും മിണ്ടാതെ രാഹുല്‍ മടങ്ങി. ഇതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. കഴിഞ്ഞ തവണ എല്‍എസ്ജിക്കുവേണ്ടി ഇറങ്ങിയ രാഹുലിനെ വിട്ടുകളഞ്ഞത് ഏറെ വിഷമമുണ്ടാക്കിയിരുന്നു.

മൂന്ന് ഫോറും ആറ് സിക്‌സുമടക്കം 42 പന്തുകളില്‍ നിന്ന് 57 റണ്‍സാണ് രാഹുല്‍ ഡല്‍ഹിക്കായി നേടിയത്. ഇതോടെ ഐപിഎല്ലില്‍ അതിവേഗം 5000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്ററും രാഹുലായി. 130ാം ഇന്നിങ്‌സിലാണ് രാഹുലിന്റെ നേട്ടം. ഡേവിഡ് വാര്‍ണര്‍ 135 ഇന്നിങ്‌സുകളില്‍ നിന്നാണ് 5000 റണ്‍സ് തികച്ചത്. വിരാട് കോലി (157), ഡിവില്ലിയേഴ്‌സ് (161),ശിഖര്‍ ധവാന്‍ (168) എന്നിവരാണ് 5000 റണ്‍സ് ക്ലബിലെ മറ്റ് താരങ്ങള്‍. എട്ട് ഇന്നിങ്‌സുകളിലായി 359 റണ്‍സാണ് രാഹുല്‍ ഈ സീസണില്‍ നേടിയത്. രാജസ്ഥാന്‍ റോയല്‍സിനെതിരെ നേടിയ 93 റണ്‍സാണ് കൂട്ടത്തിലെ ഉജ്വല പ്രകടനം.

Signature-ad

കഴിഞ്ഞ മൂന്ന് സീസണുകളില്‍ സൂപ്പര്‍ ജയന്റ്‌സിനൊപ്പമുണ്ടായിരുന്ന രാഹുല്‍ കടുത്ത അപമാനത്തിന് പിന്നാലെയാണ് ടീം വിട്ടത്. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മല്‍സരത്തിലെ ദയനീയ തോല്‍വിക്ക് ശേഷം രാഹുലിനെ ഗ്രൗണ്ടില്‍ വച്ച് ഗോയങ്ക ശകാരിച്ചത് വന്‍ വിവാദമായിരുന്നു. പിന്നാലെ സ്വവസതിയില്‍ വിളിച്ച് അത്താഴം നല്‍കിയെങ്കിലും രാഹുല്‍ ടീം വിടുകയായിരുന്നു. അന്നേറ്റ അപമാനത്തിനാണ് രാഹുല്‍ മികച്ച പ്രകടനത്തിലൂടെ മറുപടി പറഞ്ഞതെന്നാണ് ആരാധകരുടെ പക്ഷം.

വ്യക്തി താല്‍പര്യങ്ങള്‍ക്കപ്പുറം ടീമിനെ കാണുന്ന കളിക്കാരെയാണ് തനിക്ക് പ്രിയമെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഗോയങ്ക നേരത്തെ കുത്തിപ്പറഞ്ഞിരുന്നു. അങ്ങനെയുള്ള കളിക്കാരെ ടീമില്‍ നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നും കഴിഞ്ഞ സീസണില്‍ ഗോയങ്ക കൂട്ടിച്ചേര്‍ത്തു. ഇതിന് മറുപടിയുമായി രാഹുലും പിന്നാലെയെത്തി. കുറച്ച് കൂടി സ്വാതന്ത്ര്യം നല്‍കുന്നതും, മെച്ചപ്പെട്ട കളി പുറത്തെടുക്കാനും കഴിയുന്ന ടീമിനൊപ്പം കളിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു കഴിഞ്ഞ മെഗാ ലേലത്തിന് മുന്നോടിയായി രാഹുലിന്റെ പ്രതികരണം.

 

Back to top button
error: