Breaking NewsLead NewsSportsTRENDING

കോടികള്‍ എറിഞ്ഞു കൂടെക്കൂട്ടിയ ഫിനിഷര്‍മാര്‍ എവിടെ? ആറു പന്തില്‍ ഒമ്പതു റണ്‍സ് എടുക്കാന്‍ വയ്യ! പടിക്കല്‍ കലമുടച്ചതില്‍ ഒത്തുകളി? രണ്ടുവര്‍ഷം വിലക്കു നേരിട്ടത് ഓര്‍മിപ്പിച്ച് ആരാധകര്‍

ബംഗളുരു: ഐപിഎല്ലില്‍ വെടിക്കെട്ടു തുടക്കം നല്‍കിയിട്ടും വിക്കറ്റുകള്‍ കൈയിലുണ്ടായിട്ടും അവസാന ഓവറിലെ തോല്‍വിക്കു മറുപടിയില്ലാതെ രാജസ്ഥാന്‍. കളിയില്‍ മിക്ക സമയത്തും ആധിപത്യം പുലര്‍ത്തിയിട്ടും അവസാന നിമിഷത്തെ സമ്മര്‍ദത്തിന് ഒരിക്കല്‍ കൂടി രാജസ്ഥാന്‍ റോയല്‍സ് കീഴ്‌പ്പെട്ടു. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്റെ പോരാട്ടം 178 റണ്‍സില്‍ അവസാനിച്ചുതോല്‍വി 2 റണ്‍സിന്! കോടികളെറിഞ്ഞു നിലനിര്‍ത്തിയ ഫിനിഷര്‍മാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാതെ പോയതാണ് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയത്. ഓവറില്‍ ഒമ്പതു റണ്‍സ് എന്നത് കുട്ടിക്രിക്കറ്റില്‍ ഒരു റണ്‍സേയല്ല.

ലക്‌നൗ പേസര്‍ ആവേശ് ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ 9 റണ്‍സായിരുന്നു രാജസ്ഥാന് ജയിക്കാന്‍ ആവശ്യം. ഷിമ്രോണ്‍ ഹെറ്റ്‌മെയറും (7 പന്തില്‍ 12) ധ്രുവ് ജുറേലും (5 പന്തില്‍ 6 നോട്ടൗട്ട്) ക്രീസില്‍ ഉണ്ടായിരുന്നിട്ടും രാജസ്ഥാന് നേടാന്‍ സാധിച്ചത് 6 റണ്‍സ് മാത്രം. സ്‌കോര്‍: ലക്‌നൗ 20 ഓവറില്‍ 5ന് 180. രാജസ്ഥാന്‍ 20 ഓവറില്‍ 5ന് 178. നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്.

Signature-ad

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പരുക്കുമൂലം മാറിനിന്ന മത്സരത്തില്‍ ഇംപാക്ട് സബ്സ്റ്റിറ്റിയൂട്ടായാണ് വൈഭവ് ഓപ്പണറുടെ റോളില്‍ എത്തിയത്. ഷാര്‍ദൂല്‍ ഠാക്കൂര്‍ എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തിലാണ് വൈഭവിന് സ്‌ട്രൈക്ക് ലഭിച്ചത്. ആദ്യ ബോള്‍ തന്നെ ലോങ് ഓഫിനു മുകളിലൂടെ മനോഹരമായൊരു ലോഫ്റ്റഡ് ഡ്രൈവിലൂടെ വൈഭവ് ഗാലറിയിലെത്തിച്ചു. വൈഭവ് നല്‍കിയ തുടക്കം യശസ്വി ഏറ്റുപിടിച്ചതോടെ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ രാജസ്ഥാന്‍ 61 റണ്‍സില്‍ എത്തി. പിന്നാലെ എയ്ഡന്‍ മാര്‍ക്രത്തിന്റെ പന്തില്‍ ഋഷഭ് പന്തിന്റെ സ്റ്റംപിങ്ങില്‍ വൈഭവ് പുറത്തായി.

കാണികളുടെ കയ്യടികള്‍ക്കിടയിലും കണ്ണുനിറഞ്ഞായിരുന്നു പതിനാലുകാരന്‍ താരത്തിന്റെ മടക്കം. ഒന്നാം വിക്കറ്റില്‍ 52 പന്തില്‍ 85 റണ്‍സാണ് വൈഭവ് യശസ്വി സഖ്യം നേടിയത്. മൂന്നാമനായി എത്തിയ നിതീഷ് റാണ (7 പന്തില്‍ 8) പെട്ടെന്നു തന്നെ മടങ്ങിയെങ്കിലും ക്യാപ്റ്റന്‍ റിയാന്‍ പരാഗിനെ (26 പന്തില്‍ 39) കൂട്ടുപിടിച്ച യശസ്വി ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. യശസ്വിയെയും പരാഗിനെയും വീഴ്ത്തിയ ആവേശ് ഖാന്‍ ലക്‌നൗവിന് പ്രതീക്ഷ നല്‍കി. ഹെറ്റ്‌മെയര്‍ ജുറേല്‍ ജോടിയിലായിരുന്നു രാജസ്ഥാന്റെ പിന്നീടുള്ള പ്രതീക്ഷ. എന്നാല്‍ ലക്‌നൗവിന്റെ ഡെത്ത് ഓവര്‍ ബോളിങ് മികവിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ രാജസ്ഥാന് സാധിച്ചില്ല. അവസാന ആറു പന്തില്‍ ഒന്‍പതു റണ്‍സ് വേണ്ടപ്പോള്‍, ആറു റണ്‍സെടുക്കാന്‍ മാത്രമാണു റോയല്‍സിന്റെ ഫിനിഷര്‍മാര്‍ക്കു സാധിച്ചത്.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ലക്‌നൗവിന് ഓപ്പണിങ്ങില്‍ എയ്ഡന്‍ മാര്‍ക്രവും (45 പന്തില്‍ 66) മധ്യനിരയില്‍ ആയുഷ് ബദോനിയും (34 പന്തില്‍ 50) ഫിനിഷിങ്ങില്‍ അബ്ദുല്‍ സമദും (10 പന്തില്‍ 30 നോട്ടൗട്ട്) നല്‍കിയ കരുത്താണ് ഭേദപ്പെട്ട ടോട്ടല്‍ കണ്ടെത്താന്‍ സഹായിച്ചത്. സന്ദീപ് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ 4 സിക്‌സ് ഉള്‍പ്പെടെ 27 റണ്‍സ് അടിച്ചുകൂട്ടിയ അബ്ദുല്‍ സമദാണ് സ്‌കോര്‍ 180ല്‍ എത്തിച്ചത്.

 


ഐപിഎല്ലില്‍ നേരത്തേ ഒത്തുകളിയിലകപ്പെട്ട് രണ്ടു വര്‍ഷം വിലക്ക് നേരിട്ടിട്ടുള്ള ഫ്രാഞ്ചൈസിയാണ് രാജസ്ഥാന്‍ റോയല്‍സ്. ഇപ്പോഴിതാ വീണ്ടും അവര്‍ ഒത്തുകല്‍ക്കുന്നുണ്ടോയെന്ന സംശയം ബലപ്പെടുകയാണ്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും റോയല്‍സ് തോറ്റ രീതി പരിഗണിക്കുമ്പോല്‍ സംശയങ്ങള്‍ ശക്തമാണ്. ഇതേക്കുറിച്ച് ബിസിസിഐ അന്വേഷിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

രാജസ്ഥാന്‍ റോയല്‍സിന്റെ ഈ സീസണിലെ ചില മല്‍സരങ്ങളില്‍ ഉറപ്പായും ഒത്തുകളി നടന്നിട്ടുണ്ട്. അവസാനത്തെ രണ്ടു മല്‍സരങ്ങളില്‍ സന്ദീപ് ശര്‍മയുടെയും ധ്രുവ് ജുറേലിന്റെയും പ്രകടനങ്ങള്‍ സംശയാസ്പദമാണ്. ഡിസിക്കെതിരേ അവസാന ഓവറില്‍ 19 റണ്‍സും എല്‍എസ്ജിക്കെതിരേ 27 റണ്‍സുമാണ് സന്ദീപ് വിട്ടുകൊടുത്തത്. ഇത്ര മോശമായി മുമ്പൊരു സീസണിലും അദ്ദേഹം കളിച്ചിട്ടില്ല. ടീമിനു ജയിക്കാന്‍ അതിവേഗം സ്‌കോര്‍, ചെയ്യണമെന്നിരിക്കെ ജുറേല്‍ രണ്ടു കളിയിലും സ്ലോ ബാറ്റിങിലൂടെ ടീമിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നു സംശയങ്ങളുണ്ടെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: