ഹോട്ടലില്‍നിന്ന് മുങ്ങിയത് പൊള്ളാച്ചിയിലേക്ക്? പുലര്‍ച്ചെതന്നെ കൊച്ചിവിട്ടു; രക്ഷപ്പെട്ടത് അജ്ഞാതന്റെ ബൈക്കില്‍; ഹോട്ടല്‍ മുറിയില്‍ രണ്ടു യുവതികളും; വാതിലില്‍ മുട്ടിയപ്പോള്‍ ഇവിടെ സര്‍വീസ് വേണ്ടെന്നു ഷൈന്‍ പറഞ്ഞെന്നും പോലീസ്; നിയമ നടപടിയോട് സഹകരിക്കാതെ വിന്‍സി

കൊച്ചി: ഡാന്‍സാഫ് സംഘത്തിന്റെ കണ്ണുവെട്ടിച്ച് കടന്ന നടന്‍ ഷൈന്‍ ടോം ചാക്കോ പൊള്ളാച്ചിയിലെ ഒരു റിസോര്‍ട്ടിലെന്ന് സൂചന. തിടുക്കപ്പെട്ട് ചോദ്യം ചെയ്യേണ്ടതിലെന്നും കേരളത്തില്‍ മടങ്ങിയെത്തിയ ശേഷം ചോദ്യം ചെയ്താല്‍ മതിയെന്നുമുള്ള നിലപാടിലാണു പോലീസ്. ഹോട്ടലില്‍ നിന്ന് ചാടിയ ഷൈന്‍ ടോം ചാക്കോ ഇന്നലെ പുലര്‍ച്ചെ തന്നെ കൊച്ചി വിട്ടു. ഹോട്ടല്‍ വേദാന്തയില്‍നിന്ന് അജ്ഞാതന്റെ ബൈക്കില്‍ കൊച്ചിയിലെ മറ്റൊരു പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയ ഷൈന്‍ ഇവിടെ മുറിയെടുത്ത് തങ്ങിയ ശേഷമാണ് പൊള്ളാച്ചിയിലേക്ക് പോയത്.
ഡാന്‍സാഫ് എത്തിയത് നഗരത്തിലെ മുഖ്യ ലഹരിവിതരണക്കാരനെ തേടിയായിരുന്നു. ഇയാള്‍ ഷൈന്‍ തങ്ങിയ വേദാന്ത ഹോട്ടലില്‍ എത്തിയെന്നാണ് നിഗമനം. ഇയാള്‍ ഷൈനിന്റെ മുറിയിലെന്ന നിഗമനത്തിലായിരുന്നു പരിശോധനയെങ്കിലും ഹോട്ടലില്‍ കണ്ടെത്താനായില്ല. ഡാന്‍സാഫ് സംഘം മുറിയില്‍ തട്ടിയതോടെ ‘ഇവിടെ സര്‍വീസ് വേണ്ടെന്ന്’ ഷൈന്റെ മറുപടി.

മുറിയുടെ വാതില്‍ തുറന്നത് ഒരു മണിക്കൂറിന് ശേഷമായിരുന്നു. ഷൈനിനൊപ്പം ഹോട്ടല്‍ മുറിയിലുണ്ടായിരുന്നത് പാലക്കാട് സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു. പകല്‍ ഷൈനിന്റെ മുറിയിലെത്തിയ രണ്ട് യുവതികളില്‍നിന്നും പൊലീസ് വിവരങ്ങള്‍ തേടി. ഒരാളുമായി ഷൈന്‍ സാമ്പത്തികയിടപാട് നടത്തിയതായും കണ്ടെത്തി. ലഹരിയിടപാടുമായി യുവതികള്‍ക്ക് ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു.
നടന്‍ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചു മോശമായി പെരുമാറിയെന്ന നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എക്‌സൈസ് അനുമതി തേടിയെങ്കിലും സഹകരിക്കാന്‍ താത്പര്യമില്ലെന്നാണു കുടുംബം അറിയിച്ചത്. മറ്റ് നിയമനടപടികളിലേക്ക് താല്‍പര്യമില്ലെന്നു താരത്തിന്റെ അച്ഛന്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചു.
ഇതിനിടെ താന്‍ എവിടെയെന്ന് ചോദിക്കുന്നവരെയും മാധ്യമങ്ങളെയും ഒളിഞ്ഞിരുന്ന് പരിഹസിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ രംഗത്തെത്തി. ശുചിമുറിയിലേക്ക് ഓടിക്കയറി തിരിച്ചിറങ്ങുന്ന വിഡിയോയും നടി വിന്‍ സിയെ ടാഗ് ചെയ്ത് ചിത്രത്തിന്റെ പോസ്റ്ററും പങ്കുവെച്ചു. അല്ലാതെപിന്നെ ഞാന്‍ എന്ത് പറയാനെന്ന കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്. ഷൈനിനെ അന്വേഷിച്ച് പൊലീസ് നെട്ടോട്ടമോടുമ്പോഴാണ് ഇന്‍സ്റ്റയില്‍ സ്റ്റോറി ഇട്ടത്.
വിന്‍ സിയുമായി ഒന്നിച്ചഭിനയിച്ച സൂത്രവാക്യത്തിന്റെ പോസ്റ്ററില്‍ നടിയെ ടാഗ് ചെയ്തും പോസ്റ്റ് എത്തി. രാത്രി 11 മണിവരെയും ഷൈന്‍ ഇന്‍സ്റ്റയില്‍ ആക്റ്റീവായിരുന്നു. ഇനി ഷൈനിന്റെ ഇന്‍സ്റ്റ മറ്റാരെങ്കിലുമാണ് കൈകാര്യം ചെയ്യുന്നതെങ്കില്‍, ഷൈന്‍ അറിയാതെ ഇതൊന്നും ഇടില്ലല്ലോ എന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച.