Breaking NewsKeralaLead NewsNEWS

പാലിയേക്കര ടോള്‍ പിരിവിനെ ന്യായീകരിച്ച് ദേശീയപാത അതോറിട്ടി; കരാര്‍ കമ്പനിയുടെ കഷ്ടപ്പാടുകള്‍ നിരത്തി ഹൈക്കോടതിയില്‍ മറുപടി; പിരിവു നിര്‍ത്തലാക്കുന്നത് ഭാവിയിലെ പദ്ധതികളെ ബാധിക്കും; ടോള്‍ പിരിവ് ന്യായമെന്നും വിശീദീകരണം

തൃശൂര്‍: മണ്ണുത്തി-ഇടപ്പള്ളി റോഡ് നിര്‍മാണത്തി കരാര്‍ കമ്പനിയുടെ കഷ്ടപ്പാടുകള്‍ നിരത്തി ദേശീയപാത അതോറിട്ടി. നിര്‍മാണത്തുകയും ന്യായമായ ലാഭവും കിട്ടിയതിനാല്‍ 2028 വരെ ടോള്‍ പിരിക്കാന്‍ കരാര്‍ നീട്ടിയ നടപടിക്കെതിരേ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണു വിശദീകരണം. കരാറും ടോള്‍ നിരക്കു വര്‍ധിപ്പിച്ച സര്‍ക്കുലറും റദ്ദാക്കണമെന്നും അറ്റകുറ്റപ്പണിയടക്കം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ട കോടതി, കരാര്‍ കമ്പനിയോടും ദേശീയപാത അതോറിട്ടിയോടും ചെലവായ സംഖ്യയും പിരിച്ചെടുത്ത തുകയും ന്യായമായി ലഭിക്കേണ്ട ലാഭവും എത്രയെന്നു വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

രണ്ടുവട്ടം കേസ് പരിഗണിച്ചിട്ടും കരാര്‍ കമ്പനിയും അതോറിട്ടിയും മറുപടി നല്‍കാതിരുന്നതോടെ വാദം കേള്‍ക്കാതെ ഉത്തരവിടുമെന്നു കര്‍ശന മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ദേശീയപാത അതോറിട്ടിക്കുവേണ്ടി പ്രോജക്ട് ഡയറക്ടര്‍ കോടതിയില്‍ മറുപടി നല്‍കിയത്. 307 കോടിയാണു നിര്‍മാണച്ചെലവു പ്രതീക്ഷിച്ചത്. ടെന്‍ഡര്‍ വിളിക്കുന്ന സമയത്ത് ഇത് 312.54 ആയി ഉയര്‍ന്നു. നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റമടക്കം റോഡ് നിര്‍മാണം അവസാനിച്ചപ്പോള്‍ 723.15 കോടിയുടെ കണക്കാണു കരാര്‍ കമ്പനി സമര്‍പ്പിച്ചത്.

Signature-ad

അറ്റകുറ്റപപണികള്‍ക്ക് കഴിഞ്ഞ ഫെബ്രുവരിവരെ 201.81 കോടിയും ദേശീയപാതയുടെ പ്രവര്‍ത്തനച്ചെലവായി 225.70 കോടി ചെലവായി. കേന്ദ്രസര്‍ക്കാരിനു നെഗറ്റീവ് ഗ്രാന്റായി 215 കോടി കൊടുക്കാനുണ്ട്. ദേശീപാത അഥോറിട്ടി കണക്കുകള്‍ പരിശോധിച്ചതാണെന്നും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും നിര്‍മാണത്തിനു സാമ്പത്തിക സഹായം വാങ്ങിയ വകയില്‍ കരാര്‍ കമ്പനി 678.55 കോടി പലിശയായി നല്‍കിയെന്നും ദേശീയപാത അഥോറിട്ടി മറുപടിയില്‍ പറഞ്ഞു.

കരാര്‍ കമ്പനിയുടെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും നിരത്തുന്ന അഥോറിട്ടി, 2026ല്‍നിന്ന് 2028വരെ കാലാവധി നീട്ടിയതും ടോള്‍ നിരക്കു വര്‍ധനയും കുറയ്ക്കാന്‍ കഴിയില്ലെന്നും കരാര്‍ റദ്ദാക്കിയാല്‍ ഭാവിയില്‍ പൊതുമേഖല കരാറുകളില്‍ സ്വകാര്യ വ്യക്തികള്‍ പങ്കെടുക്കുന്നതു കുറയുമെന്നും ആശങ്കപ്പെടുന്നു. കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. കെ.സി. ഗംഗേഷ് മുഖാന്തിരമാണു കരാര്‍ കമ്പനിക്കെതിരേ ഹര്‍ജി നല്‍കിയത്. കേസില്‍ അവധിക്കുശേഷം കോടതി വാദം കേള്‍ക്കും.

Back to top button
error: