
ഡൽഹിയിലെ മുസ്തഫാബാദിന്റെ പേര് ശിവ് പുരി അല്ലെങ്കിൽ ശിവ് വിഹാർ എന്ന് മാറ്റുമെന്ന് ബിജെപി നേതാവും മണ്ഡലത്തിൽ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎയുമായ മോഹൻ സിംഗ് ബിഷ്ത് പറയുന്നു. അധികാരമേറ്റ ഉടൻ തന്നെ ഇതിനായുള്ള നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആം ആദ്മി പാർട്ടിയുടെ അദീൽ അഹമ്മദിനെ 17,578 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മോഹൻ സിംഗ് ബിഷ്ത് പരാജയപ്പെടുത്തിയത്.
‘മുസ്തഫാബാദിന്റെ പേര് ശിവ് പുരി അല്ലെങ്കിൽ ശിവ് വിഹാർ എന്ന് മാറ്റും. ഇത് ഞാൻ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. രാഷ്ട്രീയ പാർട്ടികൾ എന്തിനാണ് മുസ്തഫാബാദ് എന്ന പേര് നിലനിർത്താൻ ഇത്ര നിർബന്ധം കാണിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഹിന്ദുക്കൾ കൂടുതലായി താമസിക്കുന്ന ഒരു പ്രദേശത്തിന് ശിവ് പുരി അല്ലെങ്കിൽ ശിവ് വിഹാർ എന്ന് പേരിട്ടാൽ എന്താണ് കുഴപ്പം? ‘മുസ്തഫ’ എന്ന പേരിൽ ആളുകൾ ബുദ്ധിമുട്ടുന്നുണ്ട്, അത് മാറ്റണം. അത് ഞാൻ ഉറപ്പാക്കും.’
മോഹൻ സിംഗിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.

മുസ്ലീം ഭൂരിപക്ഷ മണ്ഡലമാണ് മുസ്തഫാബാദ്. ഇത്തവണ മുസ്ലിം വോട്ടുകൾ ഭിന്നിച്ചതാണ് ബിജെപിക്ക് അനുകൂലമായത്. അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ എഐഎംഐഎം സ്ഥാനാർഥി താഹിർ ഹുസൈൻ 33,474 വോട്ടുകൾ നേടി ഈ സീറ്റിൽ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. കോൺഗ്രസിന്റെ അലി മെഹന്ദി 11,763 വോട്ടുകളും പിടിച്ചു. ഉത്തര-കിഴക്കൻ ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന മുസ്തഫാബാദ് 2020 ലെ വർഗീയ കലാപത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളിൽ ഒന്നാണ്.