KeralaNEWS

സന്തോഷ വാർത്ത…! ഇനി അഷ്ടമുടിക്കായലിലൂടെ ആടിപ്പാടി സഞ്ചരിക്കാം, കൊല്ലത്തും വാട്ടർ മെട്രോ വരുന്നു

  കേരളത്തിൽ സൂപ്പർ ഹിറ്റായി മാറി, സഞ്ചാരികളുടെ മനം കവർന്ന വാട്ടർ മെട്രോ വൈകാതെ കൊല്ലത്ത് എത്തും. വാട്ടർ മെട്രോ സർവീസ് ആരംഭിക്കാൻ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്ന 15 ഇടങ്ങളുടെ പട്ടികയിൽ കൊല്ലം 6-ാം സ്ഥാനത്താണ്. കേന്ദ്രം പച്ചക്കൊടി കാട്ടിയാൽ കൊല്ലം അഷ്ടമുടിക്കായലിൽ വാട്ടർ മെട്രോ സർവീസ് നടത്തും. കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് കോർപ്പറേഷൻ കൗൺസിൽ യോഗത്തിലാണ് ഈ വിവരം അറിയിച്ചത്.

കൊച്ചിക്ക് പുറമേ കൊല്ലത്തേക്കും വാട്ടർ മെട്രോ എത്തുമെന്ന റിപ്പോർട്ടുകൾ സജീവമായി തുടരുന്നതിനിടെയാണ് കേന്ദ്ര ഉൾനാടൻ ജലഗതാഗത അതോറിറ്റി പുറത്തിറക്കിയ ലിസ്റ്റിൽ കൊല്ലത്തിന് അതീവ പ്രാധാന്യം ലഭിച്ചത്. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെൻ്റർ (നാറ്റ്പാക്) നടത്തിയ പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വിശദമായി പദ്ധതി റിപ്പോർട്ട് തയാറാക്കിയിരുന്നതായും കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രിയെ കണ്ടതിൻ്റെ അടിസ്ഥാനത്തിൽ കൂടിയാണ് രാജ്യത്തെ വാട്ടർ മെട്രോ പദ്ധതികളിൽ കൊല്ലം ഉൾപ്പെട്ടതെന്നും മേയർ അറിയിച്ചു.

Signature-ad

കൊച്ചിയിൽ വാട്ടർ മെട്രോ വിജയിച്ച സാഹചര്യത്തിലാണ് കൊല്ലം അഷ്ടമുടിക്കായലിൽ വാട്ടർ മെട്രോ എത്തിക്കാനുള്ള നീക്കം അധികൃതർ ആരംഭിച്ചത്. കൊല്ലത്തെ അഷ്ടമുടിക്കായൽ മെട്രോ സർവീസിന് ഉത്തമമാണെന്ന് കണ്ടെത്തിയിരുന്നു. മൺറോ തുരുത്ത്, ആലപ്പുഴ, വർക്കല എന്നീ 3 റൂട്ടുകൾ കേന്ദ്രീകരിച്ച് സർവീസ് നടത്താനാണ് ആലോചനകൾ പുരോഗമിക്കുന്നത്. കൊല്ലത്ത് നിന്ന് ആലപ്പുഴയിലേക്ക് അഴീക്കൽ വഴി രണ്ടാമത്തെ റൂട്ടും കൊല്ലം കനാൽ വഴി വർക്കലയിലേക്ക് മൂന്നാമത്തെ റൂട്ടും ആസൂത്രണം ചെയ്തിട്ടുണ്ട്.

സർവീസ് നടത്താൻ ആലോച്ചിക്കുന്ന 3 റൂട്ടുകളും മെട്രോ സർവീസിന് അനുയോജ്യമാണെന്ന് കൊച്ചി വാട്ടർ മെട്രോയും നാറ്റ്പാക് അധികൃതരും വ്യക്തമാക്കിയത് കൊല്ലത്തിനുള്ള സാധ്യതകൾ ശക്തമാക്കിയിരുന്നു. കൊല്ലം കോർപറേഷൻ്റെ അഭ്യർഥനയെ തുടർന്നാണ് കൊച്ചി വാട്ടർ മെട്രോയും നാറ്റ്പാക്കും സ്ഥിതിഗതികൾ പഠിച്ചത്.

നാറ്റ്പാക് നടത്തിയ പഠനത്തിൽ വാട്ടർ മെട്രോ സർവീസിന് അഷ്ടമുടിക്കായൽ അനുയോജ്യമാണെന്ന് കണ്ടെത്തി. ഇക്കാര്യത്തിൽ  മുഖ്യമന്ത്രി പിണറായി വിജയനും അതീവ താല്പര്യം പ്രകടിച്ചിരുന്നു. കൊച്ചിയിലെ കായലുകളെ അപേക്ഷിച്ച് അഷ്ടമുടിക്കായലിന് സ്വാഭാവിക ആഴമുണ്ടെന്നും മലിനീകരണം കുറവാണെന്നും കൊച്ചി വാട്ടർ മെട്രോയുടെ ജനറൽ മാനേജർ സാജൻ ജോൺ മുൻപ് വ്യക്തമാക്കിയിരുന്നു. വിനോദഞ്ചാര മേഖലയ്ക്കു  വൻ കുതിപ്പാകും വാട്ടർ മെട്രോ സർവീസ്  എന്ന പ്രതീക്ഷയിലാണ് കൊല്ലം കോർപറേഷൻ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: