KeralaNEWS

താരം 4 നാൾ കൂടി ഒളിവിൽ: സിദ്ദിഖിൻ്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച്ച, ‘അമ്മ’യും സ്ത്രീ സംഘടനയും തമ്മിലുള്ള പോരിന്റെ ഇരയാണ് താനെന്ന് വാദം

    മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട രണ്ട് പ്രബല സംഘടനകള്‍ തമ്മില്‍ നടക്കുന്ന പോരാട്ടത്തിന്റെ ഇരയാണ് താനെന്ന് സുപ്രീം കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ  നടൻ സിദ്ദിഖ്. ബലാത്സംഗക്കേസില്‍ തന്നെ പ്രതിയാക്കിയത് ശരിയായ അന്വേഷണം നടത്താതെയാണെന്നും  സിദ്ദിഖ് ആരോപിച്ചു.

സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ ജൂനിയറായ രഞ്ജീത റോത്തഗി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് മലയാള സിനിമ മേഖലയിലെ രണ്ട് സംഘടനകള്‍ തമ്മിലുള്ള തര്‍ക്കത്തെ സംബന്ധിച്ച് ആരോപണം ഉന്നയിച്ചിരിക്കുന്നത്. അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് എന്ന ‘അമ്മ’യും വുമണ്‍ ഇന്‍ സിനിമ കളക്ടീവും (ഡബ്ലിയു സി.സി) തമ്മില്‍ നടക്കുന്ന തര്‍ക്കത്തിന്റെ ഇരയാണ് താന്‍ എന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ് ആരോപിച്ചിരിക്കുന്നത്.

Signature-ad

കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിനെതിരെയും ഗുരുതരമായ ആരോപണം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉണ്ട്. ശരിയായ രീതിയില്‍ അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസില്‍ തന്നെ പ്രതിയാക്കിയത് എന്ന് സിദ്ദിഖ് ആരോപിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനായി സിദ്ദിഖ് മുന്നോട്ടുവെയ്ക്കുന്ന മറ്റ് പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ്. പരാതി നല്‍കിയതിനും, കേസ് എടുക്കുന്നതിനും 8 വര്‍ഷത്തെ കാലതാമസം ഉണ്ടായി. കഴിഞ്ഞ 5 വര്‍ഷത്തിനിടെ പരസ്പരവിരുദ്ധമായ ആരോപണങ്ങള്‍ ആണ് പരാതിക്കാരി ഉന്നയിക്കുന്നതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സിദ്ദിഖിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകരുടെ വാദം പരാതിക്കാരിക്ക് എതിരായ ആരോപണങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. എന്നാല്‍ മലയാള സിനിമ മേഖലയുമായി ബന്ധപ്പെട്ട സംഘടനകള്‍ തമ്മില്‍ നടക്കുന്ന ചേരിപ്പോരിന്റെ ഇരയാണ് സിദ്ദിഖ് എന്ന വാദത്തില്‍ ഊന്നിയാകും സുപ്രീം കോടതിയിലെ നിയമ പോരാട്ടം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിനുശേഷം ‘അമ്മ’ നേതൃതലത്തിലെ  പലര്‍ക്കും എതിരെ വെളിപ്പെടുത്തലുകളും, കേസുകളും ഉണ്ടായി. ഇത് ആകസ്മികമല്ലെന്നാണ് സിദ്ദിഖിന് ഒപ്പം നില്‍ക്കുന്ന ചലച്ചിത്ര മേഖലയിലെ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷക രഞ്ജിത റോത്തഗി സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി. ഇന്നലെ (ബുധൻ) രാത്രിയാണ് കത്ത് കൈമാറിയത്. ഈ ആവശ്യം ഇന്ന് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് സുപ്രീം കോടതി വൃത്തങ്ങള്‍ അറിയിച്ചു.

സിദ്ദിഖിന്റെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ സുപ്രീം കോടതി രജിസ്ട്രിക്ക് കൈമാറിയ കത്തില്‍ പറഞ്ഞിരിക്കുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്. അറസ്റ്റ് ഉണ്ടാകുമെന്ന് ഭയപ്പെടുന്നു. 65 വയസുള്ള സീനിയര്‍ സിറ്റിസണ്‍ ആണെന്നും പേരക്കുട്ടി ഉള്‍പ്പടെയുള്ള കുടുംബത്തിലെ അംഗമാണ് സിദ്ദിഖ് എന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിദ്ദിഖിന് ക്രിമിനല്‍ പശ്ചാത്തലം ഇല്ല. പല അവാര്‍ഡുകളും, അംഗീകാരങ്ങളും നേടിയിട്ടുള്ള വ്യക്തിയാണ്. സാക്ഷികളെ സ്വാധീനിക്കുമെന്നോ, തെളിവുകള്‍ നശിപ്പിക്കുമെന്നോ ഉള്ള ആശങ്ക വേണ്ട.
മുന്‍കൂര്‍ ജാമ്യത്തിന് കോടതി മുന്നോട്ട് വയ്ക്കുന്ന ഏതു വ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാര്‍ ആണെന്നും കത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: