അഹന്തയുടെ കോട്ടകൾ തകർത്താൽ മാത്രമേ, ആദരവ് അര്‍ഹിക്കുന്ന വ്യക്തിത്വം നമ്മിൽ രൂപപ്പെടൂ
വെളിച്ചം
ആ രാജാവ് വളരെ ശാന്തനും വിനയാന്വിതനുമാണ് എന്നാണ് പൊതു അഭിപ്രായം. ഒരിക്കല്‍ കൊട്ടാരത്തിലെത്തിയ ഗുരുവിനോട് അദ്ദേഹം ചോദിച്ചു:
“എന്താണ് അഹംഭാവം?”
ഗുരു പറഞ്ഞു:
“ഇത്രയും നിസ്സാരമായ ചോദ്യം ഒരു രാജാവ് ചോദിക്കുമെന്ന് ഞാന്‍ കരുതിയില്ല.”
പൊതുസദസ്സിലായിരുന്നതു കൊണ്ട് ആ മറുപടി കേട്ട് രാജാവിന്റെ മുഖം ചുവന്നു. ഗുരു പറഞ്ഞു:
“രാജാവേ, ഇതാണ് അഹംഭാവം…”
എന്തു കേള്‍ക്കുമ്പോഴാണോ എവിടെ തൊടുമ്പോഴാണോ ഒരാള്‍ക്ക് മുറിപ്പെടുന്നത്. അതാണയാളുടെ ഈഗോ. സ്വയം കെട്ടിപ്പൊക്കുന്ന ചീട്ടുകൊട്ടാരങ്ങളിലാണ് ഓരോരുത്തരും കഴിയുന്നത്.
പുറമേ ബലപ്പെടുത്തുകയും മോടിപിടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നേയുളളൂ. ചെറിയ ഇളക്കം തട്ടിയാല്‍ എല്ലാം ഇടിഞ്ഞുവീഴും. സ്ഥാനങ്ങളുടെയോ ബഹുമതികളുടെയോ പേരില്‍ എല്ലാവരും അഹന്തയുടെ കോട്ടകള്‍ നിര്‍മ്മിക്കുന്നുണ്ട്.
ചെറുസ്ഥാനങ്ങളില്‍ വിഹരിക്കുന്നവര്‍ പോലും തങ്ങളുടേതായ സ്ഥാനപ്പേരുകളുടെ പ്രദര്‍ശനം സഞ്ചരിക്കുന്ന സ്ഥലങ്ങളിലെല്ലാം ഉറപ്പിക്കുന്നുണ്ട്. ആരെങ്കിലും തകര്‍ക്കാന്‍ ശ്രമിക്കുന്നതുകൊണ്ട് ഇല്ലാതാകുന്നതോ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത് കൊണ്ട് ഉയര്‍ത്തപ്പെടുന്നതോ അല്ല ഒരാളുടെ സ്വത്വബോധം. അത് സ്വയം ബോധത്തില്‍ നിന്നും രൂപപ്പെടേണ്ടതാണ്. ആദരവ് അര്‍ഹിക്കുന്ന വ്യക്തിത്വം അങ്ങനെയാന് ഓരോ വ്യക്തിയിലും രൂപപ്പെടുന്നത്.
ഇന്ന് ചിങ്ങം ഒന്ന്…! ആഹ്ലാദപൂർണമായ പുതുവർഷം ആശംസിക്കുന്നു.
സൂര്യനാരായണൻ
ചിത്രം: നിപുകുമാർ