Fiction

സ്വന്തം നീതിബോധമാവണം ജീവിതത്തിൻ്റെ വഴികാട്ടി, അങ്ങനെയെങ്കിൽ അർഹമായത് ലഭ്യമാകും

വെളിച്ചം

പുതിയതായി വാങ്ങിയ ആ കൃഷിയിടത്തില്‍ വെള്ളമുണ്ടായിരുന്നില്ല. അതില്‍ വെള്ളത്തിനുള്ള വഴി തേടി ആ കർഷകന്‍ കുറെ അലഞ്ഞു. അപ്പോഴാണ് തൊട്ടടുത്ത പറമ്പിന്റെ ഉടമസ്ഥന്‍ തന്റെ കിണര്‍ വില്‍ക്കുന്നുണ്ടെന്ന് അറിഞ്ഞത്. പറഞ്ഞ വില കൊടുത്ത് അയാള്‍ ആ കിണര്‍ വാങ്ങി.

Signature-ad

പിറ്റേദിവസം വെള്ളമെടുക്കാൻ എത്തിയ കർഷകനെ മുന്‍ഉടമസ്ഥന്‍ തടഞ്ഞു.
അയാള്‍ കൃഷിക്കാരനോട് പറഞ്ഞു:

“ഞാന്‍ കിണര്‍ മാത്രമേ വിറ്റിറ്റുള്ളൂ. വെള്ളം വിറ്റിട്ടില്ല…”
എത്ര ശ്രമിച്ചിട്ടും കാര്യം നടക്കാതെ വന്നപ്പോള്‍ കര്‍ഷകന്‍ കോടതിയെ സമീപിച്ചു. വാദം കേട്ട ന്യായാധിപന്‍ ഇങ്ങനെ പറഞ്ഞു:

“നിങ്ങള്‍ പറഞ്ഞത് ശരിയാണ്. നിങ്ങള്‍ കൃഷിക്കാരന് കിണര്‍ മാത്രേമ വിറ്റിട്ടുള്ളൂ. പക്ഷേ, കിണര്‍ വിറ്റ സ്ഥിതിക്ക് മറ്റൊരാളുടെ കിണറില്‍ താങ്കളുടെ വെള്ളം സൂക്ഷിക്കുന്നത് ശരിയല്ല. എത്രയും വേഗം വെളളം മാറ്റി, കിണര്‍ കൃഷിക്കാരന് കൊടുക്കുക!”

തന്റെ തന്ത്രം പൊളിഞ്ഞെന്ന് മനസ്സിലാക്കിയ അയാള്‍ സ്വന്തം വാദത്തില്‍ നിന്നും പിന്മാറി. കിണര്‍ പൂര്‍ണ്ണമായും കൃഷിക്കാരന് നല്‍കി.

അര്‍ഹിക്കുന്നത് മാത്രം സ്വന്തമാക്കുന്നവരും അയല്‍പക്കത്തുള്ളതുകൂടി സ്വന്തമാക്കുന്നവരും ഉണ്ട്. അര്‍ഹത അടിസ്ഥാനമാക്കി ജീവിക്കുന്നവര്‍ക്ക് സ്വന്തം നീതിബോധമുണ്ടായിരിക്കും. എന്നാൽ സ്വാർത്ഥന്മാർ മറ്റുള്ളവരുടെ കഴിവുകളെ വിലമതിക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ല.

യോഗ്യതയുള്ളവര്‍ക്ക് അര്‍ഹതയുള്ളത് ലഭിക്കും. അവര്‍ക്ക് ആരുടേയും ചൊല്‍പടിക്ക് നില്‍ക്കേണ്ടിവരില്ല. സ്വാധീനിക്കേണ്ടതിന്റെയോ കീഴടങ്ങേണ്ടതിന്റെയോ ആവശ്യവും വരില്ല.
നമുക്കും അര്‍ഹതയുള്ളവയെ അവഗണിക്കാതിരിക്കാന്‍ ശീലിക്കാം

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം: നിപുകുമാർ

Back to top button
error: