Fiction

സത്യസന്ധത അലങ്കാരമല്ല ആത്മാംശമാണ്; വിമർശകരോടും വിവേകത്തോടെ പെരുമാറൂ

വെളിച്ചം

അയാളും ഭാര്യയും വിവാഹമോചനത്തിന് കേസ് കൊടുത്തിട്ട് കുറെ കാലമായി. ഒരു തീരുമാനവും ആകാതെ വന്നപ്പോള്‍ വക്കീലിനോട് കാരണമന്വേഷിച്ചു. അയാൾ പറഞ്ഞു:

Signature-ad

“ചെറിയ വഴക്കിന്റെ പേരിലൊന്നും വിവാഹമോചനം കിട്ടില്ല. അതിനുള്ള എളുപ്പമാര്‍ഗ്ഗം സ്വഭാവഹത്യയാണ്. വിവാഹേതര ബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ നിങ്ങള്‍ ഭാര്യയില്‍ ആരോപിക്കണം…”

അയാള്‍ പറഞ്ഞു:

“എന്റെ ഭാര്യ അങ്ങിനെയൊരു സ്ത്രീയല്ല. ഞങ്ങള്‍ തമ്മില്‍ ചില കാര്യങ്ങളിൽ ചേരില്ല എന്നത് മാത്രമാണ് പ്രശ്‌നം.”

വക്കീല്‍ വീണ്ടും ഉപദേശിച്ചു:

“ഞാന്‍ പറഞ്ഞതു മാത്രമാണ് പോംവഴി. കുറച്ച് കഷ്ടപ്പെടാതെ ഈ ബന്ധം വേര്‍പെടുത്താൻ കഴിയില്ല…”

അപ്പോള്‍ അയാള്‍ പറഞ്ഞു:

“എങ്കില്‍ ഇതിന്റെ പാതി കഷ്ടപ്പാട് മതി ഞങ്ങളുടെ ബന്ധം പിരിയാതിരിക്കാന്‍…”

വാക്കിലും പ്രവൃത്തിയിലും മാത്രമല്ല, ചിന്തയില്‍ പോലും ഒരാള്‍ സത്യസന്ധത പുലര്‍ത്തുന്നുവെങ്കില്‍ അയാള്‍ക്കത് അലങ്കാരം മാത്രല്ല, ആത്മാംശമാണ്. തന്നോട് മാന്യമായി പെരുമാറുന്നവരോട് എല്ലാവരും അതേ രീതിയില്‍ തന്നെ പെരുമാറും. പക്ഷേ, അവഹേളിക്കുന്നവരോടും വിരുദ്ധ നിലപാട് സ്വീകരിക്കുന്നവരോടും മന്യമായും സത്യസന്ധമായും ഇടപെടാന്‍ സാധിക്കുക എന്നത് വളരെ ചുരുക്കം ചിലര്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണ്.
കാപഠ്യക്കാരുടെ മുഖം മൂടി ചില സാഹചര്യങ്ങളിൽ അഴിഞ്ഞു വീഴാറുണ്ട്. എന്നാല്‍ അകകാമ്പില്‍ മാന്യതയുള്ളവര്‍ക്ക്, മുറിവേറ്റാലും ഇറ്റുവീഴുന്ന ചോരത്തുള്ളിയില്‍ പോലും ആ മാന്യതയുടെ കണികകളുണ്ടാകും. അനുകൂലിക്കുന്നവരോട് മാത്രമല്ല, പ്രതികൂലിക്കുന്നവരോടും മാന്യതയോടെ പെരുമാറാന്‍ സാധിക്കട്ടെ.

ശുഭദിനം ആശംസിക്കുന്നു

സൂര്യനാരായണൻ
ചിത്രം: നിപുകുമാർ

Back to top button
error: