KeralaNEWS

ജീവിതം എന്ന യാത്ര: സ്വന്തം നിയോഗങ്ങൾ പൂർത്തിയാക്കി മടങ്ങുമ്പോൾ നേടുന്നതെല്ലാം ഇവിടെത്തന്നെ ഉപേക്ഷിക്കുന്നു

വെളിച്ചം

   രാജാവ് ഒരിക്കല്‍ ഒരു ജ്ഞാനിയെ പരിചയപ്പെട്ടു. അയാളുടെ ബുദ്ധിസാമര്‍ത്ഥ്യം രാജാവിനെ അത്ഭുതപ്പെടുത്തി. അദ്ദേഹം ജ്ഞാനിയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു.
വലിയ സല്‍ക്കാരങ്ങള്‍ക്ക്‌ശേഷം രാജാവ് ചോദിച്ചു:

Signature-ad

“ഇനി എന്താണ് താങ്കള്‍ക്ക് വേണ്ടത്…?”

ജ്ഞാനി പറഞ്ഞു:
“എനിക്ക് ഈ സത്രത്തില്‍ ഒരു ദിവസം താമസിക്കണം.”

രാജാവിന് പെട്ടെന്ന് ദേഷ്യം വന്നു. അതിമനോഹരമായ തന്റെ കൊട്ടാരത്തെയാണ് ഇദ്ദേഹം സത്രം എന്ന് പറഞ്ഞത്. രാജാവ് തിരുത്തി:

“ഇത് നമ്മുടെ കൊട്ടാരമാണ്, സത്രമല്ല…”

ജ്ഞാനി ചിരിച്ചുകൊണ്ട് പറഞ്ഞു:

“അല്ല. ഇത് സത്രം തന്നെയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ കൊട്ടാരം അങ്ങയുടെ പിതാവിന്റെതായിരുന്നു…. അതിന് മുമ്പ് അങ്ങയുടെ മുത്തച്ഛന്റെയും. കുറച്ച് വര്‍ഷം അവരെല്ലാം ഇവിടെ ജീവിച്ചു. പിന്നീട് ഇതെല്ലാം ഉപേക്ഷിച്ച് അവര്‍ക്ക് പോകേണ്ടി വന്നു. ഇന്ന് ഇത് നിങ്ങളുടേതാണ് എന്ന് നിങ്ങള്‍ ചിന്തിക്കുന്നു. ശരിയാണ്. പക്ഷേ, കുറച്ച് നാളുകള്‍ക്ക് ശേഷം നിങ്ങള്‍ക്കും ഇത് ഉപേക്ഷിച്ചുപോകേണ്ടിവരും. അതുകൊണ്ടാണ് പറഞ്ഞത് ഇത് സത്രം തന്നെയാണന്ന്. കുറച്ച് കാലം മാത്രം താമസിക്കാനുളളയിടം. ഈ ഭൂമിയില്‍ രണ്ടാമതൊരു വരവില്ല എന്നാണ് പറഞ്ഞത്.”

ഓരോരുത്തര്‍ക്കും ഓരോ നിയോഗമുണ്ട്. അതിനാണ് നാം ഇവിടെ ജനിച്ചത്. ആ നിയോഗത്തെ നാം ദൈവീകമായി തന്നെ ചെയ്തുതീര്‍ക്കണം.
പണം എപ്പോള്‍ വേണമെങ്കിലും സമ്പാദിക്കാം. 80-ാം വയസ്സിലും പണക്കാരായവര്‍ ഉണ്ട്. പക്ഷേ, 80-ാം വയസ്സില്‍ നഷ്ടപ്പെട്ട പഴയകാലത്തെ തിരിച്ചുപിടിച്ചവരെ കാണാന്‍ സാധിക്കില്ല. നമ്മുടെ വഴി നമുക്ക് കണ്ടെത്താം… നമ്മുടെ നിയോഗത്തിന്റെ വഴി. അവിടെയാണ് സന്തോഷം കണ്ടെത്താനാവുക.. അവിടെയാണ് സമാധാനം കണ്ടെത്താനാവുക.

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം: നിപു കുമാർ

Back to top button
error: