സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘത്തിന്റെ സംരക്ഷകന്‍ പി ജയരാജനാണെന്നും അതിവിപുലമായ ബിസിനസ് ബന്ധങ്ങള്‍ പി ജയരാജനും മകനും കേരളത്തിലും ഗള്‍ഫിലുമുണ്ടെന്നും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ഡി.വൈ.എഫ്.ഐ മുൻ ജില്ലാ പ്രസിഡൻ്റ് മനു തോമസിനെതിരെ . മനനഷ്ട കേസുമായി ജയരാജന്റെ മകൻ ജെയിൻ രാജ്.
അണികള്‍ക്കിടയില്‍ പി.ജെ എന്ന് ആവേശത്തോടെ വിളിക്കപ്പെടുന്ന, കമ്യൂണിസ്റ്റു മൂല്യങ്ങള്‍ ഉയർത്തി പിടിക്കുന്ന നിസ്വാർത്ഥനായ നേതാവെന്ന ജയരാജൻ്റെ പ്രതിച്ഛായക്കാണ് ഈ ആരോപണം ആഘാതം ഏൽപ്പിച്ചത്.
ആരോപണ പ്രത്യാരോപണങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് മനു തോമസിനെതിരെ പി ജയരാജന്റെ മകൻ ജെയിൻ രാജ് വക്കീൽ നോട്ടീസ് അയച്ചത്. മനു തോമസ്, ഏഷ്യാനെറ്റ് ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അനൂപ് ബാലചന്ദ്രൻ എന്നിവർക്കെതിരെയാണ് മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തത്. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജെയിൻ പി രാജിൻ്റെ വക്കീൽ നോട്ടീസ്.
പാർട്ടിയിൽ ഗ്രൂപ്പുണ്ടാക്കാൻ പി ജയരാജൻ ചർച്ച നടത്തിയെന്ന് മനു ആരോപിച്ചിരുന്നു. പാർട്ടിയെ കൊത്തിവലിക്കാൻ ജയരാജൻ അവസരമൊരുക്കുകയാണെന്നും മനു തോമസ് ഫേസ്ബുക്കിലൂടെ ആരോപിച്ചു.
യാതൊരു ബന്ധവുമില്ലാത്ത കാര്യത്തിലേക്ക് തന്നെ വലിച്ചിഴക്കുകയും അച്ഛനോടുള്ള വൈരാഗ്യം തീർക്കുന്നതിന് തനിക്കെതിരെ വസ്തുതാവിരുദ്ധവും മാനഹാനി ഉണ്ടാക്കുന്നതുമായ പരാമർശങ്ങൾ നടത്തുകയും ചെയ്തതിന് കേസ് ഫയല്‍ ചെയ്യുമെന്ന് ജെയിന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.
എന്നാൽ പാർട്ടി നേതാവായ പി ജയരാജനും മകനുമെതിരെ ആരോപണങ്ങൾ ശക്തമാകുമ്പോഴും പാർട്ടി കണ്ണൂർ ജില്ലാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതു അസ്വാഭാവികമാണെന്ന വിലയിരുത്തലുമുണ്ട്.
ഇതിനിടെ മനു തോമസിന് പിന്തുണയുമായി കോണ്‍ഗ്രസ്. ടി.പി. ചന്ദ്രശേഖരനെ വധിച്ചതുപോലെ തീര്‍ത്തുകളയാമെന്നാണ് സി.പി.എം. കരുതുന്നതെങ്കില്‍ മനു തോമസിന് കോണ്‍ഗ്രസ് സംരക്ഷണം നല്‍കുമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. മനു തോമസിനെതിരെ ആകാശ് തില്ലങ്കേരി ഫെയ്‌സ്ബുക്കില്‍ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് പരസ്യപിന്തുണ.
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തില്ലങ്കേരി ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് എരിതീയിൽ എണ്ണ ഒഴിക്കുന്നതിനു തുല്യമായി. പാർട്ടിക്കെതിരെ എന്തും വിളിച്ചുപറയാൻ പറ്റില്ലെന്ന് ഇവനെ ബോധ്യപ്പെടുത്താൻ കണ്ണൂരിലെ സംഘടനയ്ക്കു വലിയ സമയം വേണ്ടെന്ന് ഓർത്താൽ നന്ന് എന്നായിരുന്നു ആകാശ് തില്ലങ്കേരിയുടെ ഭീക്ഷണി. കൂടെയുള്ള ബിസിനസുകാർക്കും മാധ്യമങ്ങൾക്കും രക്ഷിക്കാൻ കഴിഞ്ഞെന്നു വരില്ലെന്നും ഭീഷണിപ്പെടുത്തി.
മറ്റൊരാളുടെ ഫെയ്സ്ബുക് പോസ്റ്റിന് അടിയിലാണ് ആകാശിന്റെ പ്രതികരണം.