മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യന്‍ ഗോര്‍ബച്ചേവാണെന്ന് പത്രാധിപരും സിപിഎം സഹചാരിയുമായിരുന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. പിണറായി വിജയന്റെ രണ്ടാം ഊഴം വന്നതോടെയാണ് ഇടുപക്ഷത്തിന്റെ തകര്‍ച്ച ആരംഭിച്ചത്. 2 വര്‍ഷത്തില്‍ തിരുത്താന്‍ പാര്‍ട്ടി തയ്യാറായില്ലെങ്കില്‍ കേരളത്തില്‍ നിന്നു തന്നെ ഇടതുപക്ഷം അപ്രത്യക്ഷമാകും എന്നാണ് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് പറയുന്നത്.
കേരളത്തിലെ ഗോര്‍ബച്ചേവാണോ പിണറായി വിജയന്‍ എന്ന ചോദ്യത്തിന് ഇന്ത്യയുടെ ഗോര്‍ബച്ചേവാണ് പിണറായി എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിണറായി വിജയന്‍ ഒരിക്കലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചിട്ടില്ല. വിമര്‍ശിക്കാന്‍ കഴിയാത്ത രീതിയിലുള്ള വ്യക്തിബന്ധമാണ് ഇവര്‍ക്കുള്ളത്. ലോക്‌നാഥ് ബെഹറയെ പൊലീസ് മേധാവിയായി നിയോഗിച്ചത് അതിന്റെ ഉദാഹരണമാണെന്നും അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് പറയുന്നത്.
“സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് അടുത്തിടെ പ്രധാനമന്ത്രി കേരളത്തില്‍ എത്തിയിരുന്നു. അടുത്ത ദിവസം പണറായി വിജയന്‍ നേരിട്ടെത്തി മോദിയെ സ്വീകരിച്ചു. കൊല്‍ക്കത്തയിലെ പാര്‍ട്ടിയുടെ ഒരു പ്രധാന പരിപാടി ഒഴിവാക്കിയാണ് അദ്ദേഹം മോദിയെ കാണാനെത്തിയത്. വിമാനത്താവളത്തില്‍ മറ്റ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പ്രവേശനാനുമതി ഇല്ലായിരുന്നു. മുഖ്യമന്ത്രിക്ക് ചുമതലയുള്ള പബ്ലിക് റിലേഷന്‍ഷിപ്പ് ഡിപ്പാര്‍ട്ട്‌മെന്റാണ് മോദിക്കൊപ്പമുള്ള പിണറായിയുടെ ചിത്രം മാധ്യമങ്ങള്‍ക്ക് അയച്ചു നല്‍കിയത്. സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ എത്ര ശ്രമിച്ചാലും മോദിയുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് കാണിക്കാനുള്ള ഒരു സന്ദേശമായിരുന്നു അത്. സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട ആരോപണത്തില്‍ പിണറായിക്കും മകള്‍ വീണയ്ക്കും എതിരെ നടപടികള്‍ ആരംഭിച്ചിരുന്നു. ആ സമയത്താണ് ഈ കൂടിക്കാഴ്ചയുണ്ടായത്.
1957ല്‍ ഏറ്റവും മികച്ച നിലയിലായിരുന്നു ഇടതുപക്ഷം. പിണറായി വിജയന്റെ രണ്ടാം ഊഴം വന്നതോടെയാണ് തകര്‍ച്ച ആരംഭിക്കുന്നത്. ഇനി വരുന്ന അടുത്ത സര്‍ക്കാരോടെയാവും അതിന് അവസാനമാവുക. തിരുത്തല്‍ വരുത്തേണ്ടത് പാര്‍ട്ടിയാണ്. എന്നാല്‍ അത് സാധ്യമാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ഇ.പി ജയരാജന്‍ പണ്ട് പറഞ്ഞിരുന്നു പിണറായി ആണ് പാര്‍ട്ടിയെന്ന്. ഇപ്പോള്‍ അത് യാഥാര്‍ത്ഥ്യമായി. മോദിക്ക് എന്ന പോലെ അസാമാന്യമായ കഴിവുള്ള ആളാണ് പിണറായി വിജയന്‍. എല്ലാ സര്‍വാധിപതികളും തെറ്റിദ്ധരിക്കുന്നതുപോലെ താനാണ് എല്ലാമെന്ന് പിണറായിയും തെറ്റിദ്ധരിക്കുന്നു. കേരളത്തിലെ ഇടതുപക്ഷ മനസുകളുടെ വിശ്വാസത്തെ പിണറായി വിജയന്റെ ഗവണ്‍മെന്റ് ചവിട്ടിത്തെറിപ്പിച്ചു. അതിനെ തിരുത്താന്‍ ഇനിയുള്ള രണ്ട് വര്‍ഷത്തില്‍ കഴിയുന്നില്ലെങ്കില്‍ കേരളത്തെ കൂടി ഇടതുപക്ഷ പ്രസ്ഥാനത്തിന് നഷ്ടമാകും.” അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് പറയുന്നു.