തിരക്ക് കുറക്കാൻ വേണ്ടി ആരംഭിച്ച 6 പ്രത്യേക തീവണ്ടികൾ റെയിൽവേ റദ്ദാക്കി. കേരളത്തിലൂടെ ഓടുന്ന 4 പ്രതിവാര വണ്ടികൾ ഇതിൽ ഉൾപ്പെടുന്നു. നടത്തിപ്പും സുരക്ഷാ പ്രശ്‌നങ്ങളുമാണ് കാരണമായി പറയുന്നത്.
വിദ്യാലയങ്ങൾ തുറക്കുന്ന സമയത്ത് യാത്രയുടെ ബുദ്ധിമുട്ട് കൂടും എന്നിരിക്കെയാണ് റെയിൽവേയുടെ ഈ നടപടി. ശനിയാഴ്‌ചകളിൽ ഓടുന്ന മംഗളൂരു- കോയമ്പത്തൂർ- മംഗളൂരു പ്രതിവാര വണ്ടി ജൂൺ 8 മുതൽ 29 വരെയുള്ള സർവീസാണ് നിർത്തിയത്. മേയ് 25, ജൂൺ 1സർവീസുകൾ നിലനിർത്തിയിട്ടുണ്ട്.
മംഗളൂരു- കോട്ടയം- മംഗളുരു റൂട്ടിലെ പ്രത്യേക തീവണ്ടി റെയിൽവേ നേരത്തെ റദ്ദാക്കിയിരുന്നു. ഒറ്റ സർവീസ് മാത്രം നടത്തിയ വണ്ടിയാണ് പൊടുന്നനെ നിർത്തിയത്. ഏപ്രിൽ 20 മുതൽ ജൂൺ 1 വരെയായിരുന്നു (ശനിയാഴ്ചകളിൽ) വണ്ടി പ്രഖ്യാപിച്ചത്. ഏപ്രിൽ 20 ന് ഓടിക്കുകയും ചെയ്തു.
ജോലിഭാരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് ജൂൺ 1 മുതൽ ദക്ഷിണ റെയിൽവേയിലെ ലോക്കോപൈലറ്റുമാർ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.
റദ്ദാക്കിയ തീവണ്ടികൾ:
* മംഗളൂരു-കോയമ്പത്തൂർ പ്രതിവാര വണ്ടി (ശനി)-06041- (ജൂൺ 8 മുതൽ 29 വരെ).
* കോയമ്പത്തൂർ-മംഗളൂരു പ്രതിവാര വണ്ടി (ശനി)-06042- (ജൂൺ 8- 29).
*കൊച്ചുവേളി-നിസാമുദ്ദീൻ പ്രതിവാര വണ്ടി (വെള്ളി)-06071- (ജൂൺ7-28).
* നിസാമുദ്ദീൻ-കൊച്ചുവേളി പ്രതിവാരവണ്ടി (തിങ്കൾ)-06072- (ജൂൺ 10-ജൂലായ് 1).
* ചെന്നൈ-വേളാങ്കണ്ണി (വെള്ളി, ഞായർ)-06037 (ജൂൺ 21-30).
* വേളാങ്കണ്ണി-ചെന്നൈ (ശനി, തിങ്കൾ) 06038 (ജൂൺ 22-ജൂലായ് 1).