സ്ത്രീധനം കുറഞ്ഞുപോയി എന്നതിൻ്റെ പേരിൽ നവവധു നേരിട്ടത് ക്രൂര പീഡനം. കോഴിക്കോട് പന്തീരങ്കാവിൽ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഭർത്താവിൽ നിന്നു നവവധു നേരിട്ടത് ക്രൂരമായ പീഡനം. കഴുത്തിൽ കേബിളിട്ട് മുറുക്കുകയും ബെൽറ്റു കൊണ്ട് അടിക്കുകയും തലയിലും മുതുകിലും ഇടിക്കുകയും ചുണ്ടു വലിച്ചു മുറിക്കുകയും ചെയ്തെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു.
മേയ് 5നായിരുന്നു പന്തീരങ്കാവ് തെക്കേ വള്ളിക്കുന്ന് സ്നേഹതീരത്തിൽ രാഹുൽ പി.ഗോപാലും(29) എറണാകുളം സ്വദേശിനി യുവതിയും വിവാഹിതരായത്. കഴിഞ്ഞ ദിവസം രാഹുലിന്റെ വീട്ടിൽ വിവാഹ സത്കാരം നടന്നു.
വധുവിന്റെ വീട്ടുകാർ രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിയുടെ മുഖത്ത് പരിക്കേറ്റ പാടുകൾ കണ്ടത്. മാത്രമല്ല യുവതിക്ക് ശാരീരിക അസ്വസ്ഥതയും ഉണ്ടായിരുന്നു. തുടർന്ന് വീട്ടുകാർ വിവരം അന്വേഷിച്ചു. രാഹുൽ മർദ്ദിച്ചതാണെന്ന് പറഞ്ഞതോടെ ബന്ധുക്കൾ പന്തീരങ്കാവ് പൊലീസിൽ പരാതി നൽകി.
മാട്രിമോണിയൽ വഴിയാണ് രാഹുലിന്റെ വിവാഹാലോചന വന്നത്. വിവാഹത്തിന് മുമ്പ് പ്രശ്നങ്ങളൊന്നും അനുഭവപെ ട്ടില്ല എന്ന് യുവതി പറയുന്നു. രാഹുലിന് ഭാര്യയെ സംശയമായിരുന്നു. കൂടെ ജോലി ചെയ്യുന്നവരടക്കമുള്ള പുരുഷന്മാരുടെ നമ്പരുകൾ ഇയാൾ ബ്ലോക്ക് ചെയ്തു.
മദ്യലഹരിയിലാണ് രാഹുൽ യുവതിയെ മർദ്ദിച്ചത്. മൊബൈൽ ഫോണിന്റെ ചാർജർ വയർ കൊണ്ട് യുവതിയുടെ കഴുത്തിൽ മുറുക്കുകയും മുഖത്തടിക്കുകയും ചെയ്‌തു. മൂക്കിൽ നിന്ന് ചോര വന്നു. ബോധം കെട്ടുവീണതോടെ ഭർത്താവും സുഹൃത്തും കൂടി ആശുപത്രിയിൽ കൊണ്ടുപോയി എന്ന് യുവതി പറഞ്ഞു.
വിവാഹ ജീവിതം തുടരാൻ താത്പര്യമില്ലെന്ന് അറിയിച്ച് യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി. ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനിയറാണ് രാഹുൽ. യുവതി ടെക്നോപാർക്കിലാണ് ജോലി ചെയ്യുന്നത്.
ഇതിനിടെ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസ് അവഗണിച്ചെന്നും ആറു മണിക്കൂറോളം സ്റ്റേഷനിൽ ചെലവഴിച്ചെന്നും മകളുടെ കയ്യിൽനിന്ന് മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയെന്നും പിതാവ് ആരോപിച്ചു.