IndiaNEWS

ശൈശവ വിവാഹത്തിന് വിസമ്മതിച്ച കൗമാരക്കാരിക്ക് പഠിച്ച് ഐ.പി.എസ് ഓഫിസറാകാൻ മോഹം

     ശൈശവ വിവാഹത്തിന് വിസമ്മതിച്ച പെണ്‍കുട്ടിക്ക് ഒന്നാം വര്‍ഷ ഇന്റര്‍മീഡിയറ്റ് ബോര്‍ഡ് പരീക്ഷകളില്‍ ആന്ധ്രപ്രദേശില്‍ ഒന്നാം സ്ഥാനം. കര്‍ണൂല്‍ ജില്ലയിലെ പെഡ ഹരിവനം സ്വദേശിനിയായ എസ് നിര്‍മല എന്ന പെണ്‍കുട്ടിയാണു പരീക്ഷയില്‍ 440ല്‍ 421 മാര്‍ക്ക് നേടി നാടിനാകെ അഭിമാനമായത്.  കഴിഞ്ഞവർഷം 89.5 വിജയശതമാനത്തോടെ 600ൽ 537 മാർക്ക് നേടിയാണു നിർമ്മല പത്താം ക്ലാസ് പരീക്ഷ പാസായത്.

തങ്ങളുടെ മൂന്നു പെൺമക്കളെയും നേരത്തെ വിവാഹം കഴിപ്പിച്ച മാതാപിതാക്കൾ ഇളയമകളായ നിർമലയെയും വിവാഹം ചെയ്ത് അയയ്ക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. പത്താം ക്ലാസ് പരീക്ഷ പാസായ നിർമലയോട് ഉന്നതവിദ്യാഭ്യാസത്തിനായി തങ്ങളുടെ കയ്യിൽ പണമില്ലെന്ന്  രക്ഷകർത്താക്കൾ പറഞ്ഞു. വീടിനു സമീപം  കോളജുകൾ ഇല്ല എന്ന കാര്യവും പറഞ്ഞു.

നാട്ടിലെ എംഎൽഎ, വൈ.സായിപ്രസാദ് റെഡ്ഡിയെ സമീപിച്ച നിർമല തനിക്കു പഠിക്കാനുള്ള ആഗ്രഹം അദ്ദേഹത്തോടു പറഞ്ഞു. ജില്ലാ കലക്ടർ ജി.സൃജനയെ  എംഎൽഎ വിവരം അറിയിച്ചു.

ജില്ലാ ഭരണകൂടം നിർമലയെ രക്ഷപ്പെടുത്തുകയും അസ്പാരിയിലെ കസ്തൂർബാ ഗാന്ധി ബാലികാ വിദ്യാലയത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഐപിഎസ് ഓഫിസറാകുമെന്നും ശൈശവ വിവാഹങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുമെന്നും നിർമല പറയുന്നു.

Back to top button
error: