തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ നിലപാടു മാറ്റി കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴ എം.എല്‍.എയുമായ മാത്യു കുഴല്‍നാടന്‍.
വിജിലന്‍സ് അന്വേഷണത്തിനു ഉത്തരവിടണം എന്ന മുന്‍ ആവശ്യത്തിനു പകരം, കോടതി നേരിട്ടു കേസെടുത്താല്‍ മതിയെന്നാണു കുഴല്‍നാടന്റെ പുതിയ ആവശ്യം. അതേസമയം, ഏതെങ്കിലും ഒരു ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി കുഴല്‍നാടനോടാവശ്യപ്പെട്ടു. കേസില്‍ 12-ന് വിധിപറയും.
അതേസമയം, ഹര്‍ജിക്കാരന്റെ നിലപാടു മാറ്റത്തിലൂടെ ഹര്‍ജി രാഷ്‌ട്രീയപ്രേരിതമാണെന്നു വ്യക്‌തമായിരിക്കുകയാണെന്നു വിജിലന്‍സിനായി ഹാജരായ പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നു കോടതി കേസില്‍ വിധിപറയുന്നത് 12-ലേക്ക് മാറ്റുകയായിരുന്നു.