KeralaNEWS

പാലക്കാടിനെ തൊട്ടറിഞ്ഞ് പൊള്ളാച്ചിയിലേക്ക് ഒരു യാത്ര

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ‘തേന്മാവിന്‍കൊമ്പത്താ’ണ് പൊള്ളാച്ചിയുടെ മനോഹാരിതയെ അത്രയും ആകര്‍ഷകമായി മലയാളിക്ക് കാണിച്ചു തന്നത്. ഇന്നുമുണ്ട് പൊള്ളാച്ചിക്ക് ആ വശ്യസൗന്ദര്യം.
ഒരിക്കലെങ്കിലും പൊള്ളാച്ചിയിലേക്ക്  പാലക്കാടിന്റെ മിടിപ്പും തുടിപ്പും തൊട്ടറിഞ്ഞ് ഒരു യാത്ര പോകണം. കാര്‍ഷിക-ഗ്രാമീണതയുടെ സ്വര്‍ഗീയത കണ്ടറിയണമെങ്കില്‍  പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ, പാലക്കാടന്‍ പച്ചപ്പിലൂടെയുള്ള ഈ യാത്രതന്നെ വേണം.
യാത്ര  ഇഷ്ടപ്പെടുന്ന ആര്‍ക്കും ഇത് മറക്കാനാവാത്ത അനുഭവമായി മാറുമെന്ന് തീര്‍ച്ച.ട്രെയിനിൽ പോയാൽ ചെലവുകുറഞ്ഞ  ഒരു യാത്ര കൂടിയാകുമിത്. സഹ്യന്റെ അരികു ചേര്‍ന്ന ഈ യാത്രയിലുടനീളം പാലക്കാടിന്റെ കാര്‍ഷികാഭിവൃദ്ധിയുടെ നേര്‍ കാഴ്ചക്കും  സാക്ഷ്യം വഹിക്കാനാകും.

കാര്‍ഷികകേരളത്തിനുള്ള പാലക്കാടിന്റെ സംഭാവന കണ്ടറിയാന്‍ ഏറ്റവും സഹായകമായ ഒരു യാത്രയാണിത്. പച്ചപുതച്ച നെൽപ്പാടങ്ങളും തെങ്ങിന്‍കൂട്ടങ്ങളും കരിമ്പനകളും മറ്റ് കാര്‍ഷികവിളകളും നയന മനോഹരമായ കാഴ്ച തന്നെയാകും.ചിട്ടയായി ഒരുക്കിയ കൃഷി നിലങ്ങള്‍ കൂടുതല്‍ ദൃശ്യചാരുത പകരുന്നു. പ്രധാന നദികളായ കല്‍പാത്തിപ്പുഴ, കണ്ണാടിപ്പുഴ, ആളിയാര്‍ എന്നിവക്കു കുറുകെയാണ് തീവണ്ടി  പാത കടന്നുപോകുന്നത്. ഇതിനുപുറമെ നിരവധി ചെറുപാലങ്ങളും ഈപാതയിലുണ്ട്. മാമ്പഴത്തിന്റെ ഈറ്റില്ലമായ മുതലമടയുടെ മനോഹര കാഴ്ചകളും ആവേശം പകരുന്നതാണ്. ചെറുമര്‍മരങ്ങളാല്‍ ആടിയുലയുന്ന പനകളുടെ കാഴ്ചയും മറക്കാനാവാത്തതാണ്.
യാത്രയിലെ മറ്റൊരു സവിശേഷത റെയില്‍വേ സ്റ്റേഷനുകളാണ്. വന്‍ നിര്‍മിതികളൊന്നുമില്ലാത്ത സ്റ്റേഷനുകള്‍. എല്ലാം പ്രകൃതിക്കു കോട്ടം തട്ടാത്തരീതിയിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്. മുതലമടയിലെ പ്ളാറ്റ്ഫോമുകളുടെ മധ്യത്തിയായി നിലനിര്‍ത്തിയ ആല്‍മരങ്ങളും പുതുനഗരത്തിലെ പ്ളാറ്റ്ഫോമിലേക്ക് നിരനിരയായി ചേര്‍ന്നു നില്‍ക്കുന്ന യൂക്കാലിപ്റ്റ്സ് മരങ്ങളും സ്റ്റേഷനുകളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

സ്റ്റേഷനുകളിലെ തണല്‍ മരങ്ങള്‍ കടുത്തവേനലില്‍ യാത്രക്കാര്‍ക്ക് കുളിരേകുന്നു. നെല്‍വയലുകളിലും തെങ്ങിന്‍തോപ്പുകളിലും പാറയിടുക്കുകളിലും ഒറ്റക്കും കൂട്ടായും ഓടിനടക്കുകയും നൃത്തം വെക്കുകയും ചെയ്യുന്ന മയിലുകളെയും ഈ യാത്രയില്‍ നിങ്ങള്‍ക്ക് കാണാം. മീനാക്ഷിപുരത്തിനും മുതലമടക്കും കൊല്ലങ്കോടിനുമിടയിലാണ് ഇവയെ കൂടുതലായി കാണാനാവുക.
നിലവില്‍ ഏതാനും ട്രെയിന്‍ സര്‍വിസേ ഈ പാതയിലൂടെയുള്ളൂ. പാസഞ്ചര്‍ ട്രെയിനുകളാണിവ. കുറഞ്ഞ യാത്രക്കാരുമായാണ് ഈ ട്രെയിനുകളെല്ലാം സര്‍വിസ് നടത്തുന്നത്. പുതുനഗരം, കൊല്ലങ്കോട് സ്റ്റേഷനുകളിലാണ് ചെറു തിരക്കെങ്കിലും അനുഭവപ്പെടുന്നത്. പാലക്കാട്-തിരുവനന്തപുരം അമൃത എക്സ്പ്രസ് ഇപ്പോള്‍ രാമേശ്വരം വരെ സര്‍വിസ് നടത്തുന്നുണ്ട്.
തീര്‍ഥാടന കേന്ദ്രങ്ങളായ പളനിയിലേക്കും രാമേശ്വരത്തേക്കും ഒരുകാലത്ത് ഏറ്റവും ചെലവുകുറത്ത യാത്രാ മാര്‍ഗം പാലക്കാട്-രാമേശ്വരം ട്രെയിന്‍ സര്‍വിസായിരുന്നു. പൊള്ളാച്ചിയില്‍നിന്ന് കേരളത്തിലേക്കുള്ള പച്ചക്കറികളും മറ്റും പാലക്കാട്ടത്തെിയിരുന്നതും ഇതു വഴിയായിരുന്നു. 110 വര്‍ഷത്തോളം പഴക്കമുള്ള മീറ്റര്‍ഗേജ് പാതയായിരുന്നു ഏതാനും വര്‍ഷങ്ങള്‍ വരെയും ഈ റൂട്ട്.  പിന്നീട് പാത വികസനത്തിനായി 2008 ല്‍ അടച്ചിട്ടു. നീണ്ട മുറവിളികള്‍ക്കൊടുവില്‍ 2015 നവംബര്‍ 16 നാണ്  ബ്രോഡ്ഗേജാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തത്. പ്രകൃതിസ്നേഹികളുടെയും യാത്രാസ്വാദകരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞുതന്നെയാണ് പാതവികസിപ്പിച്ചെടുത്തിരിക്കുന്നത്.
ദക്ഷിണറെയില്‍വേയുടെ പാലക്കാട് ഡിവിഷനു കീഴിലുള്ള പൊള്ളാച്ചി പാതക്ക് 55 കിലോമീറ്ററാണ് ദൈര്‍ഘ്യം. 32 കിലോമീറ്റര്‍ കേരളത്തിലും ബാക്കി തമിഴ്നാട്ടിലുമായി കിടക്കുന്നു.പൊള്ളാച്ചിയിലെ ശര്‍ക്കര മാര്‍ക്കറ്റ് ഏഷ്യയിലെ ഏറ്റവും വലുതാണ്. ഇവിടുത്തെ പച്ചക്കറി മാര്‍ക്കറ്റ് മധ്യകേരളത്തിലേക്ക് ഏറ്റവുമധികം പച്ചക്കറി കയറ്റിയയക്കുന്ന ഒരു കേന്ദ്രവുമാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കന്നുകാലിച്ചന്തയും, ഇരുമ്പ് വില്പന കേന്ദ്രവും ഇവിടെയാണ്. മാര്‍ക്കറ്റുകള്‍ക്ക് പുറമെ നിരവധി ഡാമുകളും സന്ദര്‍ശകര്‍ക്ക് കാഴ്ചയൊരുക്കി സമീപപ്രദേശങ്ങളിലായുണ്ട്.
തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെയായിട്ടാണ് വാല്‍പ്പാറ എന്ന മനോഹരമായ ഹില്‍സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.
വാൽപ്പാറയിൽ പോയിട്ട് എന്തൊക്കെ ചെയ്യാം എന്ന് ആലോചിക്കുന്നവരോട്, നിങ്ങൾ ഒരു ഭക്തനാണെങ്കിൽ നിരവധി ക്ഷേത്രങ്ങളും പള്ളികളും ഇവിടെയുണ്ട്. ഫോട്ടോഗ്രഫിയിൽ താൽപര്യമുള്ളവർക്ക് നിരവധി സുന്ദരമായ കാഴ്ചകൾ ഒപ്പിയെടുക്കാം. പ്രകൃതി സ്നേഹിയാണെങ്കിൽ സുന്ദരമായ വന്യജീവി സങ്കേതങ്ങൾ സന്ദർശിക്കാം. ട്രെക്കിംഗ് ആഗ്രഹിക്കുന്നവർക്ക് നിരവധി ട്രെക്കിംഗ് ട്രെയിലുകൾ ഇവിടെയുണ്ട്. പിന്നെ തേയിലത്തോട്ടങ്ങളിൽ സന്ദർശിക്കുകയും ചെയ്യാം.
ചിന്നക്കല്ലാര്‍ ആണ് വാൽ‌പ്പാറയിലെ പ്രധാന ആകർഷണം. ഇതുകൂടാതെ നിരവധി കാഴ്ചകള്‍ വാല്‍പ്പാറയുടെ സമീപപ്രദേശങ്ങളിലായുണ്ട്. ബാലാജി ക്ഷേത്രം. നിരാര്‍ ഡാം, ഗണപതി ക്ഷേത്രം, അന്നൈ വേളാങ്കണ്ണി ചര്‍ച്ച് എന്നിവ അവയില്‍ ചിലതാണ്. വാല്‍പ്പാറയില്‍ വരുന്നവരെ ഏറെ ആകര്‍ഷിക്കുന്നതാണ് ഷോളയാര്‍ ഡാമും, ഗ്രാസ് ഹില്‍സും, വ്യുപോയിന്‍റുകളും.

Back to top button
error: