കിടങ്ങന്നൂര്‍ വല്ലന രാജവിലാസം വീട്ടില്‍ പരേതനായ ത്യാഗരാജന്റെ ഭാര്യ രജനി (54)ആണ് മരിച്ചത്.
അയല്‍വാസിയുടെ ബന്ധു കടം വാങ്ങിയ പണവും സ്വര്‍ണവും തിരികെ നല്‍കിയില്ലെന്ന കുറിപ്പ് എഴുതിവച്ചശേഷമാണ് രജനി ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെ അയല്‍വാസിയായ കുഞ്ഞുമോന്റെ ഇടയിലേവീട്ടില്‍ സ്റ്റോഴ്സിന് മുന്നിലാണ് രജനി കുപ്പിയില്‍ മണ്ണെണ്ണയുമായെത്തി ശരീരത്തിലൊഴിച്ച തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ നാട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചു. 80 ശതമാനത്തിലധികം പൊള്ളലുള്ളതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. അവിടെ നിന്നും കളമശേരിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും രക്ഷിക്കാനായില്ല.
അയല്‍വാസിയായ കുഞ്ഞമോന്റെ സഹോദരിയുടെ മരുമകന് പെരിങ്ങാല സ്വദേശി സജീവ് രജനിയില്നിന്നു മൂന്നു ലക്ഷം രൂപയും 35 പവന് സ്വര്‍ണവും വായ്പ വാങ്ങിയിരുന്നു. വാങ്ങിയത് തിരിച്ചുതരാത്തതില് മനം നൊന്താണ് ജീവനൊടുക്കുന്നതെന്ന് രജനി കത്തെഴുതി വച്ചിരുന്നു.വീടിന്റെ ഭിത്തിയില്‍ കൊടുക്കാനുള്ള പണത്തിന്റെ കണക്കും പെന്‍സില്‍ കൊണ്ട് എഴുതിയിരുന്നു.
പല തവണ ചോദിച്ചിട്ടും പണവും സ്വര്‍ണവും തിരികെ നല്‍കാത്തതിന്റെ മനോവിഷമത്തിലായിരുന്നു രജനി എന്നും പറയുന്നു.രജനിയുടെ ആത്മഹത്യാശ്രമത്തിന് പിന്നാലെ കുഞ്ഞുമോനെയും വീട്ടുകാരെയും ആറന്മുള പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കാര്യങ്ങള്‍ അനേ്വഷിച്ചിരുന്നു. സജീവ് നാട്ടിലില്ല എന്നാണറിയുന്നത്.
ആറന്മുള പോലീസ് മേല്‍നടപടി സ്വീകരിച്ചു.