KeralaNEWS

റേഷൻ വിതരണവും മസ്റ്ററിങും അവതാളത്തിൽ: രോഷാകുലായ ജനങ്ങൾ പലയിടത്തും വാഗ്വാദത്തിൽ

      സെർവർ തകരാർ കാരണം ദിവസങ്ങളായി റേഷൻ വിതരണവും ഇന്നലെ (വെള്ളി) മുതൽ നടക്കേണ്ട മസ്റ്ററിങും തടസപ്പെട്ടതോടെ ജനങ്ങൾ കടുത്ത പ്രതിഷേധത്തിൽ. വെള്ളിയാഴ്ച രാവിലെ മുതൽ മസ്റ്ററിങ് നടത്താൻ ആളുകൾ റേഷൻ കടയിലെത്തിയിരുന്നു. എന്നാൽ സെർവർ തകരാർ കാരണം സംസ്ഥാനത്ത് ഒരിടത്തും മസ്റ്ററിങ് നടത്താൻ സാധിച്ചില്ല. മൂന്ന് ദിവസങ്ങളിലായി റേഷൻ വിതരണം പൂർണമായും ഒഴിവാക്കി രാവിലെ മുതല്‍ വൈകുന്നേരം വരെ മസ്റ്ററിങ് നടത്താനാണ് തീരുമാനിച്ചിരുന്നത്.

സാധാരണക്കാരും കൂലിപ്പണിക്കാരുമായ അംഗങ്ങൾ കുടുംബസമേതം മസ്റ്ററിങ് നടത്താൻ എത്തിയപ്പോഴാണ് സെർവർ തകരാറിലായ വിവരം അറിയുന്നത്. എട്ട് മണിക്കാണ് റേഷൻ കട തുറക്കേണ്ട സമയം. എന്നാൽ അതിനു മുമ്പ് തന്നെ പലയിടത്തും ആളുകൾ റേഷൻ കടയ്ക്ക് മുന്നിലെത്തി ക്യൂവിൽ നിൽക്കുകയായിരുന്നു.

Signature-ad

ഇ-പോസ് മെഷീൻ വഴി റേഷൻ വിതരണം ചെയ്യാൻ തുടങ്ങിയത് മുതൽ ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. റേഷൻ കട ഉടമകളും ഇതു മൂലം ബുദ്ധിമുട്ടുന്നുണ്ട്. സെർവർ തകരാർ ശാശ്വതമായി പരിഹരിക്കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലത്രേ. മസ്റ്ററിങിന് എത്തുന്ന പലരും രോഷം പ്രകടിപ്പിക്കുന്നത് റേഷൻ കട ഉടമകളോടാണ്.

അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ് – AAY), മുൻഗണന വിഭാഗം അല്ലെങ്കിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (പിങ്ക് കാർഡ് – PHH) റേഷന്‍ കാര്‍ഡുകളില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ളവരാണ് മസ്റ്ററിങ്‌ നടത്തേണ്ടത്. എന്നാൽ വിവരങ്ങൾ അറിയാതെ മറ്റ് കാർഡുകളിൽ പെട്ടവരും റേഷൻ കടയിൽ എത്തിയിരുന്നു. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുമെന്നാണ് ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ പറയുന്നത്. അടുത്ത ദിവസവും ഇതേ രീതിയിലാണ് സ്ഥിതിയെങ്കിൽ കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങാൻ വിവിധ രാഷ്ട്രീയ പാർട്ടികളും തീരുമാനിച്ചിട്ടുണ്ട്. റേഷൻ കാർഡിൽ ഉൾപെട്ട എല്ലാവരും മസ്റ്ററിങിന് എത്തണമെന്നാണ് നിർദേശം. മാര്‍ച്ച് 31 നകം മസ്റ്ററിങ്‌ പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സര്‍ക്കാരിൻ്റെ കര്‍ശന നിര്‍ദ്ദേശം.

Back to top button
error: