ആന്റോ ആന്റണി നടത്തിയ പ്രസ്താവന അപലപനീയവും രാജ്യദ്രോഹവുമാണെന്ന് ബിജെപി ദേശീയ സെക്രട്ടറിയും പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ അനില്‍ ആന്റണി പറഞ്ഞു.
രാജ്യത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രസ്താവനകളിലെ ഒടുവിലത്തെ ഉദാഹരണമാണ് 15 വര്‍ഷം പാര്‍ലമെന്റ് അംഗമായിരുന്ന ആന്റോ ആന്റണി നടത്തിയ പ്രസ്താവനയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസ്താവന തിരുത്തിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അനിൽ പറഞ്ഞു.
നേരത്തെ പുല്‍വാമ ഭീകരാക്രമണം സർക്കാർ സൃഷ്ടിയാണെന്നും തിരഞ്ഞെടുപ്പില്‍ വിജയിക്കാനായി 42 ജവാന്മാരെ ബിജെപി ബലികൊടുത്തുവെന്നും സ്ഫോടകവസ്തു ശേഖരം പുല്‍വാമയിലെത്തിയത് സർക്കാരിന്റെ അറിവോടെയാണെന്നും ആന്റോ ആന്റണി വാർത്താസമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു.
പുല്‍വാമയില്‍ പാകിസ്താന് പങ്കില്ല. സ്ഫോടനം നടന്നത് ഇന്ത്യയുടെ അതിർത്തിക്കുള്ളിലാണ്. അന്ന് 42 ജവാൻമാരെ ഹെലികോപ്റ്ററില്‍ എത്തിച്ചില്ല, പകരം റോഡ് മാർഗമാണ് കൊണ്ടുപോയത്. സ്ഫോടനം കൃത്രിമമായി സൃഷ്ടിച്ചതാണ്. ഇതെല്ലാം അന്നത്തെ ഗവർണർ സത്യപാല്‍ മാലിക് പറഞ്ഞിരുന്നുവെന്നും ആന്റോ ആന്റണി പറഞ്ഞു.