KeralaNEWS

എഐസിസി വക്താവിനെ കെപിസിസി അധ്യക്ഷനായ സുധാകരന് അറിയില്ലേ; തന്റെ ചിത്രം പങ്കു വച്ച് ഷമ മുഹമ്മദ്

കണ്ണൂർ: ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്നുള്ള കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ വാക്കുകള്‍ ചര്‍ച്ചയാകുന്നതിനിടെ തന്‍റെ ഐഡി പങ്കുവെച്ച്‌ എഐസിസി വക്താവുകൂടിയായ ഷമ മുഹമ്മദ്.

ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ വക്താക്കളുടെ പട്ടികയിലെ തന്‍റെ ചിത്രം സഹിതമുള്ള വിവരണമാണ് ഷമാ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. എഐസിസി വക്താവിനെ കെപിസിസി അധ്യക്ഷനായ സുധാകരന് അറിയില്ലേ എന്നാണ് ചോദ്യം.

കോണ്‍ഗ്രസ് പട്ടികയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്ന എഐസിസി വക്താവ് ഷമയുടെ വിമർശനത്തിനെതിരെയാണ് നേരത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത് വന്നത്. ഷമാ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്ന് കെ സുധാകരൻ പറഞ്ഞു. വിമർശനമൊക്കെ അവരോട് ചോദിച്ചാല്‍ മതി. അവരൊന്നും പാർട്ടിയുടെ ആരുമല്ലെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറയുകയായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ ഷമാ മുഹമ്മദ് രംഗത്ത് വന്നത് പാര്‍ട്ടിയെ ഞെട്ടിച്ചിരുന്നു.

Signature-ad

ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീപ്രാതിനിധ്യം കുറവായതിനെതിരെയാണ് ഷമ മുഹമ്മദ് അതൃപ്തി പ്രകടിപ്പിച്ചത്. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നില്ലെന്നത് പരാതി തന്നെയാണ്. ഇത് പാർട്ടി മനസ്സിലാക്കണമെന്നും ഷമ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി എപ്പോഴും സംസാരിക്കുന്നത് സ്ത്രീകള്‍ക്ക് വേണ്ടിയാണ്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചു. സംവരണ സീറ്റ് ഇല്ലായിരുന്നെങ്കില്‍ രമ്യാ ഹരിദാസിനെയും തഴഞ്ഞേനെയെന്നും ഷമ മുഹമ്മദ് വിമര്‍ശിച്ചു.

പാർട്ടി പരിപാടികളില്‍ സ്റ്റേജില്‍ പോലും സ്ത്രീകളെ ഇരുത്തുന്നില്ല. സ്ത്രീകള്‍ക്ക് എപ്പോഴും നല്‍കുന്നത് തോല്‍ക്കുന്ന സീറ്റാണ്. വടകരയില്‍ തന്നെ പരിഗണിക്കാമായിരുന്നുവെന്നും ഷമ പറഞ്ഞു. മലബാറിലും ന്യൂനപക്ഷ വിഭാഗത്തിലുള്ളവർ ഉണ്ടായിരുന്നു. വടകരയില്‍ ഷാഫിയെ കൊണ്ടുവന്നാല്‍ പാലക്കാട് പരിക്ക് പറ്റുമെന്നും ഷമ മുഹമ്മദ് പറഞ്ഞു.

Back to top button
error: