തൃക്കരിപ്പൂർ: മദ്യപിച്ചെത്തിയ യുവാവ് വീട്ടിലെ പാചകവാതക സിലിണ്ടർ തുറന്ന് തീകൊളുത്തി. കൊയോങ്കരയില്‍ താമസിച്ച് പഴയ തുണിത്തരങ്ങള്‍ ശേഖരിച്ച് വില്പന നടത്തുന്ന കർണാടക സ്വദേശി എം.കെ. ബാബുവാണ് വെള്ളിയാഴ്ച രാത്രി സ്വന്തം വീടിന് തീവച്ചത്.
തീപിടുത്തത്തിൽ വീട്ടിലെ വയറിംഗ് സംവിധാനവും അടുക്കളയും ഉൾപ്പെടെ കത്തിനശിച്ചു.സംഭവം നടക്കുമ്ബോള്‍ ഭാര്യ അംബികയും അഞ്ചു മക്കളും തൃക്കരിപ്പൂർ കൂലേരി ഗവ. സ്കൂളിലെ വാർഷികാഘോഷത്തില്‍ പങ്കെടുക്കാൻ പോയതായിരുന്നു.
പാചകവാതക സിലിണ്ടറിന്‍റെ ട്യൂബ് വലിച്ചൂരിയാണ് യുവാവ് തീകൊളുത്തിയത്. വീടിനകത്ത് തീയാളുന്നത് കണ്ട് നാട്ടുകാരാണ് അഗ്നിരക്ഷാ നിലയത്തിലും പോലീസിലും വിവരമറിയിച്ചത്. തൃക്കരിപ്പൂർ ഫയർ ഓഫീസർ കെ.എൻ. ശ്രീനാഥന്‍റെ നേതൃത്വത്തില്‍ സിലിണ്ടർ വീടിനു പുറത്തെത്തിച്ചതിനു ശേഷം തീയണക്കുകയായിരുന്നു. ചന്തേര എഎസ്‌ഐ കെ. സുരേശന്‍റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി.ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.