ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ സർവീസസിനെ സമനിലയിൽ തളച്ച് കേരളം. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ച മത്സരത്തിൽ പാടുപെട്ടാണ് കേരള ടീം രണ്ടാം ഗോൾ വഴങ്ങാതെ രക്ഷപ്പെട്ടത്.
നിലവിൽ അഞ്ച് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഗ്രൂപ്പ് എയിൽ എട്ട് പോയന്റുമായി കേരളം മൂന്നാം സ്ഥാനത്ത് തുടരുകയാണ്.
22-ാം മിനിറ്റിൽ സജീഷിന്റെ ഹെഡറിലൂടെ മുന്നിലെത്തിയ കേരളത്തിനെതിരേ ആദ്യ പകുതിയുടെ അധികസമയത്ത് സമിർ മുർമു നേടിയ ഗോളിൽ സർവീസസ് ഒപ്പമെത്തുകയായിരുന്നു. ക്വാർട്ടറിലെത്തിയതിനാൽ തന്നെ സമ്മർദമേതുമില്ലാതെയാണ് ഇരുടീമും പന്തുതട്ടി തുടങ്ങിയത്. മുൻ മത്സരങ്ങളിൽ നിന്ന് വിപരീതമായി കേരള താരങ്ങൾ പന്ത് കൈവശം വെച്ച് കളിക്കാനാരംഭിച്ചതോടെ മധ്യനിരയിൽ നിന്ന് മികച്ച നീക്കങ്ങൾ വന്നു.
വലതുവിങ്ങിൽ സഫ്നീദും മധ്യത്തിൽ ഗിഫ്റ്റി ഗ്രേഷ്യസും അർജുനും നന്നായി പന്തുതട്ടിയതോടെ മുന്നേറ്റത്തിൽ സജീഷിനും നരേഷിനും തുടർച്ചയായ പന്ത് ലഭിച്ചു. തുടർന്ന് 22-ാം മിനിറ്റിൽ കേരളം മുന്നിലെത്തി. അക്ബർ സിദ്ധിഖ് എടുത്ത ഒരു ഷോട്ട് കോർണറിൽ നിന്ന് അർജുൻ ബോക്സിലേക്ക് ഉയർത്തി നൽകിയ പന്തിൽ നിന്നായിരുന്നു കേരളത്തിന്റെ ആദ്യ ഗോളിന്റെ പിറവി. ഉയർന്നുവന്ന പന്ത് ഒരു കിടിലൻ ബുള്ളറ്റ് ഹെഡറിലൂടെ സജീഷ് വലയിലാക്കി.
എന്നാൽ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ സർവീസസ് ഒപ്പമെത്തി.