KeralaNEWS

രാത്രി കാട്ടാന ഓട്ടോറിക്ഷ  കുത്തിമറിച്ചിട്ടു, ഡ്രൈവറെ എറിഞ്ഞു കൊന്നു; ഒപ്പമുണ്ടായിരുന്ന 3 പേരുടെ നില അതീവ ഗുരുതരം

     മൂന്നാറിൽ യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ ഒറ്റയാൻ അടിച്ചുതകർത്തു. ആന തുമ്പിക്കയ്യിൽ ചുഴറ്റിയെടുത്ത് എറിഞ്ഞ ഓട്ടോ ഡ്രൈവർ മരിച്ചു. മൂന്നാർ കന്നിമല എസ്റ്റേറ്റിൽ ടോപ് ഡിവിഷനിൽ മണി എന്ന സുരേഷ് കുമാർ (46) ആണ് മരിച്ചത്. മൂന്നാർ പെരിയവര സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്. മണിക്കൊപ്പം ഉണ്ടായിരുന്ന 3 യാത്രക്കാർക്ക് ഗുരുതര പരുക്കേറ്റു.  ഇന്നലെ രാത്രി പത്തര മണിക്ക് കന്നിമല ടോപ് ഡിവിഷനിലെ തൊഴിലാളി ലയങ്ങൾക്കു സമീപമാണ് സംഭവം.

മൂന്നാറിൽ നിന്നു കന്നിമലയിലേക്ക് 6 യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ ഒറ്റയാന്റെ മുന്നിൽ പെടുകയായിരുന്നു. കാട്ടാന ഓട്ടോ കുത്തിമറിച്ചിട്ടപ്പോൾ ആനയുടെ കാലിലേക്കു തെറിച്ചുവീണ മണിയെ ആന തുമ്പിക്കയ്യിൽ എടുത്ത് എറിയുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ മണി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.

Signature-ad

കന്നിമല ടോപ് ഡിവിഷനിൽ എസക്കിരാജ് (40), ഭാര്യ റജീന (37), മകൾ കുട്ടി പ്രിയ (11) എന്നിവരാണ് പരുക്കേറ്റ് ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ കഴിയുന്നത്. നല്ലതണ്ണി ലിറ്റിൽ ഫ്ലവർ സ്കൂളിലെ വാർഷികാഘോഷത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു എസക്കിരാജും ഭാര്യയും മകളും. ഓട്ടോയിൽ ഉണ്ടായിരുന്ന മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പരുക്കേൽക്കാതെ ഓടി രക്ഷപ്പെട്ടു.

ഒറ്റയാൻ ഓട്ടോയ്ക്കു സമീപം നിലയുറപ്പിച്ചതിനാൽ പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ എത്തിക്കാൻ വൈകി. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മൂന്നാറിലെ ആശുപത്രിയിൽ ആളുകൾ പ്രതിഷേധിച്ചു. പൊലീസ് എത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. കഴിഞ്ഞ ജനുവരി 23-ന് ഗുണ്ടുമല എസ്റ്റേറ്റിൽ തമിഴ്നാട് സ്വദേശിയെ ചവിട്ടിക്കൊന്ന ആന തന്നെയാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.
മൂന്നാറിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ ആചരിക്കുമെന്ന് പ്രതിഷേധിച്ച നാട്ടുകാരിൽ ചിലർ അറിയിച്ചു.

Back to top button
error: