KeralaNEWS

ബിജെപിയെ തോൽപ്പിക്കണം; ഇൻഡ്യ മുന്നണി നേതാക്കളുടെ മത്സരം വയനാട്ടിലും !!

വയനാട്: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ സിപിഐഎം ശക്തികേന്ദ്രങ്ങള്‍ കടപുഴക്കിയത് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വമായിരുന്നു.

കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും അന്ന് ഇടതുപക്ഷത്തിനെതിരെ മത്സരിച്ചത് രാഹുല്‍ ഗാന്ധിയായിരുന്നു എന്ന് പറഞ്ഞാലും അതിശയോക്തിയാകില്ല. മോദിയെ പുറത്താക്കി രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനായിരുന്നു 2019ല്‍ കാസർകോട് മുതല്‍ തിരുവനന്തപുരം വരെ കേരളത്തിലെ ന്യൂനപക്ഷങ്ങളടക്കമുള്ള രാഷ്ട്രീയധാര ബഹുഭൂരിപക്ഷവും വോട്ടുചെയ്തത്.

Signature-ad

വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാർത്ഥിയായി എത്തിയതോടെ ന്യൂനപക്ഷ വോട്ടുകള്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ അതുവരെയില്ലാത്ത സ്വഭാവത്തില്‍ ഏകീകരിക്കപ്പെട്ടു. ഫലമോ,കേരളത്തില്‍ ആലപ്പുഴ ഒഴിച്ച്‌ 19 സീറ്റിലും ഇടതുപക്ഷം പരാജയം ഏറ്റുവാങ്ങി.എന്നാൽ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാണ്.രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞാൽ കോൺഗ്രസുകാർ പോലും വിശ്വസിക്കില്ല.രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ നിന്ന് മത്സരിക്കാനെത്തിയാല്‍ അത് കേരളത്തിലെ ഇടതുപക്ഷത്തിൻ്റെ സാധ്യതകളെ 2019ലേത് പോലെ ബാധിക്കുമെന്നും ആരും കരുതുന്നുണ്ടാകില്ല.

സിപിഐ വയനാട്ടിലേയ്ക്ക് ആനി രാജയെ നിശ്ചയിക്കുമ്ബോള്‍ വയനാട് സീറ്റ് വിജയിക്കുക എന്നതിലുപരി ലക്ഷ്യമിടുന്നത് രാഹുല്‍ ഗാന്ധിയെ മത്സരത്തില്‍ നിന്ന് തടയുക എന്നതു തന്നെയാണെന്ന് വ്യക്തം. ദേശീയ തലത്തില്‍ പ്രവർത്തിക്കുന്ന വനിത നേതാക്കളില്‍ സജീവമായ വ്യക്തിത്വമാണ് ആനി രാജ. കഴിഞ്ഞ കാലങ്ങളില്‍ ഡല്‍ഹി കേന്ദ്രീകരിച്ച്‌ നടന്ന ബിജെപിക്കെതിരായ രാഷ്ട്രീയ സമരങ്ങളില്‍ സാന്നിധ്യം കൊണ്ടും ഇടപെടല്‍ കൊണ്ടും ശ്രദ്ധേയയാണ് ആനി രാജ. സിപിഐഎമ്മിന് ബൃന്ദ കാരാട്ട് പോലെ തന്നെയാണ് സിപിഐക്ക് ആനി രാജ. അതിനാല്‍ തന്നെ വയനാട്ടില്‍ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദേശീയമുഖത്തെ സിപിഐ വയനാട്ടില്‍ അവതരിപ്പിക്കാൻ തീരുമാനിച്ചത് രാഹുല്‍ ഗാന്ധിക്ക് വച്ച ചെക്ക് തന്നെയാണ്.

രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ മത്സരിക്കുന്നത് സംബന്ധിച്ച്‌ കോണ്‍ഗ്രസിലും  ശക്തമായ ആശയക്കുഴപ്പമുണ്ട്. രാഹുല്‍ കേരളത്തില്‍ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നത് ഒരുപക്ഷെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമായിരിക്കും. കോണ്‍ഗ്രസും രാഹുലും മുന്നോട്ടുവയ്ക്കുന്ന ഇൻഡ്യ മുന്നണി എന്ന ആശയം തന്നെയാണ് രാഹുല്‍ വീണ്ടും വയനാട്ടില്‍ മത്സരിക്കണമോ എന്ന രണ്ടാം ചിന്തയുടെ പ്രധാനകാരണം. ബിജെപിക്കെതിരായ പോരാട്ടത്തില്‍ പ്രതിപക്ഷത്തെ ഒരുമിച്ച്‌ നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇൻഡ്യ മുന്നണി രൂപം കൊണ്ടിരിക്കുന്നത്. അതിനെ നയിക്കുന്നത് കോണ്‍ഗ്രസ് ആണെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിൻ്റെ സങ്കല്‍പ്പം. അതിനാല്‍ തന്നെ കോണ്‍ഗ്രസ് തുഴയുന്ന ഇൻഡ്യ മുന്നണിയെന്ന വഞ്ചിയിലെ അമരത്ത് തുഴയെറിയുന്നവരില്‍ പ്രധാനികളാണ് സിപിഐ.

ഇൻഡ്യ മുന്നണിയുടെ കോർ കമ്മിറ്റിയില്‍ സിപിഐഎമ്മില്ല. പക്ഷെ സിപിഐയുണ്ട്. രാഹുല്‍ ഗാന്ധിക്കൊപ്പം കോർകമ്മിറ്റിയില്‍ സീതാറാം യെച്ചൂരി ഇല്ലെങ്കിലും ഡി രാജയുണ്ട്. ഡി രാജ നയിക്കുന്ന പാർട്ടിയുടെ സ്ഥാനാർത്ഥിക്കെതിരെ ഇൻഡ്യ മുന്നണിയുടെ അപ്രഖ്യാപിത പ്രധാനമന്ത്രി സ്ഥാനാർത്ഥി മുഖമായ രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ ചോദ്യം ചെയ്യപ്പെടുക ഇൻഡ്യ മുന്നണിയുടെ രാഷ്ട്രീയവും ആശയപരവുമായി സത്യസന്ധതയും ധാർമ്മികതയുമാണ്. ഡി രാജയുടെ പങ്കാളിയാണ് ആനി രാജ എന്നത് മറ്റൊരു തലം കൂടി ആനി രാജയുടെ സ്ഥാനാർത്ഥിത്വത്തിന് നല്‍കുന്നുണ്ട്.

ആനി രാജയ്ക്കെതിരെ രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ ബിജെപി ഈ വിഷയത്തെ പ്രധാനപ്പെട്ട ഒരു തിരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റുമെന്നതില്‍ തർക്കമില്ല. ഇത്തരമൊരു രാഷ്ട്രീയ സാഹചര്യം ഈ തിരഞ്ഞെടുപ്പില്‍ ഉയർന്നുവരാൻ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും തയ്യാറാകുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

എന്തായാലും ആനി രാജയെ സ്ഥാനാർത്ഥി ചർച്ചയിലേയ്ക്ക് കൊണ്ടുവന്ന സിപിഐ നീക്കം വയനാടിനെ ദേശീയ മണ്ഡലമെന്ന നിലയില്‍ പരിഗണിച്ച കോണ്‍ഗ്രസിൻ്റെ വമ്ബൻ നീക്കത്തിന് അതേ നിലയിലുള്ള തിരിച്ചടിയാണ്. സിപിഐ ഈ നിലയില്‍ രാഹുലിൻ്റെ സ്ഥാനാർത്ഥിത്വത്തിന് ചെക്ക് വെച്ചത് തന്ത്രപരമായി ഒരു രാഷ്ട്രീയ നീക്കം കൂടിയാണ്. ഇനി രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാലും ആനി രാജയുടെ പേരില്‍ കോണ്‍ഗ്രസിന് മുകളില്‍ സിപിഐ സൃഷ്ടിച്ചിരിക്കുന്ന സമ്മർദ്ദം ഇൻഡ്യ മുന്നണിയെന്ന ആശയത്തിൻ്റെ രാഷ്ട്രീയ ധാർമ്മികതയെ രാജ്യവ്യാപകമായി ബാധിക്കുക തന്നെ ചെയ്യും.

Back to top button
error: