KeralaNEWS

രണ്ടു വയസുകാരിയെ കണ്ടെത്തിയത് ഡ്രോണ്‍ പരിശോധനയില്‍;പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം തയാറാക്കി പോലീസ്

തിരുവനന്തപുരം: കാണാതായ രണ്ട് വയസുകാരിയെ കണ്ടെത്തിയത് പോലീസിന്റെ ഡ്രോണ്‍ പരിശോധനയില്‍.

രാത്രി 7.20ന് ബ്രഹ്മോസിന് 1.25 കിലോമീറ്റര്‍ അകലെയുള്ള ഓടയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. 1.5 മീറ്റര്‍ ആഴമുള്ള ഓടയിലാണ് കുട്ടി കിടന്നിരുന്നത്. ഡ്രോണില്‍ പതിഞ്ഞ ദൃശ്യത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് മണ്ണന്തല പോലീസ് നേരിട്ടെത്തി പരിശോധിക്കുകയായിരുന്നു. ഓടയില്‍ വെള്ളമുണ്ടായിരുന്നില്ല. ഓടയ്ക്ക് സമീപം വലിയ ഉയരത്തില്‍ കാട് വളര്‍ന്നിട്ടുണ്ട്. അതുകൊണ്ട് കുട്ടി തനിച്ച്‌ അവിടെ വരെ നടന്ന് പോകില്ലെന്ന നിഗമനത്തില്‍ തന്നെയാണ് പോലീസ്.

Signature-ad

തട്ടികൊണ്ട് പോയതാരാണെന്ന കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. നിലവില്‍ കുട്ടി എസ്‌എടി ആശുപത്രിയിലാണ്. കുട്ടിയുടെ നില തൃപ്തികരമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഉപദ്രവമേറ്റതിന്റെ ലക്ഷണങ്ങള്‍ ഒന്നും കാണാനില്ല.

പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് തയാറാക്കിയിട്ടുണ്ട്. കുട്ടിയുടെ സഹോദരന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയത്.പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ വീണ്ടും പരിശോധിക്കുന്നുണ്ട്.

തലസ്ഥാന നഗരിയില്‍നിന്നു കാണാതായ കുട്ടിയുടെ മാതാപിതാക്കള്‍ തേൻ ശേഖരിച്ച്‌ ജീവിക്കുന്നവരാണ്. ബീഹാർ സമസ്തിപുർ സ്വദേശികളായ ഇവർ കേരളം, കർണാടകം, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ സഞ്ചരിച്ചാണ് തേൻ ശേഖരിക്കുന്നത്.

കഴിഞ്ഞ 20 വർഷമായി സീസണ്‍ ആകുമ്പോൾ ഇവർ തിരുവനന്തപുരത്ത് എത്തുന്നുണ്ട്. ആളൊഴിഞ്ഞ പറമ്പുകളിൽ ടെന്‍റുകെട്ടി താമസിക്കുന്ന കുടുംബം ഇവിടെനിന്നു തേൻ ശേഖരിച്ചു കഴിഞ്ഞാല്‍ അടുത്ത സ്ഥലത്തേക്ക് പോവുകയാണ് പതിവ്. ചാക്കയില്‍ റെയില്‍വേയുടെ പുറമ്പോക്ക്  ഭൂമിയിലാണ് ഇവർ താമസിച്ചിരുന്നത്.

Back to top button
error: