ളോഹയിട്ട ചിലരാണ് പുല്‍പ്പള്ളിയില്‍ സംഘർഷത്തിന് ആഹ്വാനം ചെയ്തതെന്നും ഇവരുടെ ആഹ്വാനത്തിനു ശേഷമാണ് പുല്‍പ്പള്ളിയില്‍ സംഘർഷം ഉണ്ടായതെന്നും ബി ജെ പി വയനാട് ജില്ലാ പ്രസിഡണ്ട് പറഞ്ഞു. പുല്‍പ്പള്ളി സംഘർഷത്തില്‍ നാട്ടുകാർക്കെതിരെ കേസെടുത്ത പൊലീസ്, സംഘർഷത്തിന് ആഹ്വാനം ചെയ്ത ളോഹയിട്ടവർക്കെതിരെ കേസെടുത്തിട്ടില്ലെന്നും മധു വിമർശിച്ചു. ഒരു വിഭാഗം ആളുകള്‍ക്കെതിരെ മാത്രമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നതെന്നും ബി ജെ പി ജില്ലാ അധ്യക്ഷൻ അഭിപ്രായപ്പെട്ടു.
അതേസമയം കഴിഞ്ഞ ദിവസം നടന്ന ഹർത്താലിനിടെയുണ്ടായ സംഘർഷങ്ങളില്‍ പൊലീസ് നടപടി തുടരുകയാണ്. പുല്‍പ്പള്ളിയിലുണ്ടായ സംഘർഷത്തില്‍ കേസെടുത്ത പൊലീസ് ഇന്നലെ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. പുല്‍പ്പള്ളിയില്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കുറിച്ചിപ്പറ്റ സ്വദേശി ഷിജു, പുല്‍പ്പള്ളി സ്വദേശി വാസു എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് നാല് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത പൊലീസ് നൂറോളം പേർക്കെതിരെ കേസും എടുത്തിട്ടുണ്ട്. കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് ആളുകളെ തിരിച്ചറിയുന്നത്.