
വയനാടൻ മലനിരകളിലേക്ക് തുറന്നിട്ട കണ്ണൂരിന്റെ ഒരു പ്രവേശന കവാടമാണ് പേരാവൂർ പഞ്ചായത്തിലെ ചെറുപട്ടണമായ തൊണ്ടി. തിരുനെല്ലിക്കുന്നുകളിൽ നിന്നുല്ഭവിച്ച് ദക്ഷിണകാശിയുടെ പുണ്യഭൂമിയെ തഴുകിയൊഴുകുന്ന ബാവലിപ്പുഴയുടെ ഓളങ്ങളിൽ തൊണ്ടിയുടെ കഥകളെത്തിക്കുന്നത് തൊണ്ടിപ്പുഴയാണ്.
അതീവ സുന്ദരിയായ തൊണ്ടി പട്ടണത്തിലൂടെ വളഞ്ഞ് നീളുന്ന റോഡ് കുടിയേറ്റ പ്രദേശങ്ങളായ കേളകം കണിച്ചാർ കൊട്ടിയൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. പേരാവൂർ പഞ്ചായത്തിലെ എണ്ണം പറഞ്ഞ രണ്ട് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലനില്ക്കുന്ന ഒരു പ്രദേശമാണ് കുടിയേറ്റമേഖലയായ തൊണ്ടി. വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ സ്വദേശം കൂടിയായ തൊണ്ടിയിൽ നിരവധി കായിക പരിശീലന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. എന്നാൽ പേരാവൂർ പഞ്ചായത്തിന്റെ വളർച്ചയിൽ കൈപിടിച്ച് കൂടെ നടക്കുന്ന തൊണ്ടി പട്ടണം പതിറ്റാണ്ടുകളായി അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പ് മുട്ടുകയാണ്.
ദിനംപ്രതി ആയിരത്തോളം വിദ്യാർത്ഥികളും നൂറ് കണക്കിന് നാട്ടുകാരും യാത്ര ചെയ്യുന്ന തൊണ്ടി പട്ടണത്തിൽ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ല എന്നതാണ് അതിന്റെ പരാധീനതകളുടെ പട്ടികയിൽ ഒന്നാമതായി നില്ക്കുന്നത്. മറ്റൊരു ദുരിതം കാൽനടയാത്രക്കാരുമായി ബന്ധപ്പെട്ടതാണ്; പ്രത്യേകിച്ച് സ്കൂൾ വിദ്യാർത്ഥികളുടെത്. ‘റ’ ആകൃതിയിലുള്ള റോഡിലൂടെ ഇടതടവില്ലാതെ ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾ, പതിയിരിക്കുന്ന ഏതോ അപകടത്തിന്റെ സൈറൺ മുഴക്കിക്കൊണ്ടേയിരിക്കുന്നു എന്നതാണ് സത്യം. സ്കൂൾ പരിസരമാണ്, വാഹനങ്ങൾ വേഗത കുറക്കുക എന്ന് സൂചിപ്പിക്കുന്ന ഒരു മുന്നറിയിപ്പ് ബോർഡ് പോലും പരിസരത്തെവിടെയും കാണാൻ കഴിയില്ല. വാഹനങ്ങളുടെ വേഗത കുറക്കാനുള്ള സ്പീഡ് ബ്രേക്കർ ഒരിടത്തും സ്ഥാപിച്ചിട്ടുമില്ല.
തൊണ്ടിക്കാരുടെ മറ്റൊരു പ്രധാന ആവശ്യം ഒരു പൊതു ശൗചാലയമാണ്. സ്ത്രീയാത്രക്കാർ ഉൾപ്പെടെ നിരവധി പേർ പല ആവശ്യങ്ങൾക്കായി ആശ്രയിക്കുന്ന തൊണ്ടിയിൽ ഒരു ശൗചാലയ സൗകര്യമില്ലാത്തത് നമ്മുടെ സാമൂഹിക ആരോഗ്യ ബോധത്തെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു. ബന്ധപ്പെട്ട അധികാരികളെ ഓർമ്മിപ്പിക്കാനും അവരോട് പറയാനും മാത്രമേ ഒരു സാധാരണക്കാന് കഴിയുകയുള്ളൂ എന്ന തിരിച്ചറിവിൽ നിന്നുകൊണ്ടാണ് ഇതെഴുതുന്നത്. ഫലം നല്ലതാവട്ടെ എന്ന് മാത്രം പ്രത്യാശിക്കാം.
സുജിത്ത് പേരാവൂർ






